ഊര്‍ജത്തിന്റെ ഉറവകള്‍
ഇന്ധനമെന്നാല്‍ എന്താണെന്ന് കൂട്ടുകാര്‍ക്കറിയാം. കത്തുമ്പോള്‍ താപം പുറത്തുവിടുന്ന വസ്തുക്കളാണ് അവ. ജ്വലിക്കുമ്പോള്‍ ഇന്ധനങ്ങളില്‍നിന്ന് ഊര്‍ജം സ്വതന്ത്രമാകുന്നതിനാല്‍ ഇന്ധനങ്ങള്‍ നല്ലൊരു ഊര്‍ജ്ജ സ്രോതസാണ്.
നമ്മുടെ നിത്യജീവിതത്തില്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്ന വിറക്, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍, എല്‍.പി.ജി എന്നിവ ഇന്ധനങ്ങള്‍ക്ക് ഉദാഹരണമാണ്. പെട്രോള്‍,ഡീസല്‍ എന്നിവ നിരത്തിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
ഭൂമിക്കടിയില്‍നിന്നു ലഭിക്കുന്ന പെട്രോളിയത്തെ ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന് വിധേയമാക്കിയാണ് പെട്രോള്‍, ഡീസല്‍ എന്നിവ ലഭിക്കുന്നത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമാണ് ഏവിയേഷന്‍ ഫ്യൂവല്‍. പെട്രോളിയത്തില്‍നിന്നു ലഭിക്കുന്ന ശുദ്ധീകരിച്ച ഇന്ധനമാണ് ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനാല്‍ ആഹാരം നല്ലൊരു ഊര്‍ജസ്രോതസാണെന്ന് പറയാം.
വായു എന്ന കൂട്ടുകാരന്‍
ഇന്ധനങ്ങളുടെ ജ്വലനത്തിന് വായു അത്യാന്താപേക്ഷിതമാണ്. വായുവില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്‍ ആണ് ഇന്ധനങ്ങളുടെ ജ്വലനത്തിന് സഹായിക്കുന്നത്. ഇന്ധനങ്ങള്‍ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിച്ചാണ് ഊര്‍ജം പുറത്തുവിടുന്നത്. ശ്വസനത്തിലൂടെ ശരീരത്തിലെത്തുന്ന ഓക്‌സിജനുമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ആഹാരത്തിലൂടെ ഊര്‍ജം ലഭിക്കുന്നത്. എങ്ങനെയാണ് നാം കഴിക്കുന്ന ആഹാരം ശരീരത്തിന് ഊര്‍ജമായി മാറുന്നത് എന്നു കൂട്ടുകാര്‍ക്കറിയാമോ?.
നാം പ്രഭാത ഭക്ഷണം കഴിച്ചെന്നു കരുതുക. ഭക്ഷണത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് ഉണ്ടല്ലോ. ഇവ ഉമിനീരുമായി പ്രതിപ്രവര്‍ത്തിക്കുകയും മൂന്നിലൊരു ഭാഗം മാള്‍ട്ടോസ് ആയി മാറുകയും ചെയ്യും. ഇനി ഭക്ഷണത്തിലെ പ്രോട്ടീന്‍ ആമാശയത്തില്‍വച്ച് അമിനോ ആസിഡായി മാറുകയും ചെറുകുടലിലെ രക്തക്കുഴലിലേക്കെത്തുകയും ചെയ്യുന്നു.
ഇവിടെവച്ചാണ് അവശേഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനം പൂര്‍ണമാകുന്നത്. തുടര്‍ന്ന് ഇലിയത്തില്‍വച്ച് ഗ്ലൂക്കോസ്, അമിനോ ആസിഡ് എന്നിവ രക്തത്തിലെ പ്ലാസ്മയിലെത്തുന്നു. രക്തം കോശങ്ങളിലേക്ക് ഹീമോ ഗ്ലോബിനൊപ്പം ഓക്‌സിജനേയും പ്രവേശിപ്പിക്കുന്നു. കോശത്തിലെ സൈറ്റോപ്ലാസത്തില്‍വച്ച് ഗ്ലൂക്കോസ് പെറുവിക് ആസിഡായി മാറുന്നു. ഇതു പിന്നീട് കോശത്തിലെ മൈറ്റോകോണ്‍ട്രിയയിലും തുടര്‍ന്ന് ക്രിസ്റ്റേയിലും പ്രവേശിച്ച് വിഘടിക്കപ്പെട്ട് കാര്‍ബണ്‍ഡൈ ഓക്‌സൈഡും ജലവുമായി മാറുന്നു.
ഈ പ്രവര്‍ത്തനത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജം സംഭരിക്കപ്പെടുന്നത് അഡിനോസിന്‍ ട്രൈ ഫോസ്‌ഫേറ്റ് ആയാണ്. പിന്നീട് ഈ ഊര്‍ജം അഡിനോസിന്‍ ഡൈ ഫോസ്‌ഫേറ്റായി മാറുകയും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമാകുകയും ചെയ്യുന്നു.
ഊര്‍ജം പലവിധം
ഊര്‍ജത്തെ സൃഷ്ടിക്കാനോ സംഹരിക്കാനോ സാധ്യമല്ല. പകരം അവയെ രൂപഭേദം നടത്താം. വെടിയുണ്ട ചീറിപ്പായുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഗതികോര്‍ജമാണ് വെടിയുണ്ട മൂലമുണ്ടാകുന്ന അപായത്തിന് കാരണം. അണക്കെട്ടില്‍ ജലംകെട്ടി നിര്‍ത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് സ്ഥിതികോര്‍ജമാണ്. എന്നാല്‍ അവ ഒഴുകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഗതികോര്‍ജമാണ് ടര്‍ബൈന്‍ കറക്കി വൈദ്യുതി സൃഷ്ടിക്കുന്നതിന് കാരണം. ഏതൊക്കെ ഊര്‍ജരൂപങ്ങള്‍ നമുക്കു ചുറ്റിലുമുണ്ടെന്ന് കൂട്ടുകാര്‍ക്കറിയാമോ. കാറ്റാടി യന്ത്രങ്ങള്‍, സൈക്കിളിലെ ഡൈനാമോ, സോളാര്‍ പാനല്‍ തുടങ്ങിയവയെല്ലാം ഊര്‍ജം സൃഷ്ടിക്കുന്നവയാണ്.
പാരമ്പര്യ ഊര്‍ജസ്രോതസുകള്‍
(CONVENTIONAL ENERGY SOURCES)
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജൈവാശിഷ്ടങ്ങള്‍ പ്രകൃതി പ്രതിഭാസം മൂലം നമ്മുടെ മണ്ണിനടിയില്‍പെട്ടു പോയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങളില്‍നിന്നാണ് പെട്രോളിയം, കല്‍ക്കരി, ലിഗ്നൈറ്റ്, പ്രകൃതി വാതകം തുടങ്ങിയവ രൂപപ്പെടുന്നത്. ഇത്തരം ഇന്ധനങ്ങളുടെ ലഭ്യത മനുഷ്യന്റെ വ്യാപകമായ ഉപയോഗം മൂലം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഇവ ഉപയോഗിച്ചു കഴിഞ്ഞാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയാറില്ല. ഇവയെ പാരമ്പര്യ ഇന്ധനങ്ങള്‍ എന്നാണു വിളിക്കുന്നത്. മേല്‍ പറഞ്ഞ ഇന്ധനങ്ങള്‍ക്കു പുറമേ കീടനാശിനികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പെട്രോളിയം ഉപയോഗിക്കാറുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍
പെട്രോള്‍,ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ വൈകാതെതന്നെ തീര്‍ന്നു പോകുമെന്നാണ് ഗവേഷകരുടെ വാദം. ഇവ ഉയര്‍ത്തുന്ന മാലിന്യ പ്രശ്‌നങ്ങളും വളരെ വലുതാണ്. ആഗോളതാപനത്തിനും ഇവ കാരണമാകുന്നു. പൈപ്പ് ലൈന്‍ ചോര്‍ച്ച, എണ്ണക്കപ്പലിന്റെ തകര്‍ച്ച, ടാങ്കര്‍ അപകടങ്ങള്‍ തുടങ്ങിയവ വരുത്തി വയ്ക്കുന്ന പ്രകൃതിമലിനീകരണ ദുരന്തം വളരെവലുതാണ്.
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍
(NON CONVENTIONAL ENERGY SOURCES)
ഉപയോഗിച്ചാല്‍ തീരാത്ത ഊര്‍ജ സ്രോതസുകളാണ് സൗരോര്‍ജം, കാറ്റ്, തിരമാല എന്നിവ. ഇവയെ പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ മൂലം സൃഷ്ടിക്കപ്പെടുന്ന ഊര്‍ജം എത്ര ഉപയോഗിച്ചാലും തീരുന്നില്ല.
ഡാമുകള്‍ എന്ന ആറ്റം ബോംബുകള്‍
വൈദ്യുതി ഉല്‍പ്പാദനത്തിനും കൃഷിക്കുമായി ലോകത്തിന്റെ പല ഭാഗത്തും അനേകം ഡാമുകള്‍ പണിതിട്ടുണ്ട്. ഇവ വന്‍ തോതിലുള്ള വൈദ്യുതോര്‍ജം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. എന്നാല്‍ ഓരോ ഡാമുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. വന്‍ തോതില്‍ കെട്ടി നിര്‍ത്തപ്പെടുന്ന ജലം ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും ഭൂമി കുലുക്കത്തിന് കാരണമാകുകയും ചെയ്യുന്നു.
വേലിയേറ്റം തരും ഊര്‍ജം
കടലിലെ തിരമാലകള്‍ കാണാന്‍ നല്ല രസമാണ്. ചിലപ്പോള്‍ അവ ഭീമാകാരമായ സുനാമിക്കും കാരണമാകും. തിരമാലകളെ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ഇന്നുണ്ട്. തിരമാലകള്‍ പോലെ വേലിയേറ്റവും വേലി ഇറക്കവും സൃഷ്ടിക്കുന്ന തിരശ്ചീന ചലനം ഉപയോഗിച്ചും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. മണിക്കൂറില്‍ ഏകദേശം 16 കിലോമീറ്റര്‍ വേഗതയിലുള്ള ജലപ്രവാഹം ഈ സമയത്ത് സൃഷ്ടിക്കാറുണ്ട്. ഇവ ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ബയോഗ്യാസ് എന്ന ഊര്‍ജ കേന്ദ്രം
മാലിന്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പുതുക്കപ്പെടാന്‍ സാധിക്കുന്ന ഊര്‍ജ സ്രോതസാണ്. ചാണകവും വെള്ളവും അടങ്ങിയ മിശ്രിതത്തില്‍ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചാണ് ഗ്യാസ് സൃഷ്ടിക്കപ്പെടുന്നത്. ഡൈജസ്റ്റര്‍ ടാങ്ക് എന്നു വിളിക്കുന്ന ഭാഗത്താണ് ബയോഗ്യാസ് ടാങ്കില്‍ ജൈവ മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ ബാക്ടീരിയകള്‍ മുടങ്ങാതെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു.
താപം സൃഷ്ടിക്കും ഇന്ധനം
വാഹനങ്ങളില്‍ ഇന്ധനമായി പെട്രോള്‍,ഡീസല്‍ എന്നിവ ഉപയോഗിക്കാറുണ്ടല്ലോ. ഇവയ്‌ക്കൊപ്പം വായുവും ചേരുന്നതോടെയാണ് ജ്വലനമുണ്ടാകുകയും പിസ്റ്റന്റെ സഹായത്തോടെ ക്രാങ്ക്ഷാഫ്റ്റിന്റെ കറക്കമായി മാറ്റി വാഹനങ്ങളുടെ ചക്രങ്ങളെ കറക്കുകയും ചെയ്യുന്നു.
ബാറ്ററിയുടെ ഊര്‍ജം
കടകളില്‍നിന്നു വാങ്ങുന്ന ഡ്രൈ സെല്ലുകള്‍ കാണുമ്പോള്‍ ചില കൂട്ടുകാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവയില്‍ എങ്ങനെയാണ് ഊര്‍ജം സൃഷ്ടിക്കപ്പെടുന്നതെന്ന്. ബാറ്ററികളിലെ രാസോര്‍ജമാണ് വൈദ്യുതോര്‍ജ്ജമായി മാറുന്നത്.
സൂര്യന്‍ ഒരു ഊര്‍ജ കേന്ദ്രം
ഭൂമിയിലെ ജീവജാലങ്ങളുടെ ഊര്‍ജ കേന്ദ്രമാണ് സൂര്യന്‍. സൂര്യനില ഹൈഡ്രജന്‍ രാസസംയോജനത്തിലൂടെ ഹീലിയം ആയിമാറുകയാണ് ചെയ്യുന്നത്. സൂര്യന്‍ ഉള്‍പ്പടെയുള്ള കോടാനുകോടി നക്ഷത്രങ്ങളിലും ഇത്തരത്തിലുള്ള ന്യൂക്ലിയര്‍ ഫ്യൂഷന്‍ ആണ് നടക്കുന്നത്.
കല്‍ക്കരി
ഒരു കാലത്ത് ട്രെയിന്‍ ഓടിക്കാന്‍ കല്‍ക്കരിയാണ് ഉപയോഗിച്ചിരുന്നത്. അനേകം തരത്തിലുള്ള കല്‍ക്കരികള്‍ ഇന്ന് ഖനനം ചെയ്ത് എടുക്കുന്നുണ്ട്. ഭൂമിക്കടിയിലെ സസ്യങ്ങള്‍ ഉന്നത ഊഷ്മാവിനും മര്‍ദ്ദത്തിനും വിധേയമായാണ് കല്‍ക്കരി രൂപപ്പെടുന്നത്. കല്‍ക്കരി രൂപം കൊള്ളുന്ന പ്രക്രിയയാണ് കോളിഫിക്കേഷന്‍. ആദ്യം കല്‍ക്കരി പീറ്റ് ആയാണ് മാറുന്നത്. പിന്നീട് ലിഗ്നൈറ്റ്, സബ് ബിറ്റുമിന്‍ എന്നീ അവസ്ഥകളിലൂടെ കടന്നു പോയി ഒടുവിലാണ് കല്‍ക്കരി ആകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."