പന്നിയങ്കര മേല്‍പ്പാലം ഗതാഗതത്തിനായി ഉടന്‍ തുറക്കും
ഉദ്ഘാടനം ജനുവരി ആദ്യവാരം
കോഴിക്കോട്: പന്നിയങ്കര മേല്‍പ്പാലം അടുത്തയാഴ്ചയോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ജനുവരി ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലൂടെയുള്ള സര്‍വിസ് റോഡുകളുടെ നിര്‍മാണത്തിനായാണ് ഗതാഗതം മേല്‍പ്പാലത്തിലൂടെയാക്കുന്നത്. റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഉടന്‍ തന്നെ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മേല്‍പ്പാലം സന്ദര്‍ശിക്കാനെത്തിയ ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
മേല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ ഏറെക്കാലമായുള്ള പ്രദേശത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാകും. നിലവില്‍ സര്‍വിസ് റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ദിവസേന ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. കല്ലായി റോഡില്‍ 500 മീറ്ററും റെയില്‍പ്പാതയ്ക്ക് കുറുകെ പയ്യാനക്കല്‍ ഭാഗത്ത് 300 മീറ്ററിലുമാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ശരിയായ രൂപരേഖ ഇംഗ്ലീഷ് അക്ഷരമാലയിലെ 'ടി' ആകൃതിയിലാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. മോണോ റെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി അവര്‍ ഏറ്റെടുത്തത്.
എന്നാല്‍ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയായിരുന്നു. 1991 മുതല്‍ കോഴിക്കോട് കോര്‍പറേഷനും പന്നിയങ്കര വികസനസമിതിയും രാഷ്ട്രീയ കക്ഷികളും ഈ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിരുന്നു.
റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പ്പാലം. തുടക്കത്തില്‍ മരാമത്തുവകുപ്പ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' ആകൃതിയിലാണ് മേല്‍പ്പാലം രൂപകല്‍പന ചെയ്തത്. പിന്നീടാണ് ഇതില്‍ മാറ്റം വരുത്തിയത്. ഡി.എം.ആര്‍.സി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ. ഗോപാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യു. വേണുഗോപാല്‍, കെ. മൊയ്തീന്‍കോയ, പി.വി അവറാന്‍, എസ്.കെ അബൂബക്കര്‍, ഫൈസല്‍ പള്ളിക്കണ്ടി എന്നിവരും എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."