റോഡ് വികസനത്തിന് കിഫ്ബിയ്ക്ക് നബാര്‍ഡിന്റെ സഹായമെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസനത്തിന് സര്‍ക്കാര്‍ രൂപീകരിച്ച കേരള ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) നബാര്‍ഡിന്റെ സഹായമെത്തും. ഏതാണ്ട് 5,000 കോടി രൂപയുടെ സഹായമാണ് നബാര്‍ഡില്‍ നിന്നെത്തുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നബാര്‍ഡ് ചെയര്‍മാനും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി മുംബൈയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. അന്നു തന്നെ നബാര്‍ഡ് കേരളത്തിലെ വന്‍കിട പദ്ധതികള്‍ക്ക് സഹായ വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് നവംബര്‍ ആദ്യ വാരം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം സംസ്ഥാനത്തെ പതിനാറു റോഡ് വികസന പദ്ധതികള്‍ നടത്താന്‍ നബാര്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി വീണ്ടും നബാര്‍ഡിനെ സമീപിച്ച് വന്‍കിട പദ്ധതികള്‍ സംസ്ഥാനത്ത് പുതുതായി രൂപം കൊണ്ട കിഫ്ബി വഴിയാണ് നടപ്പിലാക്കുന്നതെന്നും അതിനായി ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നബാര്‍ഡ് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നബാര്‍ഡിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് അസിസ്റ്റന്റ് ഫണ്ടില്‍ നിന്നും പണം അനുവദിക്കുന്നത്. റോഡു വികസന പദ്ധതികള്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ വന്‍കിട പദ്ധതികളും ഇനി കിഫ്ബി വഴിയായിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുക. കിഫ്ബിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 കോടി രൂപ സര്‍ക്കാര്‍ കിഫ്ബിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."