വിവാഹമോചനത്തിന്റെ മതവും യുക്തിയും
പര്‍ദയിട്ട പെണ്ണിനെയും അവള്‍പോലും അറിയാത്ത അവളുടെ സങ്കടങ്ങളെയും കുറിച്ച് ഒരിടവേളക്ക് ശേഷ ം സോക്കോള്‍ഡ് ബുദ്ധിജീവികള്‍ പതിവു പല്ലവിയില്‍ പറഞ്ഞുകയറുകയാണ്. സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും പേരിലുള്ള വിവേചനങ്ങള്‍ക്കെതിരേ എന്നപേരില്‍ നിയമകമ്മിഷന്‍ അപ്‌ലോഡ് ചെയ്ത പതിനാറിന ചോദ്യങ്ങളുടെ ഔദ്യോഗികതയുടെ ബലത്തില്‍ കുറച്ചധികം ആധികാരികമായാണ് ഇത്തവണത്തെ ഇസ്‌ലാം വിമര്‍ശനങ്ങള്‍.
രാജ്യത്തിന്റെ ദേശീയതയുടെ ചരിത്രവും സാംസ്‌കാരിക ബഹുത്വവും ഏകസിവില്‍കോഡിനെതിരാണെന്ന ചര്‍ച്ചയല്ല ഇവിടെ ഉന്നയിക്കുന്നത് . പ്രസ്തുത ചോദ്യാവലിയിലെ ഭാര്യാബഹുത്വം, വിവാഹം, വിവാഹമോചനം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുബോധത്തെ മുസ്‌ലിം വ്യക്തി നിയമത്തിനെതിരേ തിരിക്കാന്‍ തീയില്ലാതെ തിളയ്ക്കുന്ന സെക്യുലര്‍ ബുദ്ധിജീവികളുടെ ധാര്‍മ്മിക രോഷമാണിവിടെ വിഷയം .
അടിസ്ഥാനപരമായി രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ ഉദിക്കുന്നത് . ഒന്നാമതായി അവര്‍ കല്‍പിച്ച്കൂട്ടി ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പിന്നീട് ഒരു മതസമൂഹത്തിന്റെ അഭ്യന്തര വിഷയത്തില്‍ പ്രാമാണികമായി ഇടപെടാനുള്ള അവരുടെ ആധികാരികതയുമാണവ . തങ്ങളുടെ ശരി സ്ഥാപിക്കുവാന്‍ അവര്‍ ഉപയോഗിക്കുന്ന രേഖകളുടെ സ്രോതസുകളെ മറുവശത്ത് അവര്‍ മൊത്തത്തില്‍ നിരാകരിക്കുന്നവരാണ്താനും. എം.എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, സുഗതകുമാരി തുടങ്ങിയവര്‍ അടുത്തിടെ പ്രമാദ വിഷയങ്ങളില്‍ ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലുമായി നടത്തിയ മുസ്‌ലിം വിമര്‍ശനത്തിന്റെ ആകെ ചുരുക്കം ഇസ്‌ലാമിക നിയമ വ്യവസ്ഥ പുരുഷകേന്ദ്രീകൃതവും സ്ത്രീയെ ഉപഭോഗ വസ്തു മാത്രമായി ചുരുക്കുന്നതുമാണ് എന്നാണ്.
മുത്വലാഖ് പുരുഷാധിപത്യത്തിന്റെ നഗ്നമായ ചിന്നം വിളിയാണെന്നും പൗരോഹിത്യ സൃഷ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിഷയത്തിന്റെ ഇസ്‌ലാമികപക്ഷത്തെ സാധൂകരിക്കുന്നതിന് മുന്‍പ് സെക്യുലര്‍ വിമര്‍ശകരോട് ഒരൊറ്റ ചോദ്യം ഉന്നയിക്കട്ടെ, ലോകത്തുള്ള ഇസ്‌ലാമല്ലാത്ത സകലമത, മതേതര, നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിലും നടക്കുന്ന വിവാഹമോചനങ്ങള്‍ ദമ്പതികള്‍ നേരിട്ടോ അല്ലാതെയോ കൈമാറുന്ന ഒരു വാക്യത്തിന്റെയോ എഴുതി തയാറാക്കിയ കുറിപ്പിന്റെയോ അടിസ്ഥാനത്തില്‍ തന്നെയാണ്.
നിയമ പീഠത്തിലെ മുന്‍നടപടികളെന്ന വഴിപാടിന്‌ശേഷം ഒരൊപ്പില്‍ പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യവും എണ്ണം പറഞ്ഞ സന്താനങ്ങളുമുള്ള ദാമ്പത്യം ഇല്ലാതാകുന്നു. ഒരു കുറിവരയില്‍ കോടതിയില്‍ ദാമ്പത്യം തീരുന്നതും ഒറ്റവാചകത്തില്‍ ലോകമാസകലം ദാമ്പത്യം വേര്‍പ്പെടുത്തുന്നതും സ്വാഭാവികമാണെന്ന് അംഗീകരിക്കുന്ന ബുദ്ധിയില്‍, ഒറ്റവാചകത്തില്‍ കാര്യം തീര്‍ക്കാതെ മാസങ്ങളുടെ ഇടവേളയും വീണ്ടുവിചാര സൗകര്യവും ലഭിക്കും വിധം മൂന്ന് ഘട്ടങ്ങളുള്ള മുസ്‌ലിംവിവാഹമോചനം മാത്രം ശരികേടാകുന്നത് എങ്ങനെ? മൂന്നും ഒന്നിച്ച് ചൊല്ലാവുന്ന പഴുത് ചുരുങ്ങിയത് ഫലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന ഒറ്റവാക്യവിവാഹമോചനത്തിന് തുല്യമെങ്കിലുമായി കാണേണ്ടതല്ലേ. മുസ്‌ലിം വിവാഹമോചനത്തില്‍ മാത്രമെന്താണിത്ര 'കൂരിരുട്ടിലെ കരിമ്പൂച്ച' എന്നാണ് മനസിലാവാത്തത് .
ഇസ്‌ലാമിക വിരുദ്ധമായ ചില നാട്ടുനടപ്പുകളുടെ സ്വാഭാവിക വല്‍ക്കരണത്തെ സമുചിതമായി പ്രതിരോധിക്കുന്നതില്‍ മുസ്‌ലിം പൊതു സമൂഹം അലംഭാവം കാട്ടിയിട്ടുണ്ടെന്ന് അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടെ, സെക്യുലര്‍-അള്‍ട്രാസെക്യുലര്‍ പക്ഷത്തിന്റെ ആരോപണങ്ങളില്‍ തരിമ്പും ശരിയില്ല. മതത്തെ സമൂഹത്തില്‍ നിന്നും ശാസ്ത്രത്തില്‍ നിന്നും വേറിട്ട് നിര്‍ത്താന്‍ മധ്യകാലയൂറോപ്പില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ രൂപപ്പെടുത്തിയ സ്വയംകൃതാധികാരമാണ് പൗരോഹിത്യം. അങ്ങനെ ഒരു സംവിധാനം സാമൂഹിക ഇസ്‌ലാമിലില്ല.
മുത്വലാഖ് അടക്കമുള്ള ഇസ്‌ലാമിക വിവാഹമോചന ചര്‍ച്ചയില്‍ അധികവും പറയപ്പെടാത്ത ഒന്നുണ്ട്. ഇസ്‌ലാം ത്വലാഖിനെ പരിചയപ്പെടുത്തുന്നത് അടിസ്ഥാന പരമായി ചൊല്ലാനല്ല, ചൊല്ലാതിരിക്കാനാണ് എന്നതാണത്. ഇസ്‌ലാമിക ജീവിതപദ്ധതിയുടെ സമഗ്രതയുടെ ഭാഗമായി കണിശവും കര്‍ശനവുമായ വ്യവസ്ഥയുടെ ഭാഗമായി വിവാഹമോചനത്തിനുള്ള അവസരങ്ങള്‍ ബാക്കിയാക്കുകയും ചെയ്തു. വിവാഹമോചന മാര്‍ഗം ഇസ്‌ലാമാണ് തുടങ്ങി വച്ചത് എന്ന രൂപത്തിലാണ് ഇന്നത്തെ പ്രചാരണങ്ങളത്രയും.
പക്ഷെ പുരാതന സമൂഹത്തില്‍ തലങ്ങും വിലങ്ങും നടന്നിരുന്ന വിവാഹമോചനത്തെ ഇസ്‌ലാം ദൈവകോപമുള്ള നിയമവഴിയായി വ്യവസ്ഥപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാം വിമര്‍ശകരെ പിന്തുണയ്ക്കുന്ന ചില പരിഷ്‌കൃത സര്‍ഗാത്മക ഹരിതക്കാര്‍ ഒന്നാലോചിക്കണം; കുപിതനായ പുരുഷന്‍ മൂന്ന് ത്വലാഖും ഒന്നിച്ച് മൊഴിഞ്ഞ് സ്ത്രീത്വത്തെ എളുപ്പത്തില്‍ അനാഥമാക്കുന്നുവെന്നതാണ് പ്രശ്‌നമെങ്കില്‍, ഒരു പുരുഷന്‍ മനഃപൂര്‍വം അവധാനതയോടെ മൂന്നും മൂന്ന് ഘട്ടങ്ങളില്‍ മൊഴിഞ്ഞാലും ഒന്ന് മൊഴിഞ്ഞ് ദീക്ഷാകാലത്തില്‍ തിരിച്ചെടുക്കാതിരുന്നാലും സ്ത്രീത്വം അനാഥമാകുന്ന പ്രശ്‌നം ഉദിക്കുന്നുണ്ട്.
ആദ്യത്തേത് തല്‍ക്ഷണകൃത്യം, രണ്ടാമത്തേത് ക്ഷണദീര്‍ഘ കൃത്യം. അത്രതന്നെ! വിവാഹമോചനം തന്നെ അന്യായമാണെന്ന വാദം ഏറ്റവും വലിയ സ്ത്രീ വിരുദ്ധതയാണെന്നതില്‍ പക്ഷാന്തരവുമില്ല. മുത്വലാഖ് നിരോധിച്ചത് കൊണ്ട് തീരുന്നതല്ല ആ 'അകാലഅനാഥത്വം' എന്ന് ചുരുക്കം. അപ്പോള്‍ പിന്നെ മുത്വലാഖിനെ മറ്റൊരു നിലയില്‍ വായിക്കേണ്ടത് അനിവാര്യമാകുന്നു.
ഒരുമതത്തിന്റെ നിയമത്തിന്റെ സാംഗത്യം നിരൂപണം ചെയ്യേണ്ടത് ആമതത്തിന്റെ പൊതുനിര്‍ണയങ്ങള്‍ ആധാരമാക്കിയിട്ടായിരിക്കണം. ഇസ്‌ലാമിക വിവാഹമോചനം ഇസ്‌ലാമിക വിവാഹവുമായി ബന്ധപ്പെട്ടതാണ്. പവിത്രമായ കരാറിന്‍മേല്‍ കെട്ടിപ്പടുക്കുന്ന ഹൃദയമിനാരമാണ് ഇസ്‌ലാമിക ദാമ്പത്യം. നൂലിഴകളുടെ ഇണക്കം പോലെ വിചാര വികാര വായ്പ്പുകളുടെ ഏകവര്‍ണ്ണത്തില്‍ കോര്‍ക്കപ്പെടുന്ന ദമ്പതിമാരെയാണ് ഖുര്‍ആനും തിരുഹദീസും സൃഷ്ടിക്കുന്നത്.
ദാമ്പത്യേതര കലഹങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന ഘട്ടങ്ങളില്‍ ഉച്ചരിക്കുന്ന മാരക പദങ്ങള്‍ ദാമ്പത്യത്തില്‍ ഒരിക്കലും കടന്നുവരരുതെന്ന് മതത്തിന് കര്‍ശനശാഠ്യമുണ്ട്. ഗൃഹാന്തരീക്ഷം നരകതുല്യമാകാനും സന്താനങ്ങള്‍ക്ക് മനോവൈകല്യങ്ങള്‍ ബാധിക്കാനും ആത്യന്തികമായി അല്ലാഹുവിന്റെ അപ്രീതിക്ക് വിധേയനാവാനും അത് കാരണമാകും. ഈ ഒരു കാഴ്ചപ്പാടില്‍ ദൈവഭയമുള്ള ദമ്പതികള്‍ മുത്വലാഖിന്റെ നിയമസാധ്യത വാക്കുകളുടെ ഉപയോഗ വിഷയത്തില്‍ വലിയ ജാഗ്രതാബോധം ഉണര്‍ത്തുന്നു. പറഞ്ഞുപോയതിന്റെ പേരില്‍ ഖേദിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രതരായിരിക്കും. ഊരാക്കുടുക്കുണ്ടാക്കുന്ന ഉരിയാട്ടമാണ് മൂന്നും ഒന്നിച്ച് ചൊല്ലുന്ന മുത്വലാഖ് എന്നറിയുന്ന സത്യവിശ്വാസികളായ പുരുഷന്‍ ത്വലാഖിന്റെ വാചകങ്ങളില്‍ നിന്നും സ്വയം അകലം തീര്‍ത്ത് സംസാരിക്കും. അതായത്; മുത്വലാഖ് സാധുത എന്ന ഭീതി മുസ്‌ലിം ദമ്പതികള്‍ക്കിടയില്‍ സംവേദന സൂക്ഷ്മതയും ഫലത്തില്‍ സ്‌നേഹവും വര്‍ധിപ്പിക്കുമെന്നാണ് ചെയ്യുക എന്ന് ചുരുക്കം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."