തെരുവുനായ്ക്കളെ കല്‍പ്പറ്റയില്‍ പരിപാലിക്കുന്നതിനെതിരേ പ്രതിഷേധം
കല്‍പ്പറ്റ: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയ തെരുവുനായ്ക്കളെ കല്‍പ്പറ്റയിലെ എസ്‌റ്റേറ്റില്‍ പരിപാലിക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കല്‍പ്പറ്റയിലെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉപരോധിച്ചു.
തെരുവുനായ്ക്കളെ തിരികെ കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എടഗുനി റസിഡന്‍സ് അസോസിയേഷന്‍, ടി.ആര്‍.വി ഗ്രന്ഥാലയം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍മാരായ വി. ഹാരിസ്, കെ.ടി ബാബു, ഒ.പി പുഷ്പ, റഷീദ്, വിശ്വനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് എ.ഡി.എം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. 24 മണിക്കൂറിനകം നായ്ക്കളെ തിരിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ബോബിക്ക് നോട്ടിസ് നല്‍കുമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് നാട്ടുകാര്‍ അറിയിച്ചു. തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിന് പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, കോഴിക്കോട്ട് നിന്ന് പിടികൂടി കല്‍പ്പറ്റയിലേക്ക് കൊണ്ടുവരികയായിരുന്ന 400 നായ്ക്കളെ വൈത്തിരി പൊലിസ് ലക്കിടിയില്‍ നിന്ന് ഇന്നലെ രാത്രി തിരികെ അയച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയില്‍ എടഗുനിയിലുള്ള സ്ഥലത്ത് തെരുവുനായ്ക്കളെ കമ്പിവേലികെട്ടിനുള്ളില്‍ നാട്ടുകാര്‍ കാണുന്നത്. ഇതോടെ പ്രതിഷേധവുമായി കൂടുതല്‍പേര്‍ സ്ഥലത്തെത്തി.
കമ്പിവേലിക്കുള്ളില്‍ നായ്ക്കളെ സംരക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. നായ്ക്കള്‍ വര്‍ധിക്കുന്നതോടെ പരിസരത്ത് മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു. കമ്പിവേലിയുടെ വാതില്‍ തുറന്നാല്‍ മുഴുവന്‍ നായ്കളും പുറത്തേക്കെത്തുമെന്ന ആശങ്കയുമുണ്ട്.
നായ്ക്കള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നാല്‍പ്പതോളം നായ്ക്കളാണിപ്പോഴുള്ളത്. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡില്‍ നിന്ന് 200 മീറ്ററോളം മുകളിലായുള്ള സ്ഥലത്താണ് നായ്ക്കളെ കമ്പിവേലിക്കുള്ളില്‍ ഇട്ടിട്ടുള്ളത്.
രാത്രിയില്‍ വീണ്ടും നായ്ക്കളെ എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."