പള്ളിക്കല്‍ ബസാര്‍ ടൗണ്‍ കൈയേറ്റം ഒഴിപ്പിക്കല്‍: അട്ടിമറിക്കാന്‍ രഹസ്യയോഗം
പള്ളിക്കല്‍: പള്ളിക്കല്‍ ടൗണ്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടി അട്ടിമറിക്കാന്‍ അണിയറ നീക്കം. നേരത്തെ നടപടിക്കെതിരേ കോടതിയെ സമീപിച്ചര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സൂചന. 13നകം കൈയേറ്റങ്ങള്‍ സ്വമേധയാ പൊളിച്ച് നീക്കാന്‍ ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ആവശ്യപ്പെട്ടിരുന്നു. പള്ളിക്കല്‍ബസാര്‍ മസ്ജിദിന്റെ മതിലിന്റെ ചെറിയ ഒരു ഭാഗം സര്‍വേ പ്രകാരം കൈയേറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇക്കാര്യം കാണിച്ച് ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് സ്റ്റേ തള്ളിയ ഹൈക്കോടതി കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ആരാധനാലയത്തിന്റെ മതില്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് പഞ്ചായത്തധികൃതര്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ചുള്ള കത്ത് പള്ളിയുടെ ഇപ്പോഴത്തെ അധികാരിയായ ആര്‍.ഡി.ഒ യ്ക്കും വഖഫ് ബോര്‍ഡിനും കൈമാറിയിട്ടുമുണ്ട്.
പള്ളി പൊളിക്കാന്‍ നീക്കമുണ്ടെന്ന് തെറ്റിധരിപ്പിച്ച് വിശ്വാസികളെ മുന്നില്‍ നിര്‍ത്തി കൈയേറ്റങ്ങള്‍ നീക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ തടയാനാണ് ഒരു വിഭാഗം ഇപ്പോള്‍ രഹസ്യനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ രഹസ്യമായ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ചില കച്ചവടക്കാരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സര്‍വകക്ഷി യോഗത്തിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയലും ഒറ്റക്കെട്ടായി അംഗങ്ങള്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആരാധനാലയത്തിന്റെ മറപിടിച്ച് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നത്. പള്ളിക്കല്‍ ടൗണ്‍ വികസനത്തിനായി അനുവദിച്ച കാല്‍കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനകം ചില വ്യക്തികള്‍ സ്ഥലം കൈയേറിയതായി റവന്യൂ വകുപ്പ് രേഖപ്പെടുത്തിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."