സര്‍ക്കാരിന്റെ തെരുവുനായ നിയന്ത്രണം പാളി
മലപ്പുറം: തെരുവുനായകളുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ പഞ്ചായത്ത് തലത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പാളി. തെരുവുനായ്ക്കളുടെ പിടികൂടുന്നതിന് പട്ടിപിടിത്തക്കാരെ ഏര്‍പ്പെടുത്തുന്നതടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിജയം കണ്ടില്ല.
സംസ്ഥാനത്താകെ 56 പട്ടിപ്പിടുത്തക്കാരെ മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളത്. ആകെയുള്ള 941 പഞ്ചായത്തുകളില്‍ മൃഗങ്ങളുടെ ജനന നിയന്ത്രണത്തിനായി പ്രൊജക്ട് വെച്ച 830 പഞ്ചായത്തുകളാണ് ഇത്രയും പേരെ നിയമിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല. മലപ്പുറം, കോട്ടയം ജില്ലകളില്‍ ഒരാളെ മാത്രാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒമ്പതു പേരെയും നിയമിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും രണ്ട് പേര്‍ വീതമുണ്ട്. ഇടുക്കിയില്‍ അഞ്ച് പേരും തൃശൂരില്‍ മൂന്ന് പേരും പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ എട്ട് പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാല് പേരെ വീതവും പട്ടികളെ പിടിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും 111 പഞ്ചായത്തുകള്‍ ഇതിനായി പ്രൊജക്ട് വെച്ചിട്ടില്ല. തെരുവുനായ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയെങ്കിലും പലയിടത്തും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം ഗ്രാമപഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിച്ചത് 467 പഞ്ചായത്തുകള്‍ മാത്രമാണ്
. തെരുവുനായകളെ പിടിച്ച് വന്ധ്യംകരണത്തിനുവേണ്ടിയും കുത്തിവെപ്പെടുക്കുവാനും ബ്ലോക്ക് തലങ്ങളിലുള്ള ഷെല്‍റ്ററുകളിലേക്ക് എത്തിക്കണമെന്നായിരുന്നു നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ മിക്ക ബ്ലോക്ക് പഞ്ചായത്തുകളിലും ഇതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതുവരെയായി ഷെല്‍ട്ടറുകളില്‍ എത്തിച്ചിട്ടുള്ളത് 3364 തെരുവുനായ്ക്കളെയാണ്.
തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു നായയെപ്പോലും ഷെല്‍ട്ടറുകളിലെത്തിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൃഗക്ഷേമ സംഘടകള്‍ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയായി രജിസ്റ്റര്‍ ചെയ്തത് ആറു സംഘടനകള്‍ മാത്രമാണ്. റോഡുകളുടെ വശങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചത് 898 പഞ്ചായത്തുകളാണ്. 84 പഞ്ചായത്തുകള്‍ ഇത്തരത്തില്‍ മാലിന്യം നിക്ഷേപിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുമുണ്ട്. 2012ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് ആകെയുള്ളത് 299686 തെരുവുനായ്ക്കളാണ്. ഇവയില്‍ നിന്നും 229 സ്ത്രീകളും 175 കുട്ടികളുമുള്‍പ്പടെ 701പേര്‍ക്കാണ് കടിയേറ്റിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."