ലഹരിക്കായി വ്യാജ കുറിപ്പടിയില്‍ ഗുളികകള്‍ വാങ്ങിയ യുവാക്കള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: സഹകരണ ആശുപത്രിയുടെ ഒ.പി ചീട്ടില്‍ ഡോക്ടറുടെ വ്യാജ ഒപ്പിട്ട് ഗുളികകള്‍ വാങ്ങി ലഹരിക്കായി ഉപയോഗിച്ച മൂന്നു യുവാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. പുളിമ്പറമ്പിലെ തിരുവോത്ത് വീട്ടില്‍ അങ്കിത്(20), ചിറയില്‍ വീട്ടില്‍ നസിറുദ്ദീന്‍ഷാ(24), കാക്കത്തോട്ടിലെ ചുള്ളിയോടന്‍ കിടങ്ങിന്റകത്ത് ഹാഷിം(20) എന്നിവരെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ:
മനോരോഗ വിദഗ്ധന്‍ ഡോ.അഭിജിത്തിനെ കണ്ട് ചികിത്സ നേടുന്നതിനായി തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തി വ്യാജ പേരില്‍ ഒ.പി ശീട്ട് വാങ്ങുന്ന ഇവര്‍ ഡോക്ടറെ കാണാതെ മാനസിക രോഗികള്‍ ഉപയോഗിക്കുന്ന ഡയസിഫാം എന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടി എന്ന വ്യാജേന എഴുതി തളിപ്പറമ്പിലെ ഒരു സ്വകാര്യ മരുന്നു കടയില്‍ നിന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുകയായിരുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കാത്ത ഈ മരുന്നു സുഹൃത്തുക്കളായ മൂവരും ഉപയോഗിക്കുകയും മറ്റു ചിലര്‍ക്കു നല്‍കുകയും ചെയ്തു. സ്ഥിരമായി ഇവര്‍ മരുന്നു വാങ്ങാന്‍ തുടങ്ങിയതോടെ സംശയം തോന്നി മെഡിക്കല്‍ സ്റ്റോര്‍ ഉടമ സഹകരണ ആശുപത്രിയില്‍ വിവരമറിയിച്ചു. ആശുപത്രി അധികൃതര്‍ സി.സി.ടി.വി കാമറ പരിശോധിച്ചു മൂവരേയും തിരിച്ചറിയുകയും ചെയ്തു. ഇവര്‍ ഇനി ആശുപത്രിയില്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജീവനക്കാര്‍ക്കു നിര്‍ദേശവും നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂവരും ആശുപത്രിയിലെത്തി ഒ.പി ശീട്ട് ആവശ്യപ്പെട്ടതോടെ ജീവനക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മരുന്ന് ലഹരിക്കായി ഉപയോഗിച്ചതായി ഇവര്‍ സമ്മതിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി മൂവരേയും കസ്റ്റഡിയിലെടുത്തു.
രണ്ടു മാസത്തോളമായി ഇവര്‍ ആശുപത്രിയില്‍ നിന്ന് വ്യാജ കുറിപ്പടി ഉണ്ടാക്കി മരുന്നു വാങ്ങിവരികയാണ്. മറ്റ് ആശുപത്രികളില്‍ നിന്നു സമാനമായ രീതിയില്‍ ഇവര്‍ മരുന്ന് കുറിപ്പടികള്‍ ഉണ്ടാക്കിയതായി സംശയിക്കുന്നു. ഇതിനു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
മാനസിക രോഗമില്ലാത്തവര്‍ക്കു ഡയസിഫാം ഇനത്തില്‍പെട്ട ഗുളികകള്‍ കഴിച്ചാല്‍ ലഹരി ലഭിക്കുമെന്നു സഹകരണ ആശുപത്രിയിലെ തന്നെ മറ്റൊരു മനോരോഗ വിദഗ്ധനായ ഡോ. നിരഞ്ജന്‍ പ്രസാദ് പറഞ്ഞു. ഇതു വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഒരുതവണ എഴുതിയ കുറിപ്പടിക്ക് ഒരിക്കല്‍ മാത്രമേ മരുന്നു ലഭിക്കൂ എന്നതിനാലാണ് അറസ്റ്റിലായവര്‍ നിരവധി തവണ ഒ.പി ശീട്ട് വാങ്ങി ഡോക്ടറുടെ വ്യാജ കുറിപ്പടി തയാറാക്കിയത്. ഈ മരുന്ന് കൂടിയ അളവില്‍ കൈവശം സൂക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."