മാലി മുളകിനു വിലയും വിപണിയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍
രാജാക്കാട്: സീസണ്‍ ആരംഭിച്ചതോടെ മാലി മുളകിന്റെ വില കുറയുകയും വിപണിയില്ലാതാകുകയും ചെയ്തത് ആദിവാസിക്കുടികളിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്നു മുളകുചെടികള്‍ സംരക്ഷിക്കുകയും വേനല്‍ക്കാലത്തു തലച്ചുമടായി വെള്ളം കൊണ്ടുപോയി നനയ്ക്കുകയും ചെയ്ത ശാന്തമ്പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആദിവാസി കര്‍ഷകരാണു ദുരിതത്തിലായത്.
കഴിഞ്ഞ സീസണില്‍ ന്യായമായ വില ലഭിച്ചതിനാലാണു കര്‍ഷകര്‍ വ്യാപകമായി മാലിമുളക് കൃഷി ചെയ്തത്. നിലവില്‍ 40 രൂപയാണു മാലി മുളകിനു വില. വില കുറഞ്ഞതോടെ കടകളില്‍ മാലി മുളക് എടുക്കാറില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കാട്ടാനശല്യം മൂലം ഏലവും കുരുമുളകുമുള്‍പ്പെടെയുള്ള കൃഷികള്‍ ഉപേക്ഷിക്കുകയും മാലി മുളകു കൃഷി ആരംഭിക്കുകയും ചെയ്ത സിങ്കുകണ്ടം, ബിഎല്‍ റാം, നൂറ്റിയെട്ട് കോളനി, ആടിവുളന്താന്‍കുടി, കോഴിപ്പനക്കുടി എന്നിവിടങ്ങളിലെ ആദിവാസി കര്‍ഷകര്‍ തങ്ങളുടെ അധ്വാനം വെറുതെയായതിന്റെ വിഷമത്തിലാണിപ്പോള്‍.
ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ ആനയിറങ്കല്‍ ജലാശയത്തില്‍ നിന്നുള്‍പ്പെടെ വെള്ളം തലച്ചുമടായി എത്തിച്ചാണു കര്‍ഷകര്‍ നനയൊരുക്കിയത്. രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെയായിരുന്നു ആദിവാസികളുടെ കൃഷി. കുടികളില്‍ വിളയുന്ന മുളകിന് വില അല്‍പം കൂടുതല്‍ ലഭിച്ചിരുന്നതാണ്. എന്നാല്‍ ഈ വര്‍ഷം ഉള്ള വില പോലും ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. കോഴിപ്പനക്കുടിയിലെ മാതൃകാ കര്‍ഷകനായ കണ്ണന്‍ വിളവെടുത്ത മുളകുമായി ആനത്താരകളിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പൂപ്പാറയില്‍ എത്തിയപ്പോഴാണു മുളകു വാങ്ങുന്നതു നിര്‍ത്തിവച്ചിരിക്കുകയാണെന്നു കച്ചവടക്കാര്‍ പറയുന്നത്.
പഴുക്കാത്തതിനാല്‍ വിത്തിനു പോലും ഇനി ഈ മുളക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞതോടെ കണ്ണന്‍ തുടര്‍ന്നുള്ള വിളവെടുപ്പ് അവസാനിപ്പിച്ചു.
പഴുത്ത് പാകമായ മുളക് വിളവെടുക്കാതെ കിടക്കുകയാണു കണ്ണന്റെ ഒരേക്കറോളം ഭൂമിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."