ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകള്‍ കൂടി രംഗത്ത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നീ സ്ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത്.
ഡൊണള്‍ഡ് ട്രംപ് അവതാരകനായിരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ദ അപ്രന്റീസിന്റെ അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥി ആയിരുന്നു സമ്മര്‍ സെര്‍വോസ് 2007 ല്‍ ഒരു ജോലിതേടി സമീപിച്ച തന്നെ ട്രംപ് ഡിന്നറിന് ക്ഷണിച്ചതിന് ശേഷം കടന്നുപിടിച്ചെന്നും ബലമായി ചുംബിച്ചെന്നും ലോസ് ഏഞ്ചലസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമ്മര്‍ സെര്‍വോസ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി സംവാദത്തിനിടെ ട്രംപ് മാന്യന്‍ ചമയുന്നത് കണ്ടപ്പോള്‍ തന്റെ അനുഭവം തുറന്നുപറയാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും സമ്മര്‍ സെര്‍വോസ് പറഞ്ഞു.
വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്ന സ്ത്രീ ട്രംപിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത്. 1990 ല്‍ ട്രംപ് തന്നോട് വളരെ മോശമായ രീതിയില്‍ പെരുമാറിയതായി ഇവരും ആരോപിക്കുന്നു. ന്യൂയോര്‍ക്കിലെ ഒരു ക്ലബ്ബില്‍ വച്ചാണ് തന്നോട് ട്രംപ് അപമര്യാദയായി പെരുമാറിയതെന്നും ക്രിസ്റ്റിന്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ സ്ത്രീകള്‍ ആരാണെന്നുപോലും തനിക്കറിയില്ലെന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചെലവില്ലാത്ത പ്രശസ്തിക്കു വേണ്ടിയാണെന്നും ട്രംപ് ക്യാമ്പ് കുറ്റപ്പെടുത്തി.
സ്ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്‌സ് എന്നൊരു സ്ത്രീയും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ട്രംപ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."