പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍
പോത്തന്‍കോട്: മംഗലപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നാലാം പ്രതി അറസ്റ്റില്‍.
കീഴ് തോന്നയ്ക്കല്‍ മഞ്ഞവിള റേഷന്‍ കടയ്ക്ക് സമീപം ആലുവിള വീട്ടില്‍ സുനില്‍ (മ) ആണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റു പ്രതികളായ മുരുക്കുംപുഴ പാറയ്ക്കാട് വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ (27), പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ആനയ്‌ക്കോട് ദേവീക്ഷേത്രത്തിനുസമീപം അനീഷ് ഭവനില്‍ ലിബു എന്ന് വിളിക്കുന്ന അനീഷ്(30), പുല്ലുംമ്പാറ വില്ലേജില്‍ ശാസ്താംനട പുലിമുട്ട്‌കോണം വീട്ടില്‍ പ്രഭോഷ് (35) എന്നിവരെ പൊലിസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഒളിവില്‍ പോയ നാലാം പ്രതിയായ സുനില്‍ ഒരു വര്‍ഷത്തിന് ശേഷം പിടിയിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പെണ്‍കുട്ടിയെ സുനില്‍ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിള്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുകള്‍ക്ക് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലന്നു രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ കുറിച്ചുള്ള വിവരം പൊലിസ് അറിയുന്നത്. സുനില്‍ പത്തനംത്തിട്ട, ഓച്ചിറ, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ചെങ്ങറ സമര ഭൂമിയില്‍ ഒരു സ്ത്രീയുമായി താമസിച്ചു വരുകയും ചെയ്തു. പൊലിസ് പിന്തുടര്‍ന്ന് എത്തിയപ്പോള്‍ ഓച്ചിറ ബന്ധു വീട്ടിലേയ്ക്ക് മാറി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പൊലിസ് പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരേ തട്ടികൊണ്ട് പോകല്‍, മാനഭംഗപ്പെടുത്തല്‍ തുടങ്ങി പട്ടിക ജാതി, പട്ടിക വര്‍ഗ നിരോധന നിയമ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരേ നിരവധി അടിപിടി കേസുകളും നിലവില്‍ ഉണ്ട്. റൂറല്‍ എസ്.പി. നേതൃത്വത്തിലുള്ള ഷാഡോ പോലിസ്, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. ആദിത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായ പോത്തന്‍കോട് സി.ഐ എസ്.ഷാജി, എസ്.ഐ മാരായ ബിനീഷ് ലാല്‍, ഗോപിദാസ്, നിസാം, എസ്.സി.പി.ഒ മാരായ മനോജ്, രാജീവ്, ബിജു, ശ്രീജിത്ത്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."