റഷ്യ, സിറിയന്‍ വ്യോമാക്രമണം; അലെപ്പോയില്‍ 81 പേര്‍ കൊല്ലപ്പെട്ടു
അലെപ്പോ: വിമതരുടെ കൈയ്യിലുള്ള അലെപ്പോ നഗരത്തില്‍ സിറിയന്‍ സേനയും റഷ്യന്‍ സേനയും നടത്തിയ വ്യോമാക്രമണത്തില്‍ 81 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മാത്രം കിഴക്കന്‍ അലെപ്പോയില്‍ 50 വ്യോമാക്രമണമാണ് നടന്നത്.
ആക്രമണത്തില്‍ 87 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ഇവരെ ചികിത്സിക്കാന്‍ സംവിധാനമില്ലാത്തത് മറ്റൊരു ദുരന്തമായിരിക്കുകയാണ്.
ഗ്ലോബര്‍ ചാരിറ്റി ഡോക്ടര്‍മാരുടെ കണക്കുപ്രകാരം 2,75,000 ജനങ്ങളുള്ള അലെപ്പോയില്‍ ഇപ്പോഴുള്ളത് വെറും 11 ആംബുലന്‍സുകള്‍ മാത്രമാണ്. 35 ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെയുള്ളത്.
വിമതരുടെ കയ്യിലുള്ള കിഴക്കന്‍ അലെപ്പോയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോവണമെന്നാണ് സിറിയന്‍ സൈന്യം ആവശ്യപ്പെടുന്നത്. ഒഴിഞ്ഞുപോവാന്‍ സാവകാശമെന്ന നിലയ്ക്ക് കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിന്റെ തോത് കുറച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് വിമത വശമുള്ള മറ്റു സ്ഥലങ്ങളിലേക്കു പോകാന്‍ ഇടനാഴിയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് രക്ഷപ്പെടാനായില്ല.
ചെറുതായി സമാധാനമുണ്ടായിരുന്ന പ്രദേശത്ത് പുതിയ വ്യോമാക്രമണം നടത്തിയതോടെ വീണ്ടും അശാന്തി ഉണ്ടായിരിക്കുകയാണ്. ആശുപത്രികളും താമസസ്ഥലങ്ങളും കെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് എല്ലാ വ്യോമാക്രമണങ്ങളും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."