ആളും ആരവവുമില്ല, നിശബ്്ദയായി ഗൗരിയമ്മ; വഴിയറിയാതെ അനുയായികളും
ആലപ്പുഴ: കേരള പിറവിക്ക് മുന്‍പേ മലയാണ്‍മയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിനൊപ്പം നടന്ന വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മ ഇപ്പോള്‍ നിശബ്്ദയാണ്. ചാത്തനാട്ടെ വസതിയില്‍ നിന്നും ആളും ആരവുമെല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു. ഇടയ്ക്കിടെ ഇടതു സ്ഥാനാര്‍ഥികളുടെ കുറുപ്പടിയുമായി എത്തുന്ന ദൂതന്‍മാര്‍ ഒഴിച്ചാല്‍ ഗൗരിയമ്മയും രണ്ടു സഹായികളും മാത്രമാണ് ഇവിടെയുള്ളത്. തിരുകൊച്ചി നിയമസഭയിലേക്കും കേരള പിറവിക്ക് ശേഷം 13 ാം നിയമസഭ വരെയും എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയും വിജയിക്കുകയും തോല്‍വിയറിയുകയും ചെയ്തതാണ് ഗൗരിയമ്മയുടെ ചരിത്രം.
പോരാട്ട വീഥിയില്‍ ചെങ്കൊടിയേന്തിയുള്ള പ്രയാണത്തില്‍ പൊലിസിന്റെ കൊടിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണ രംഗത്തെ താരമായിരുന്നു ഗൗരിയമ്മ. സി.പി.എമ്മില്‍ നിന്നപ്പോഴും സ്വന്തം പാര്‍ട്ടിയായ ജെ.എസ്.എസ് രൂപീകരിച്ച് എതിര്‍ചേരിയിലെത്തിയപ്പോഴും ഗൗരിയമ്മ താരമായിരുന്നു. പ്രായത്തിന്റെ അവശതകളുമായി വിശ്രമ ജീവിതത്തിലായ ഗൗരിയമ്മയെ ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു.
ജെ.എസ്.എസിന് എല്‍.ഡി.എഫ് സീറ്റു നിഷേധിച്ചതോടെ പ്രതിഷേധത്തിന്റെ കെട്ടഴിച്ചുവിട്ട ഗൗരിയമ്മയെ തേടി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെ ഒഴുക്കായിരുന്നു ചാത്തനാട്ടെ വസതിയിലേക്ക്.
ഗൗരിയമ്മ കാവി പുതയ്ക്കുമെന്ന അഭ്യൂഹം വരെ ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ ജെ.എസ്.എസ് ചില മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കുമെന്ന പ്രഖ്യാപനവും വന്നു. ഒടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി ജെ.എസ്.എസിന് വാഗ്ദാനങ്ങള്‍ നല്‍കി കെ.ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്‍പ് ഇടത് വലത് വ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയ കേരളത്തിലെ തലമുതിര്‍ന്ന വയോധികയുടെ അനുഗ്രഹം തേടി എത്തിയിരുന്നു. പിന്നീട് ആളും ആരവവും ഒഴിഞ്ഞു.
ഇടയ്ക്കിടെ ചില അനുയായികളില്‍ വരുന്നതൊഴിച്ചാല്‍ ചാത്തനാട്ടെ വസതി പൂര്‍ണമായും നിശബ്ദമാണ്. ഇടയ്ക്കിടെ കടന്നു പോകുന്ന മുന്നണികളുടെ പ്രചാരണ വാഹനങ്ങള്‍ മാത്രമാണ് ആ നിശബ്്ദതയ്ക്ക് ഭംഗം വരുത്തുന്നത്. ഒരു പ്രചാരണ വേദിയിലേക്കും സി.പി.എമ്മോ എല്‍.ഡി.എഫോ ഗൗരിയമ്മയെ ക്ഷണിച്ചില്ലെന്ന് വേണം പറയാന്‍. ഇടയ്ക്കിടെ ആലപ്പുഴയിലെ മുതിര്‍ന്ന ചില സി.പി.എം സ്ഥാനാര്‍ഥികളുടെ ദൂതന്‍മാര്‍ ചാത്തനാട്ടേ വസതിയിലേക്ക് എത്തും.
കൈയില്‍ കുറെ ഫോണ്‍ നമ്പറുകള്‍ കുറിച്ച കുറുപ്പടി ഉണ്ടാവും. ഗൗരിയമ്മ നേരിട്ടു വിളിക്കേണ്ടവരുടെ നമ്പരുകളാണത്. സന്തതസഹചാരികള്‍ കുത്തിക്കൊടുക്കുന്ന നമ്പരുകളിലേക്ക് വിളിച്ചു എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി ഗൗരിയമ്മ വോട്ടഭ്യര്‍ഥിക്കും. ഇതു മാത്രമാണ് 14 ാം നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയുടെ പ്രചാരണം.
ജെ.എസ്.എസ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമല്ല. നിസംഗതയില്‍ വഴിയറിയാതെ ഉഴലുകയാണ് അവശേഷിക്കുന്ന ജെ.എസ്.എസ് പ്രവര്‍ത്തകര്‍. ഗൗരിയമ്മ മാത്രമല്ല ജെ.എസ്.എസും ഈ തെരഞ്ഞെടുപ്പോടെ ചരിത്രത്തിലേക്ക് മായുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം തുറന്നു കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."