ചാലിങ്കാല്‍ വളവില്‍ അപകടങ്ങള്‍ പെരുകുന്നു നടപടിയില്ലെന്ന് ആക്ഷേപം
പെരിയ: ദേശീയപാതയില്‍ ചാലിങ്കാലിനും കേളോത്തിനുമിടയില്‍ വാഹനാപകടങ്ങള്‍ പെരുകുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ വളവില്‍ നാലോളം അപകടങ്ങളുണ്ടായി.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ റബര്‍ പ്രോസസിംഗ് ഓയിലുമായി കൊച്ചിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ലോറി ഈ വളവില്‍ പാതക്കു കുറുകെ മറിഞ്ഞു വീണു. ടാങ്കര്‍ പൊട്ടി നിമിഷങ്ങള്‍ക്കകം പാതയിലൂടെ ഓയില്‍ ഒഴുകിയെങ്കിലും ഇതിനു തൊട്ടുപിന്നിലായി വാഹനങ്ങള്‍ ഇല്ലാത്തു കാരണമാണു കൂടുതല്‍ അപകടങ്ങള്‍ ഒഴിവായത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാരപരുക്കേല്‍ക്കുകയും ചെയ്തു. ഏറെ വാഹന തിരക്ക് അനുഭവപ്പെടുന്ന ഈ സമയത്ത് ലോറിക്ക് പിന്നില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാതെ വന്നത് ഹര്‍ത്താലിനെ തുടര്‍ന്നായിരുന്നു.
മറിഞ്ഞ ടാങ്കര്‍ലോറിയില്‍ നിന്നു പാതയിലേക്കു ഒഴുകിപ്പടര്‍ന്നതു പതിനായിരത്തിലേറെ ലിറ്റര്‍ റബര്‍ പ്രോസസിംഗ് ഓയിലാണ്. പാതയില്‍ നിന്ന് ഓയില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്കു വളരെ പണിപ്പെടേണ്ടി വന്നു.
റബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഓയില്‍ വേഗത്തില്‍ തീ പടരാന്‍ കാരണമാകുമെന്ന സംശയത്തെ തുടര്‍ന്ന് പാതക്ക് ഇരുവശത്തുമുള്ള താമസക്കാരെ ഉടന്‍ തന്നെ ഒഴിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന വെള്ളം പമ്പ് ചെയ്ത് ഓയില്‍ നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് ഫലിക്കാതെ വന്നതോടെ പാതയില്‍ പരന്ന ഓയിലിനു മുകളില്‍ മണല്‍ നിരത്തിയ ശേഷമാണ് ഇതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പാതയുടെ വശങ്ങളില്‍ വലിയ കുഴികളുണ്ടാക്കിയും ഓയില്‍ കൂടുതല്‍ ഭാഗങ്ങളിലേക്കു പരക്കുന്നതിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളും അധികൃതര്‍ നടത്തി. പിന്നീട് ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് രാത്രി വൈകിയാണു ടാങ്കര്‍ലോറി ഉയര്‍ത്തിയത്. മുന്നൂറോളം മീറ്റര്‍ ദൂരത്തിലേക്കു അപ്പോഴേക്കും ഓയില്‍ ഒഴുകിയെത്തിയിരുന്നു.
ഹര്‍ത്താലില്‍ വൈകുന്നേരം വരെ കുടുങ്ങിയ വാഹനങ്ങള്‍ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഇതു വഴി കടന്നു പോകാന്‍ പിന്നേയും മണിക്കൂറുകള്‍ കഴിയേണ്ടി വന്നു.
നാലു ദിവസം മുമ്പ് കാസര്‍ക്കോട് ഭാഗത്ത് നിന്നു പോവുകയായിരുന്ന മത്സ്യം കയറ്റിയ ലോറി ചാലിങ്കാല്‍ വളവിലെ ഇറക്കത്തില്‍ റോഡില്‍ നിന്നു തെന്നി താഴേക്കു പോയെങ്കിലും വലിയൊരു മരത്തില്‍ ഇടിച്ചു നിന്നതിനെ തുടര്‍ന്ന് ഈ വാഹനം മറിഞ്ഞു വീണില്ല.
മത്സ്യ ലോറി മരത്തിലിടിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഇവിടെ മറ്റൊരു ചരക്കു ലോറിയും അപകടത്തില്‍ പെട്ടിരുന്നു.
അപകടം പതിയിരിക്കുന്ന ഈ ഭാഗത്തെ പാതയോരത്ത് കാടു തിങ്ങിനില്‍ക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് പാതയുടെ ഘടന മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളാണു കൂടുതലായും അപകടത്തില്‍പെടുന്നത്.
നിരന്തരം അപകടങ്ങള്‍ നടക്കുന്ന ഈ പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കാനുള്ള യാതൊരു നടപടികളും ദേശീയ പാത അധികൃതര്‍ സ്വീകരിക്കാതെ വരുന്നതാണ് ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."