HOME
DETAILS
MAL
പ്രചരണത്തിനിടെ തീവണ്ടിതട്ടി പരിക്കേറ്റ സി.പി.ഐ നേതാവ് മസ്തിഷ്‌കമരണത്തിന് കീഴടങ്ങി
backup
May 11 2016 | 07:05 AM
ശാസ്താംകോട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് അന്തരിച്ചു. സി.പി.ഐ ശുരനാട് മണ്ഡലം സെക്രട്ടറിയും, കൊല്ലം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ആനയടി സാകേതത്തില്‍ അഡ്വ. ജി.ശശി(50)യാണ് കൊച്ചി അമൃത ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. എല്‍.ഡി.എഫ് കുന്നത്തൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ നാലിന് പടിഞ്ഞാറെ കല്ലട കോതപുരം ഭാഗത്ത് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് റെയില്‍വേട്രാക്കിനടുത്തുകൂടി നടന്നു നീങ്ങവെ കോട്ടയത്തു നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന മെമു സര്‍വീസ് ഇടിച്ച്‌തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെതുടര്‍ന്ന് പിന്നീട് കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റുകയുമയിരുന്നു. ഇവിടെ ഒരാഴ്ച്ചയായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
എന്നാല്‍ ഇന്നലെ രാവിലെ 11 ന് മസ്തിഷ്‌കമരണം ആശുപത്രി അധികൃതര്‍ സ്ഥിതീകരിക്കുകയായിരുന്നു. എ.ഐ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റും, എ.ഐ.വൈ.എഫിന്റെ ജില്ലാ പ്രസിഡന്റുമായിരുന്ന ശശി എഴുപതുകളുടെ മധ്യത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്തിലെ വടക്കന്‍മേഖലയിലുള്ള കുട്ടികളെ സംഘടിപ്പിച്ച് ബാലവേദിയിലൂടെ സജീവരാഷട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. എല്‍.എല്‍.ബി പാസ്സായ ശേഷം മുഴുവന്‍സമയ സി.പി.ഐ പ്രവര്‍ത്തകനായി മാറിയ ശശി കുന്നത്തൂര്‍ മണ്ഡലത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വമാണ് നല്‍കി വന്നിരുന്നത്. ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക ശ്രീദേവിയാണ് ഭാര്യ. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഭിരാം ഏകമകനാണ്.
ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഇന്ന് പകല്‍ 12 ന് കെ.സി.റ്റി മുക്കിലെ സി.പി.ഐ മണ്ഡലംകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് ആറിന് വ സംസ്‌കരിക്കും. മസ്തിഷ്‌കമരണം സംഭവിച്ച അഡ്വ. ജി ശശിയുടെ കരള്‍, വൃക്ക, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ മെഡിക്കല്‍കോളജിന് ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."