കലാധ്യാപക നിയമനത്തിലെ അവഗണന നാടക,നൃത്ത കലാകാരന്‍മാര്‍ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാധ്യാപകരെ നിയമിക്കാനുള്ള തീരുമാനത്തില്‍ തങ്ങളെ പൂര്‍ണമായും അവഗണിച്ച സര്‍ക്കാര്‍ നിലപാടിനെതിരേ നാടക,നൃത്ത കലാകാരന്‍മാര്‍ സമരത്തിലേക്ക്.
തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലും കലാമണ്ഡലത്തിലും തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും പഠിക്കുന്നവരും പഠനം പൂര്‍ത്തിയാക്കിയവരുമായ ആയിരക്കണക്കിന് കലാകാരന്‍മാരാണ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ സ്‌പെഷലിസ്റ്റ് വിഭാഗത്തില്‍ 2500 അധ്യാപകരെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംഗീത, ചിത്ര കലാകാരന്‍മാരെയും ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജുകളില്‍ നിന്ന് യോഗ്യത നേടിയവരെയും തയ്യല്‍ ക്രാഫ്റ്റ് യോഗ്യതയുള്ളവരെയുമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ പ്രസ്തുത നിയമനത്തില്‍ നിന്നും നാടക, നൃത്ത യോഗ്യതയുള്ളവരെ പൂര്‍ണമായും അവഗണിച്ചതാണ് കലാ വിദ്യാര്‍ഥി കൂട്ടായ്മ ഉള്‍പ്പെടെയുള്ള ഈ രംഗത്തെ സംഘടനകളെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്.
നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ സര്‍ക്കാര്‍ നിലപാടിനെതിരേ പ്രത്യക്ഷ പരാമര്‍ശങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അന്നത്തെ ഇടത് എം.എല്‍.എമാര്‍ ഇപ്പോള്‍ തങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയിലും ഇവര്‍ക്ക് പ്രതിഷേധമുണ്ട്.
മുകേഷ്, പുരുഷന്‍ കടലുണ്ടി തുടങ്ങിയ കലാരംഗത്തു നിന്നുള്ള എം.എല്‍.എമാരുടെ അവഗണനക്കെതിരേയും സോഷ്യല്‍മീഡിയയില്‍ പരാമര്‍ശമുണ്ട്. കല ഐഛിക വിഷയമായെടുത്ത് ബിരുദവും ബിരുദാനന്തര ബിരുദവുമായി അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ആര്‍ട്‌സ്‌കോളജുകളില്‍ നിന്നും പുറത്തിറങ്ങുന്നത്.
നിലവിലെ സിലബസ് പ്രകരാരം ഒരു മണിക്കൂര്‍ കലാപഠനത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കിലും ഇവരെ സര്‍ക്കാര്‍ മേഖലയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ മാറിമറിവരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയാണ്.
1988ലാണ് ഇതിനു മുന്‍പ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കലാധ്യാപകരുടെ സ്ഥിരനിയമനം നടന്നത്. പുതിയ സര്‍ക്കാര്‍ വരുന്നതിനായി പാട്ടുപാടിയും നാടകം കളിച്ചും തെരുവില്‍ പ്രധാന പങ്കുവഹിച്ച തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായ അവഗണന സങ്കടകരമാണെന്ന് നാടക നൃത്ത കലാകാരന്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."