HOME
DETAILS
MAL
വോട്ട് ചെയ്യണമെങ്കില്‍ നടക്കണം, 35 കിലോമീറ്റര്‍
backup
May 12 2016 | 06:05 AM
അമ്പൂരി(തിരുവനന്തപുരം): വോട്ട് ചെയ്യണമെങ്കില്‍ 35 കീലോമീറ്റര്‍ നടക്കണം. അതും കൊടും കാടും കാട്ടുമ്യഗങ്ങളേയും താണ്ടി. വനമേഖലയിലൂടെ രണ്ടുനാള്‍ നീളുന്ന യാത്ര വേണം സമ്മതിദാന അവകാശം വിനിയോഗിക്കാന്‍. മാത്രമല്ല കാട് താണ്ടി രണ്ടു വള്ളവും കയറിവേണം കരയില്‍ എത്താന്‍.
അഗസ്ത്യവനമേഖലയിലെ ആദിവാസികളായ കാണിക്കാര്‍ക്കാണ് ഈ ദുരവസ്ഥ. പുറം നാടിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ചോനംപാറ മുതല്‍ അഗസ്ത്യകൂടത്തിനടുത്തെ പാറ്റാംപാറ സെറ്റില്‍മെന്റു വരെയുള്ള കാണിക്കുടികളില്‍ നിന്നും വോട്ട് ചെയ്യണമെങ്കില്‍ 35 കീലോമീറ്റര്‍ നടന്ന് പൊടിയത്ത് എത്തണം. വോട്ട് ചെയ്ത് മടങ്ങണമെങ്കില്‍ വീണ്ടും വേണം രണ്ടു നാള്‍. അരുവിക്കര മണ്ഡലത്തില്‍പ്പെട്ടവയാണ് അഗസ്ത്യവനമേഖലയിലെ 25 ആദിവാസികോളനികള്‍.
ചോനംപാറ, മാങ്കോട്, വാലിപ്പാറ, കമലകം, ആമല തുടങ്ങി പാറ്റാംപാറയില്‍ അവസാനിക്കുന്ന കോളനികളില്‍ ആയിരത്തോളം വോട്ടര്‍മാരുണ്ട്. വോട്ടെടുപ്പിന്റെ തലേ ദിവസം യാത്ര തിരിച്ചാലേ അന്ന് ബൂത്തില്‍ എത്താനാകൂ. വേനല്‍ കാരണം വിറളിപിടിച്ചു നടക്കുന്ന കാട്ടുമൃഗങ്ങളുടെ ഇടയിലൂടെ വേണം നടന്നുവരാന്‍.
തൊട്ടടുത്ത അമ്പൂരി പഞ്ചായത്തിലെ പുരവിമല മുതല്‍ കൊമ്പൈക്കാണി വരെയുള്ള കാണിക്കാര്‍ക്ക് വോട്ട് മായം സ്‌കൂളിലാണ്. പാറശാല മണ്ഡലത്തില്‍പ്പെട്ട ഇവിടെ എത്തണമെങ്കില്‍ കാടു താണ്ടണം, കടത്തും കടക്കണം.
കൊമ്പൈക്കാണിയിലും പുരവിമലയിലും ഉള്ള രണ്ടു വള്ളങ്ങളില്‍ കയറി വേണം വോട്ടിനെത്താന്‍. പുറം നാട്ടില്‍ നിന്നും 15 കീലോമീറ്റര്‍ അകലെ കൊമ്പൈക്കാണി എന്ന നെയ്യാര്‍കടവില്‍ യാത്രക്കാര്‍ അധികവും ആദിവാസികളായ കാണിക്കാരാണ്.
അവിടെ നിന്നും 20ഉം 25 ഉം കീലോമീറ്റര്‍ ഉള്ളില്‍ താമസിക്കുന്ന കാണിക്കാര്‍ക്ക് പുറം നാട്ടില്‍ എത്തണമെങ്കില്‍ ഇത്രയധികം ദൂരം നടന്ന് നെയ്യാര്‍ സംഭരണി പ്രദേശത്ത് എത്തി ഈ കടത്തുവള്ളം കയറി പോകണം. കാര്യം കഴിഞ്ഞ് കുടികളില്‍ എത്തണമെങ്കിലും കടത്തുവള്ളമില്ലാതെ പറ്റില്ല. ഈ കടത്തിലെ കടത്തുകാരനാണ് ശീതങ്കന്‍കാണി. രാവിലെ മുതല്‍ രാത്രി വരെ യാത്രക്കാരെയും കാത്ത് ശീതങ്കന്‍ കാണി ചിലവഴിക്കുന്നത് ഭീതിയുടെ മുള്‍മുനയിലാണ്.
പഞ്ചായത്ത് വക വള്ളമാണ് ഇവിടെ കടത്തിനായി ഉപയോഗിക്കുന്നത്. വള്ളമാകട്ടെ പഴക്കമേറിയതും. വള്ളത്തിന്റെ മിക്ക ഭാഗങ്ങളും അടര്‍ന്നു വീഴ്ന്ന്‌കൊണ്ടിരിക്കുകയാണ്. തടിദ്രവിച്ച് അവസാനവക്കിലും. മഴയത്തും വെയിലത്തും യാത്രക്കാരെയും കൊണ്ട് കടത്തുമ്പോള്‍ വള്ളത്തിന്റെ അവസ്ഥ ദയനീയമാണെന്ന് കാണാം. ചോര്‍ച്ചയാണെങ്കില്‍ പറയുകയും വേണ്ട. ദിവസവും കടത്തില്‍ നിന്നും അകലെ താമസിക്കുന്നവര്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉള്‍പ്പടെ കടന്നുപോകുന്ന വള്ളമാണ് ഇത്രയും ദുരിതസ്ഥിതിയില്‍. സ്‌കൂള്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും.
പഞ്ചായത്തില്‍ പലതവണ വിവരമറിയിച്ചു. പട്ടികവര്‍ഗവകുപ്പിലും നിവേദനങ്ങളും പരാതികളുമായി. അധിക്യതര്‍ സ്ഥലത്തെത്തി വള്ളത്തിന്റെ സ്ഥിതിയും കണ്ടറിഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ മാത്രം എങ്ങും എത്തിയില്ല. എന്നിട്ടും കാണിക്കാര്‍ക്ക് ആശ്രയം ഈ കടത്തുവള്ളം തന്നെ. പേടിയോടെ അവര്‍ യാത്ര തുടരുന്നു.
ആനയും കാട്ടുപോത്തും തിമിര്‍ത്താടുന്ന കാട്ടില്‍ താമസിക്കുന്ന കാണിക്കാര്‍ക്ക് നാട്ടില്‍ എത്താന്‍ ഏക മാര്‍ഗം കടത്താണ്.. പഞ്ചായത്ത് പുതിയ വള്ളം അനുവദിച്ചതായി പല തവണ പറഞ്ഞു. എന്നാല്‍ പുതിയ വള്ളം വെള്ളത്തില്‍ വരച്ചപോലെ ആയെന്ന് കാണിക്കാര്‍.
ദൂരം കാരണം കാടുതാണ്ടി ഭൂരിപക്ഷം പേരും വോട്ട് ചെയ്യാന്‍ സാധാരണ എത്താറില്ല. എന്നാല്‍ ഇക്കുറി വോട്ട് ചെയ്യാന്‍ അവര്‍ ഉറപ്പിച്ച് കഴിഞ്ഞു. ഗോത്രഅയല്‍കൂട്ടവും കാട്ടുമൂപ്പന്‍ വിളിച്ചുചേര്‍ത്ത യോഗവും ഈ തീരുമാനമാണ് എടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."