പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അക്രമം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു മുഖ്യമന്ത്രി
പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിനടക്കം പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി
കണ്ണൂര്‍: ഭരണമാറ്റത്തിനു ശേഷം അക്രമമൊഴിയാതെ കണ്ണൂര്‍. കടുത്ത ഭീതിയില്‍ കഴിയുകയാണു ജില്ലയിലെ ജനങ്ങള്‍. ഒരാഴ്ചയ്ക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകം നടന്ന ജില്ലയില്‍ വ്യാപക അക്രമങ്ങള്‍ നടന്നേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സിപി.എം പ്രവര്‍ത്തകന്റെ കൊലയെ തുടര്‍ന്നു ചൊവ്വാഴ്ച ഹര്‍ത്താല്‍ നടന്ന ജില്ലയില്‍ ഇന്നത്തേത് ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ ഹര്‍ത്താലാണ്. ഇതേതുടര്‍ന്നു നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും പൊലിസ് സുരക്ഷ ശക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കഴിഞ്ഞ മേയ് 19നാണ് ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പിണറായി ചേരിക്കലില്‍ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ ബോംബേറിനിടെ ലോറിയിടിച്ച് മരിച്ചതോടെയാണു ഭരണമാറ്റത്തിനു ശേഷമുള്ള ആദ്യ രാഷ്ട്രീയ കൊല.
ജൂലൈ 11നു രാത്രി പയ്യന്നൂര്‍ കുന്നരു കാരന്താട്ടെ വീട്ടില്‍ വച്ച് സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജും കൊല്ലപ്പെട്ടു. പ്രതികാരമെന്നോണം ബി.എം.എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായ അന്നൂരിലെ സി.കെ രാമചന്ദ്രനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഒരുസംഘം കൊലപ്പെടുത്തി. വീട്ടിലുള്ളവരുടെ മുന്നില്‍ വച്ചായിരുന്നു ഇരു കൊലപാതകവും. രണ്ടു കേസുകളിലും കൊലക്കത്തിക്കിരയായവരുടെ ഭാര്യമാരാണു പ്രധാന സാക്ഷികള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനു രാത്രിയാണു തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിനീഷിനെ ഒരുസംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മേഖലയിലെ ചെറിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ കൊല. ഇതിനു ശേഷം തലശ്ശേരി, ഇരിട്ടി പൊലിസ് സബ് ഡിവിഷനുകള്‍ക്കു കീഴില്‍ രാഷ്ട്രീയ അക്രമമൊഴിഞ്ഞ ദിവസമുണ്ടായില്ല. അക്രമത്തിന് അടിക്ക്് തിരിച്ചടിയെന്നോണം സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു വെട്ടേല്‍ക്കുന്നതു നിത്യസംഭവമായി. ഏറ്റവും ഒടുവിലായിരുന്നു സി.പി.എം പടുവിലായി ലോക്കല്‍കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനന്റെയും ഇന്നലെ പിണറായി പെട്രോള്‍പമ്പിനു സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെയും കൊല. ഇതിനിടെ കൂത്തുപറമ്പ് കോട്ടയംപൊയില്‍ കോലാക്കാവിനു സമീപം ഓഗസ്റ്റ് 19നു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ദീക്ഷിത് സ്വന്തം വീട്ടിലുണ്ടായ സ്‌ഫോടനത്തിലും കൊല്ലപ്പെട്ടു. മൂന്നുമാസത്തിനിടെയുണ്ടായ രാഷ്ട്രീയ അക്രമത്തില്‍ ജില്ലയില്‍ ഇരുന്നൂറോളം വീടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ബിനീഷിന്റെ കൊലയ്ക്കു ശേഷം ജില്ലാ പൊലിസ് മേധാവി മുന്‍കൈയെടുത്ത് നടത്തിയ റെയ്ഡില്‍ വിവിധ ഭാഗങ്ങളില്‍ നിന്നു ബോംബുകളടക്കം വന്‍ ആയുധ ശേഖരം പിടികൂടിയിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അക്രമം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിനടക്കം പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അടിയന്തിര യോഗത്തെ തുടര്‍ന്നാണു സുരക്ഷ ഒരുക്കാനുള്ള തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."