രാജി സന്നദ്ധനായി ജയരാജന്; സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന് രാജിവഴിയില്‍. ഇന്നു ചേരുന്ന നിര്‍ണായക സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു മുന്‍പുതന്നെ ജയരാജന് രാജിവയ്ക്കാന്‍ സാധ്യത. ഇന്നലെ രാത്രി 8.15ഓടെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ജയരാജന് രാജിക്കത്ത് കൈമാറിയതായും സൂചനയുണ്ട്.
അനധികൃത നിയമനത്തില്‍ ത്വരിതാന്വേഷണ തീരുമാനം കൂടി വന്നതോടെ സര്‍ക്കാരോ, പാര്‍ട്ടിയോ ആവശ്യപ്പെടും മുന്‍പ് സ്വയം രാജിവച്ച് മുഖം രക്ഷിക്കുക മാത്രമാണ് ജയരാജനു മുന്നിലുള്ള മാര്‍ഗം.
ഇതു മുന്‍കൂട്ടിക്കണ്ടാണു കഴിഞ്ഞദിവസം ജയരാജന് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി രാജിസന്നദ്ധത അറിയിച്ചത്. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലും രാജിക്കാര്യം ആവര്‍ത്തിച്ചു. ജയരാജന് രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കോടിയേരിയുമായി എ.കെ.ജി സെന്ററില്‍ ചര്‍ച്ച നടത്തി. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു മൗനംപാലിച്ചു.
വ്യവസായവകുപ്പില്‍ നിയമനം നടത്തിയതില്‍ വീഴ്ച പറ്റിയെന്ന് ഇ.പി.ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കോടിയേരി ബാലകൃഷ്ണനു മുന്നില്‍ തുറന്നു സമ്മതിച്ചു. വ്യവസായ വകുപ്പില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടിയേരി നിര്‍ദേശിച്ചു. ഇതിനു ശേഷമായിരുന്നു രാജിസന്നദ്ധനാണെന്നു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."