കാഴ്ച പരിമിതരുടെ ക്രിക്കറ്റിലും ഇനി പ്രീമിയര്‍ ലീഗ് ആരവം
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റിലും പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നു. ഐ.പി.ലിനും ഐ.എസ്.എല്ലിനും പിറകെ കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന പ്രീമിയര്‍ ലീഗ് അംഗപരിമിത ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 23നാണ് മത്സരം. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ രാത്രിയാകും ടി20 മത്സരങ്ങള്‍ നടക്കുക. ഇന്ത്യയില്‍ ആദ്യമായാണ് കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റ് മത്സരം ഫ്ളഡ്ലിറ്റില്‍ നടക്കുന്നത്. സംസ്ഥാനത്തെ നാലു പ്രധാന നഗരങ്ങളില്‍ നിന്ന് നാലു ടീമുകളാണ് ലീഗില്‍ പങ്കെടുക്കുക. ട്രിവാന്‍ഡ്രം തണ്ടേഴ്സ്, കൊച്ചി സ്കോര്‍പിയന്‍സ്, കാലിക്കറ്റ് ഹരിക്കേന്‍സ്, കണ്ണൂര്‍ ബ്ലിസാര്‍ഡ്സ് എന്നിവയാണ് ടീമുകള്‍.
ഓരോ ടീമിലും കേരളത്തില്‍ നിന്നുള്ള എട്ടു കളിക്കാര്‍ക്ക് പുറമെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ ടീമിലടക്കം കളിച്ച ആറു പേര് വീതമുണ്ടാകുമെന്ന് ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി അറിയിച്ചു. കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റില്‍ ദേശീയ തലത്തില്‍ മികവു പുലര്‍ത്തിയ 56 കളിക്കാരാണ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തിലുള്ള മികച്ച നാലു താരങ്ങളാകും ഓരോ ടീമിനെയും നയിക്കുക.
ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന കാഴ്ച്ച പരിമിതരുടെ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ക്രിക്കറ്റ് അസോസിയേഷന് തന്നെയാണ് നാലു ടീമുകളുടെയും സ്പോണ്സര്. അതേസമയം, ടീമുകള്‍ക്ക് സ്പോണ്‍സര്‍മാരെ തേടുന്നതായും ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."