മങ്കട സമ്പൂര്‍ണ ഇ- മാലിന്യ പ്ലാസ്റ്റിക് വിമുക്ത മണ്ഡലമാകുന്നു
മങ്കട: മണ്ഡലം സമ്പൂര്‍ണ ഇ - മാലിന്യ - പ്ലാസ്റ്റിക് വിമുക്ത മണ്ഡലമാകുന്നു. ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇ-മാലിന്യ പ്ലാസ്റ്റിക് വിമുക്ത പദ്ധതി പഞ്ചായത്ത് നഗരസഭാ പരിധിയില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും മണ്ഡലം തലത്തില്‍ ആദ്യമായാണ് നടപ്പാക്കുന്നത്.
ഇതിനായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി പ്രോജക്ട് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്റോ, പ്രസിഡന്റ് നിര്‍ദേശിക്കുന്ന ഒരാള്‍, ബ്ലോക്ക് പ്രസിഡന്റ് നിര്‍ദേശിക്കുന്ന ആള്‍, ശുചിത്വ മിഷന്‍ അംഗം, ക്ലീന്‍ കേരള കമ്പനിയുടെ ഒരംഗം എന്നിവരാണ് അംഗങ്ങള്‍. പദ്ധതി വാര്‍ഡ് തലത്തില്‍ പ്രചാരണം നടത്താനും, മങ്കട ബ്ലോക്കിനു കീഴിലുള്ള പാലൂര്‍ക്കോട്ട വ്യവസായ എസ്‌റ്റേറ്റിനെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുള്ള ഷെഡിങ് യൂനിറ്റാക്കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ വിശദ പ്രോജക്ടിനായി ശുചിത്വ മിഷന്‍ കോഡിനേറ്ററെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തിന്റെ കാവനൂരിലെ പ്രവര്‍ത്തനാമാരംഭിച്ച പ്ലാന്റുമായി പദ്ധതിയെ സഹകരിപ്പിക്കുന്നതിനുള്ള സാധ്യതയും ആരായും.
മാലിന്യ ശേഖരത്തിനു ഗ്രാമസഭകളെയും അയല്‍ സഭകളെയും കുടും ബശ്രീ യൂണിറ്റുകളെയും വ്യാപാരികള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എസ്.പി.സി, സകൗട്ട്, ഗൈഡ് എന്‍.സി.സി യൂനിറ്റുകളെയും സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. യോഗത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഇ.സഹീദ, ഉമ്മര്‍ അറക്കല്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ രമണി, ടി. യൂസുഫ്, ഹബീബ കരുവള്ളി, ഒ.കേശവന്‍, കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിം, ബ്ലോക്ക് അംഗങ്ങളായ എന്‍.സുബൈദ, പി. പത്മജ, അമീര്‍ പാതാരി, പി. മായാദേവി, ശശിമേനോന്‍, കെ.എം രവീന്ദ്രന്‍, ശിഹാബുദ്ദീന്‍ പൂഴിത്തറ, പി.അബ്ദുസ്സലാം, വെങ്കിട്ട ബഷീര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി. ഉസ്മാന്‍, വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ സംസാരിച്ചു. ഗ്രീന്‍ കേരള കമ്പനി അസി. മാനേജര്‍ മുജീബ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി ജ്യോതിഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."