ബന്ധു നിയമനങ്ങള്‍ വിവാദമായതിനു പിറകേ രാഷ്ട്രീയ നിയമനങ്ങളും വിവാദത്തിലേക്ക്
സര്‍ക്കാരിന് വീണ്ടും തലവേദന
പാലക്കാട്: ബന്ധുനിയമന വിവാദത്തില്‍നിന്നു തലയൂരാന്‍ പാടുപെടുന്ന സര്‍ക്കാരിനു രാഷ്ട്രീയ നിയമനങ്ങളും തലവേദനയാകുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി, വിക്ടേഴ്‌സ് ചാനല്‍ ഹെഡ് എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തേക്കു സാധാരണയായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ളവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാറാണുള്ളത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ചലച്ചിത്ര അക്കാദമിയില്‍ സെക്രട്ടറിയായി നിയമിതനായിരിക്കുന്നത് കൈരളി ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന മഹേഷ് പഞ്ചുവാണ്. നിലവില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി പകരം നിയമനം നല്‍കാത്തതിനാല്‍ പി.ആര്‍.ഡിയില്‍ ഡെപ്യൂട്ടി ഡയറക്ടറായ രാജ്‌മോഹന്‍ മാസങ്ങളായി സര്‍വിസിനു പുറത്തുനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത മഹേഷ് പഞ്ചുവിനെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. രാജ്‌മോഹനു പകരം ചുമതലനല്‍കാന്‍ വേക്കന്‍സിയില്ലെന്നതാണ് സര്‍ക്കാരിന്റെ വാദമെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിലെ ചാനല്‍ഹെഡ് നിയമനവും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് പരാതി. സബ്ജക്ട് എക്‌സ്‌പെര്‍ട്ട് ആണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. ഈ തസ്തികയിലേക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കില്‍ അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റാങ്കിലുള്ളയാളെയാണ് പരിഗണിച്ചിരുന്നത്.
എന്നാല്‍, കവിയും അധ്യാപകനുമായ മുരുകന്‍ കാട്ടാക്കടയെയാണ് ഈ തസ്തികയിലേക്ക് സര്‍ക്കാര്‍ നിയമിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ സര്‍വിസില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരുന്നവര്‍ വിരമിച്ച ശേഷമോ രാജിവച്ചോ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്ത് ജോലിക്കെത്തുന്നതും പുതിയ വിവാദത്തിനു വഴിതെളിയിക്കുന്നുണ്ട്.
മന്ത്രി എ.കെ ബാലന്റെ ഭാര്യയും ആരോഗ്യവകുപ്പില്‍ മുന്‍ അഡീഷണല്‍ ഡയറക്ടറുമായിരുന്ന ജമീല ബാലന്‍ പാലക്കാട് വാണിയംകുളത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടായാണ് ജോലിചെയ്യുന്നത്. എന്നാല്‍, സ്ഥാപനത്തിനും സര്‍ക്കാരിനുമിടയില്‍ ലെയ്‌സണ്‍ ഓഫിസര്‍ എന്ന നിലയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. മന്ത്രിയായ ഭര്‍ത്താവിന്റെ അധികാരങ്ങളും സ്വാധീനങ്ങളും സ്ഥാപന മാനേജ്‌മെന്റ് ഇവരിലൂടെ നേടിയെടുക്കുന്നുവെന്നാണ് പ്രധാന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."