നഗരസഭാ കാര്യാലയത്തിന് മുന്നിലെ മാലിന്യം തിരക്കിട്ട് നീക്കി
തിരൂര്‍: നഗരസഭാ കാര്യാലയത്തിന് മുന്നില്‍ മാസങ്ങളായി കുമിഞ്ഞുകൂടിക്കിടന്ന മാലിന്യം ഇന്നലെ രാത്രിയോടെ നഗരസഭാ അധികൃതരുടെ സാന്നിധ്യത്തില്‍ തിരക്കിട്ട് നീക്കി.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ നാജിറ അഷ്‌റഫ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാവ, കൗണ്‍സിലര്‍ വേണുഗോപാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മാലിന്യം നീക്കിയത്.
മാലിന്യപ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ നഗരസഭ അലംഭാവം കാട്ടുകയാണെന്നും ദുര്‍ഭരണമാണ് നടത്തുന്നതെന്നും ആരോപിച്ച് മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
ഇന്ന് രാവിലെ പത്തിന് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്ന സമരം ലീഗ് പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ഇന്നലെ സമരസന്ദേശ യാത്ര നടത്തുകയും ചെയ്തതോടെ നഗരസഭാ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും മാലിന്യം നീക്കാന്‍ ഇന്നലെ വൈകിട്ടോടെ മുന്നിട്ടിറങ്ങുകയായിരുന്നു.
നഗരസഭ അനുബന്ധ കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്താണ് നഗരത്തില്‍ നിന്നും ശേഖരിച്ച മാലിന്യം തള്ളിയത്.
ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളാന്‍ പരിസരവാസികള്‍ അനുവദിക്കുന്നില്ലെന്ന കാരണമുന്നയിച്ച് നഗരസഭയ്ക്ക് മുന്നില്‍ മാലിന്യം സംഭരിച്ച അധികൃതര്‍ ഒരു ലോഡ് ആയാല്‍ മൈസൂരിലേക്ക് കൊണ്ടുപോകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തുടക്കത്തില്‍ മാലിന്യം യഥാസമയം കൊണ്ടുപോയിരുന്നില്ലെങ്കിലും പിന്നീട് മാലിന്യം കുന്നുകൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."