കുടിവെള്ള പദ്ധതി വന്നിട്ടും ആലക്കോട് കുടിവെള്ളമില്ല
ആലക്കോട്: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ആലക്കോട് കുടിവെള്ള പദ്ധതി ഒരു വര്‍ഷം മുമ്പുകമ്മിഷന്‍ ചെയ്തിട്ടും ആലക്കോട് പഞ്ചായത്ത് ഉള്‍പ്പെടെ പല പഞ്ചായത്തുമേഖലകളിലും കുടിവെള്ളമെത്തിയിട്ടില്ല. കടുത്ത വേനലിലേക്ക് കടക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് പദ്ധതി. പഞ്ചായത്തുകളിലുടെ വിവിധ മേഖലകളില്‍ ഇപ്പോഴും കുടിവെള്ളം എത്തിക്കാനുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മന്ത്രി പി.ജെ. ജോസഫ് താല്പര്യമെടുത്തു കൊണ്ടു വന്ന പ്രോജക്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന ആരോപണം ശക്തമായി കഴിഞ്ഞു.
പദ്ധതി പൂര്‍ത്തികരിക്കേണ്ട ഉദ്യോഗസ്ഥരെയും പമ്പ് ഓപ്പറേറ്റ് ചെയ്തു വന്നിരുന്ന ജീവനക്കാരെയും സ്ഥലം മാറ്റി പദ്ധതിയെ തടസപ്പെടുത്തിരിക്കുകയാണ്. ആലക്കോട് പഞ്ചായത്തില്‍ സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളിലൊന്നും പൈപ്പ് വെള്ളം എത്തിയിട്ടില്ല. ഇതിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്. കലയന്താനിയിലെ കുണ്ടംകാന, എംബ്രയില്‍ കോളനികളിലെ പാവപ്പെട്ടവരെ തികച്ചും നിരാശരാക്കിയിരിക്കുകയാണ്. കൊച്ചുമറ്റം കവല മുതല്‍ അഞ്ചിരി കവല വരെയുള്ള സാധാരണക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതിയായിരുന്നു ഇത്.
ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകള്‍ക്കുവേണ്ടി നിലവില്‍വന്ന കുടിവെള്ള പദ്ധതിയാണിത്. 57 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ആലക്കോട് കുടിവെള്ള പദ്ധതി മന്ത്രി പി.ജെ.ജോസഫാണ് നാടിനു സമര്‍പ്പിച്ചത്. എല്‍ഐസി സഹായത്തോടെയുള്ള കേന്ദ്രപദ്ധതിയായാണ് 2000 ല്‍ തുടങ്ങിയത്. പിന്നീട് എല്‍ഐസിയുടെ സഹായം നിലയ്ക്കുകയും പദ്ധതി 2003 ല്‍ നിന്നുപോകുകയുമായിരുന്നു. തുടര്‍ന്ന് 2010 ല്‍ നബാര്‍ഡിന്റെ സഹായത്തോടെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചു. ലോറേഞ്ചില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന അഞ്ചു വില്ലേജുകളില്‍ ഇതോടെ കുടിവെള്ളം എത്തും. ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം എന്നീ വില്ലേജുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കും.
വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ വെള്ളം കൊണ്ടുവന്നിരുന്നത്. വണ്ണപ്പുറം, ഇഞ്ചിയാനി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കാന്‍ ഇടയാകും.
മലങ്കര ജലാശയത്തില്‍ കോളപ്ര ഭാഗത്തു സ്ഥാപിച്ച കിണറ്റില്‍നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം എടുക്കുന്നത്. വിവിധ ഇടങ്ങളിലായി എട്ടു ടാങ്കുകള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തലയനാട് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദിവസവും 140 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി 210 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകളാണ് ഇട്ടിട്ടുള്ളത്.തലയനാട്ടുനിന്ന് ശുദ്ധീകരിച്ചെത്തുന്ന വെള്ളം ഉയര്‍ന്ന ഗ്രാവിറ്റിയില്‍ ഇഞ്ചിയാനിയിലെ ടാങ്കില്‍ ശേഖരിക്കും. ആലക്കോട് പഞ്ചായത്തിലും പരിസരങ്ങളിലും ഇവിടെനിന്നാണ് വെള്ളം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."