മൂന്നിലും തോറ്റ് ഗോവ
ഐ.എസ്.എല്ലില്‍ എഫ്.സി ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
ചെന്നൈയിന്‍ എഫ്.സി 2-0ത്തിനു വിജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനം കണ്ട പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എഫ്.സി ഗോവയെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി പിണഞ്ഞ നിലവിലെ രണ്ടാം സ്ഥാനക്കാരായ സീക്കോയുടെ ഗോവന്‍ ടീം പട്ടികയില്‍ അവസാന സ്ഥാനത്ത്. ഹന്‍സ് മള്‍ഡര്‍, മെഹ്‌റാജുദീന്‍ വാഡു എന്നിവരാണ് ചെന്നൈയിനായി ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.
കളിയിലുടനീളം മികച്ചു നിന്നത് ചെന്നൈയിന്‍ തന്നെയായിരുന്നു. ഗോവ കളി മറന്നപ്പോള്‍ തുടക്കത്തില്‍ രണ്ടു ഗോളുകളടിച്ച് ചെന്നൈയിന്‍ ലീഡെടുത്തു. കളിയുടെ 15ാം മിനുട്ടില്‍ ഹന്‍സ് മള്‍ഡറാണ് ചെന്നൈയിനു ലീഡൊരുക്കിയത്. റാഫേല്‍ അഗുസ്‌തോയുടെ പാസില്‍ നിന്നു പന്തു പിടിച്ചെടുത്ത മള്‍ഡര്‍ ഗോവന്‍ ഗോളി കട്ടിമണി മാത്രം മുന്നില്‍ നില്‍ക്കെ ഒരു പഴുതും അനുവദിക്കാതെ ലക്ഷ്യം കാണുകയായിരുന്നു. 26ാം മിനുട്ടില്‍ ചെന്നൈയിന്‍ വീണ്ടും മുന്നില്‍ കടന്നു. പ്രതിരോധ താരവും നായകനുമായ മെഹ്‌റാജുദ്ദീന്‍ വാഡുവാണ് ലക്ഷ്യം കണ്ടത്. അപ്രതീക്ഷിതമായാണ് ഈ ഗോള്‍ പിറന്നത്. ബല്‍ജിത് സിങ് സാഹ്നി കൈമാറിയ പാസില്‍ നിന്നു വാഡു തൊടുത്ത ഷോട്ട് ഗോവന്‍ താരം ഡുമാസിന്റെ ദേഹത്ത് തട്ടി ബോക്‌സിന്റെ വലത് മൂലയിലേക്ക് കയറി. പന്തിന്റെ ഗതി നിര്‍ണയിക്കാന്‍ സാധിക്കാതെ ഗോളി കട്ടിമണി വീണ്ടും നിസ്സഹായനായി.
ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയിലും ഗോവ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ചെന്നൈയിന്‍ ആ ശ്രമങ്ങളുടെയെല്ലാം മുനയൊടിച്ചു കളഞ്ഞു.
മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓരോ ജയവും സമനിലയും തോല്‍വിയുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത്. മൂന്നില്‍ മൂന്നും തോറ്റ് ഗോവ ഏറ്റവും അവസാന സ്ഥാനത്ത്. ഒന്‍പതു പോയിന്റുമായി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡാണ് പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തു നില്‍ക്കുന്നത്.
നോര്‍ത്ത്ഈസ്റ്റിനു മൂന്നാം ജയം
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി പുനെ സിറ്റിക്കെതിരേ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ചത്. 79ാം മിനിറ്റില്‍ എമിലയാനൊ ആല്‍ഫരൊ ടൊസ്‌ക്കാനയാണ് പൂന സിറ്റിയുടെ വല കുലുക്കിയത്. മത്സരത്തില്‍ രണ്ടു ചുവപ്പു കാര്‍ഡുകള്‍ റഫറിക്കു പുറത്തെടുക്കേണ്ടി വന്നു. നോര്‍ത്ത്ഈസ്റ്റിന്റെ നിര്‍മല്‍ ഛേത്രി, പൂനെയുടെ എഡ്വാര്‍ഡ് എന്നിവരാണ് ചുവപ്പു കാര്‍ഡ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."