കാണികള്‍ ഒഴിഞ്ഞു നിന്നു; ബ്ലാസ്റ്റേഴ്സ് വിജയം സമ്മാനിച്ചു
കൊച്ചി: പരാജയത്തിന്റെ നിരാശയില്‍ ഫുട്ബോള്‍ പ്രേമികള്‍ മുഖം തിരിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ രണ്ടു കളികളെ അപേക്ഷിച്ച് ഇന്നലെ കാണികള്‍ കുറവായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഏകദേശം 55,000 കാണികള്‍ എത്തിയെങ്കില്‍ ഇന്നലെയത് 40,013 പേരിലൊതുങ്ങി. ബ്ലാസ്റ്റേഴ്സ് ഗോളടിക്കാതിരുന്നതും തോല്‍വിയുമായിരുന്നു ജനത്തെ പിന്നോട്ടു വലിച്ചത്. കളി കാണാന്‍ എത്താതിരുന്നവര്‍ക്ക് മൈക്കല്‍ ചോപ്ര തീര്‍ത്ത മനോഹര ഗോള്‍ കാണാനുള്ള അവസരം നഷ്ടമായി.
ആദ്യ നിമിഷം മുതല്‍ ഒറ്റക്കെട്ടായി മൈതാനം നിറഞ്ഞു കളിച്ച പ്ലേമേക്കര്‍ ഹോസുവും കൂട്ടരും ഫുട്ബോള്‍ പ്രേമികള്‍ ഉയര്‍ത്തിയ ആരവത്തില്‍ ഇരച്ചുകയറി കാല്‍പ്പന്തുകളിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഗോളടിക്കാനുള്ള തുടര്‍ച്ചയായ അവസരങ്ങള്‍ തുലച്ചിട്ടും ഗാലറി ആവേശത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു. ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് താരനിര ടീമിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പന്തുതട്ടിയത് എന്നു തന്നെ പറയാം. പ്രതിരോധ നിരയിലെ താരം ഹോസു എന്ന ജോസൂട്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ സൂത്രധാരന്‍. ഒപ്പം പ്രതിരോധത്തിലും ഹോസു ഇടിമിന്നലായി വെട്ടിത്തിളങ്ങി.
ഹോസുവിന്റെ കാലില്‍ പന്ത് കിട്ടിയാല്‍ ഇരമ്പിയാര്‍ത്ത മഞ്ഞ ജേഴ്സി അണിഞ്ഞ കാണികള്‍ അതേ പിന്തുണ ബെല്‍ഫോര്‍ട്ടിനും മലയാളി താരം മുഹമ്മദ് റാഫിക്കും മൈക്കല്‍ ചോപ്രക്കും അകമഴിഞ്ഞു നല്കി. ഗോളി സന്ദീപ് നന്ദിയുടെ മികച്ച രക്ഷപ്പെടുത്തലുകളും കാണികളുടെ ആര്‍പ്പു വിളികള്‍ അത്യുന്നതിയിലാക്കി.
ബ്ലാസ്റ്റേഴ്സിനും ആശ്വസിക്കാം. കരുത്തരായ മുംബൈയെ കീഴടക്കി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഭാര്യ അഞ്ജലിക്കൊപ്പം കളി കാണാനെത്തിയ ടീമിന്റെ ഉടമ സച്ചിന് ടെണ്ടുല്‍ക്കറും മടങ്ങിയത് ആഹ്ലാദത്തോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."