മാഹി തിരുനാള്‍: തിരുസ്വരൂപം വഹിച്ച് നഗര പ്രദക്ഷിണം
മാഹി: മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാള്‍ ജാഗരദിനമായ ഇന്നലെ രാത്രി ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം നടന്നു. ദേവാലയത്തില്‍ നിന്നു പുറപ്പെട്ട രഥഘോഷയാത്ര പഴയ പോസ്റ്റ് ഓഫിസ്, പൊലിസ് സ്‌റ്റേഷന്‍ റോഡ്, ടാഗോര്‍ പാര്‍ക്ക്, മാഹി ആശുപത്രി ജങ്ഷന്‍, ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. വഴിനീളെ വിശ്വാസികള്‍ തിരുസ്വരൂപത്തില്‍ പൂമാലകള്‍ ചാര്‍ത്തി വണങ്ങി. വീടുകളില്‍ മെഴുകുതിരികള്‍ തെളിച്ച് തിരുസ്വരൂപ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി. മാഹി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് ക്ഷേത്രം ഭാരവാഹികള്‍, മേല്‍ശാന്തി എന്നിവര്‍ ചേര്‍ന്നു തിരുസ്വരൂപ ഘോഷയാത്രയെ സ്വീകരിച്ചു.
ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ജോസ് യേശുദാസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ആഘോഷ കമ്മിറ്റി ഭാരാഹികള്‍, അള്‍ത്താര ബാലകര്‍, ഭക്തസംഘടനകള്‍, കൊമ്പിരി അംഗങ്ങള്‍, ബാന്‍ഡുമേളം, ഡോണ്‍ബോസ്‌കോ കുടുംബ യൂനിറ്റ് എന്നിവര്‍ തിരുസ്വരൂപ ഘോഷയാത്രയെ അനുഗമിച്ചു.
തിരുനാള്‍ ദിനമായ ഇന്നുപുലര്‍ച്ചെ രണ്ടുമുതല്‍ ഏഴുവരെ ദേവാലയത്തിനു മുന്നില്‍ വിശ്വാസികളുടെ ശയനപ്രദക്ഷിണം നടക്കും. രാവിലെ 10ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനു ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. വൈകുന്നേരം അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സമ്മേളനത്തില്‍ നോവലിസ്റ്റ് എം മുകുന്ദന്‍, മുന്‍മന്ത്രി ഇ വത്സരാജ്, റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് മാണിക്കദീപന്‍ പങ്കെടുക്കും. ഇന്നലെ വാരാപ്പുഴ ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനു ദേവാലയത്തില്‍ സ്വീകരണം നല്‍കി. തിരുനാള്‍ 22നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."