അപകട ഭീഷണിയില്‍ പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം
പൂച്ചാക്കല്‍: കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയില്‍. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഭിത്തികള്‍ തെന്നിമാറിയ ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുന്നു.
ഇരുപത്തി എട്ട് വര്‍ഷം മാത്രം പഴക്കമുള്ളതാണ് പാണാവള്ളി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച ഈ കാത്തിരിപ്പ് കേന്ദ്രം. തളിയാപറമ്പ് ഭാഗത്ത് നിന്നും വന്ന ബസ് തട്ടിയതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിത്തികള്‍ തെന്നിമാറിയിരുന്നു. പിന്നീട് വിള്ളല്‍ സംഭവിച്ച ഭാഗത്ത് സിമന്റ് തേച്ച് മിനുക്കി പെയ്ന്റ് ചെയ്ത നിലയിലാണുള്ളത്.
വിദ്യാര്‍ഥികള്‍ അടക്കം നൂറു കണക്കിന് യാത്രക്കാരാണ് ഈ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയാണ്. റോഡിനോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇനിയൊരു ചെറിയ വാഹനം തട്ടിയാലും ഇത് നിലംപൊത്തും.നിലവില്‍ ഇതിന്റെ വടക്ക് ഭാഗം താഴെക്ക് ചരിഞ്ഞ നിലയിലാണ്. യാത്രക്കാരുടെ തലയിലും ദേഹത്തും വാര്‍ക്കല്‍ ചീളുകള്‍ വീണ അവസ്ഥയുമുണ്ടായിട്ടുണ്ട.് അടിയന്തിരമായി ഇത് പൊളിച്ചുനീക്കി മറ്റൊരു കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."