ബി.ജെ.പി ദേശീയ ഉപാധ്യക്ഷസ്ഥാനം; വി. മുരളീധരന് പാരയുമായി ആര്‍.എസ്.എസ്
തിരുവനന്തപുരം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെതിരേ ആര്‍.എസ്.എസ് രംഗത്ത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ്, മുരളീധരന്‍ ദേശീയ ഭാരവാഹിത്വത്തിലെത്തുന്നതു തടയാനാണ് ശ്രമിക്കുന്നത്. ഇതിനായി കേന്ദ്രനേതൃത്വത്തിലും സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കു മുരളീധരനെ പരിഗണിക്കുന്നത് ഏതുവിധേനയും തടയാനാണു നീക്കം.
ഇതിനു സംസ്ഥാന അധ്യക്ഷന്റെ പിന്തുണയുള്ളതായും അറിയുന്നു. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്മാരായിരുന്ന വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരെയാണ് കേരളത്തില്‍നിന്നു ദേശീയ ഭാരവാഹിത്വത്തിലേക്കു പരിഗണിക്കുന്നത്.
ഇതില്‍ മുരളീധരനാണ് മുന്‍തൂക്കം. ആര്‍.എസ്.എസിനു പ്രകടമായ എതിര്‍പ്പുണ്ടെങ്കിലും ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച പി.കെ കൃഷ്ണദാസിനെ തല്‍ക്കാലം ഒഴിവാക്കി വി. മുരളീധരനെ ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരാന്‍തന്നെയാണ് കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നത്. ഇതിനെതിരേയാണ് ആര്‍.എസ്.എസിന്റെ നീക്കം.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കേ തങ്ങളുമായി മുരളീധരന്‍ നിരന്തരം ഏറ്റുമുട്ടിയിരുന്ന കാര്യം ഉയര്‍ത്തിക്കാട്ടി കേന്ദ്രനേതൃത്വത്തെ പിന്തിരിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ മുരളീധരനെ എതിര്‍ക്കുന്നവരുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. ആര്‍.എസ്.എസിന്റെ നോമിനിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ മറികടന്നു മുരളീധരന്‍ കേന്ദ്രനേതൃത്വത്തില്‍ സ്വാധീനമുറപ്പിക്കുന്നതില്‍ ആര്‍എസ്.എസിനു താല്‍പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."