മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്
മൂവാറ്റുപുഴ: ആനക്കൊമ്പ് കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ മോഹന്‍ലാലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഉത്തരവ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആനക്കൊമ്പ് കൈമാറിയവര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഡിസംബര്‍ 13നകം വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
2011ലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ പിടികൂടിയിരുന്നത്. സംഭവം വിവാദമായതോടെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയുണ്ടായിരുന്നില്ല.
പിന്നീട് വനംവകുപ്പ് ആനക്കൊമ്പ് കൈവശം സൂക്ഷിക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കുകയായിരുന്നു.
വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ മൂലമാണ് കേസില്‍ നടപടി ഉണ്ടാകാതിരുന്നതെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ കേസ് വീണ്ടും സജീവമാകുന്നു. 2011 ഡിസംബറിലാണ് രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.
ആനക്കൊമ്പ് കൈവശംവച്ചത് നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുമിറക്കി. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. നിയമവിരുദ്ധമാണെന്ന് അറിയാതെയാണ് ആനക്കൊമ്പ് സൂക്ഷിച്ചതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. എന്നാല്‍, ഇത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഹരജിക്കാര്‍ വാദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ രേഖകളും വാദിഭാഗം നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളാണ് ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നത്. ആനക്കൊമ്പുകള്‍ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് 65,000 രൂപയ്ക്ക് വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.
ആനക്കൊമ്പ് നിലവില്‍ വനംവകുപ്പിന്റെ ചുമതലയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് സൂക്ഷിക്കുന്നത്.
മോഹന്‍ലാലിനും തിരുവഞ്ചൂരിനും പുറമേ മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ, കോടനാട് റെയ്ഞ്ച് ഓഫിസര്‍ ഐ.പി സനല്‍, സംഭവം നടക്കുമ്പോള്‍ സിറ്റി പൊലിസ് കമ്മിഷണറായിരുന്ന കെ. പത്മകുമാര്‍, തൃക്കാക്കര അസി.പൊലിസ് കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍, മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാര്‍, തൃശൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."