മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടാങ്കറുകള്‍
ചെറുവത്തൂര്‍: നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും ഗ്യാസ് ടാങ്കര്‍ ലോറികള്‍ ഓടുന്നത് ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി. അതിര്‍ത്തി കടന്നുവരുന്ന ഗ്യാസ് ടാങ്കറുകളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്നും, ഡ്രൈവര്‍ക്ക് വിശ്രമിക്കാന്‍ കാബിനില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ദീര്‍ഘദൂരം വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങാന്‍ സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ ഞാണങ്കൈയില്‍ അപകടത്തില്‍ പെട്ട ലോറിയില്‍ ആകെയുണ്ടായിരുന്നത് ഒരു ഡ്രൈവര്‍മാത്രം. കണ്ണൂര്‍ ചാലയില്‍ വന്‍ദുരന്തം ഉണ്ടായപ്പോഴും അപകടത്തില്‍ പെട്ട ലോറിയില്‍ ഒരു ഡ്രൈവറേ ഉണ്ടായിരുന്നുള്ളൂ. ഒരു വലിയ ദുരന്തത്തിന്റെ പാഠം പഠിച്ചിട്ടും അതേ തെറ്റ് ടാങ്കര്‍ ലോറിയുടമകള്‍ ആവര്‍ത്തിക്കുകയാണ് എന്ന് വ്യക്തം. ലോറികളുടെ വേഗത, പ്രധാന റോഡുകളില്‍ ഓടേണ്ട രീതി, ഡ്രൈവര്‍മാരുടെ യോഗ്യത, എണ്ണം, ടാങ്കറിന്റെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും ഇങ്ങനെയെത്തുന്ന ലോറികള്‍ പലതും ലംഘിക്കുന്നു. അമിത വേഗതയാണ് ചെറുവത്തൂരില്‍ കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. അമിതവേഗതയ്ക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ച് ഓടുന്ന ലോറികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."