വാച്ചര്‍മാരുടെ എണ്ണം വെട്ടിച്ചുരുക്കിയ വനംവകുപ്പ് നടപടി വിവാദമാകുന്നു
നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയിലെ വാച്ചര്‍മാരുടെ എണ്ണം വനം വകുപ്പ് വെട്ടിച്ചുരുക്കി. അതേസമയം നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ വാച്ചര്‍മാരുടെ എണ്ണം വെട്ടിക്കുറച്ച വനംവകുപ്പ് നടപടി വിവാദമായിരിക്കുകയാണ്. 300 വാച്ചര്‍മാര്‍ നിലമ്പൂര്‍ സൗത്ത്-നോര്‍ത്ത് ഡിവിഷനുകള്‍ക്ക് കീഴിലും അരുവാക്കോട്, നെടുങ്കയം ഡിപ്പോകള്‍ക്ക് കീഴിലും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലുമായി ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇവിടെ എല്ലാം കൂടി നിലവിലുള്ളത് അമ്പതില്‍ താഴെ വാച്ചര്‍മാര്‍ മാത്രമാണുള്ളത്.
ലക്ഷങ്ങളുടെ ഫണ്ടുകള്‍ വിവിധ പ്രവൃത്തികള്‍ക്കായി വനത്തിനുള്ളില്‍ ചിലവഴിക്കുമ്പോഴാണ് കാടിന്റെ മുക്കും മൂലയും അറിയുന്ന 25 വര്‍ഷത്തിലേറെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന വാച്ചര്‍മാരെ ഉള്‍പ്പെടെ ഫണ്ടില്ലെന്ന കാരണത്താല്‍ പിരിച്ചുവിടുന്നത്. വനം വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ കീഴിലുള്ള കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയനാണ് വാച്ചര്‍മാര്‍ക്കായുള്ള ഏക സംഘടന. ഇതിന്റെ സംസ്ഥാന സമ്മേളനവും ദിവസങ്ങള്‍ക്കു മുന്‍പാണ് നിലമ്പൂരില്‍ നടന്നത്.
മുന്‍മന്ത്രി കെ.പി രാജേന്ദ്രനും, സംഘടനയുടെ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ബാബുപോള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ ഒരു വാച്ചര്‍മാരെ പോലും പിരിച്ചുവിടില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യൂനിയനില്‍പെട്ട അകമ്പാടം ദിവസ വേതനവാച്ചര്‍ പുല്ലഞ്ചേരി നാരായണന്‍ കുട്ടിയോട് ഫണ്ടില്ലാത്തതിനാല്‍ രണ്ടുമാസം കഴിഞ്ഞ് ജോലിക്ക് വന്നാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. മാവോയിസ്റ്റ് വേട്ടക്കും മറ്റുമായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് ഉള്‍ക്കടാകളുടെ സ്പന്ദനം അറിയുന്ന ദിവസ വേതന വാച്ചര്‍മാരെ ഫണ്ടില്ലെന്ന കാരണം നിരത്തി ഉദ്യോഗസ്ഥര്‍ പിരിച്ചു വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."