വിവാദ വെളിപ്പെടുത്തലുകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
മുംബൈ: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ലൈംഗിക ചൂഷണത്തിനു ഇരയായിരുന്നുവെന്നു മുന്‍ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സോന ചൗധരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 'ഗെയിം ഇന്‍ ഗെയിം' എന്ന പേരിലെഴുതിയ പുസ്തകത്തിലാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകള്‍ മുന്‍ ക്യാപ്റ്റന്‍ നടത്തിയത്.
താരങ്ങളെ പരിശീലകനും മാനേജ്‌മെന്റിലെ അംഗങ്ങളും സെക്രട്ടറിയും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാക്കിയിരുന്നു. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ താരങ്ങള്‍ പല വിട്ടുവീഴ്ചകള്‍ക്കും നിര്‍ബന്ധിതരായിരുന്നു.
ടീമില്‍ സ്ഥിരാംഗമായിരുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നുവെന്നും സോന പുസ്തകത്തില്‍ പറയുന്നു. ഇത്തരം ചൂഷണങ്ങളെ ചെറുക്കാന്‍ താരങ്ങള്‍ക്ക് പലപ്പോഴും സ്വവര്‍ഗ്ഗാനുരാഗികളായി അഭിനയിക്കേണ്ടി വന്നിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങള്‍ നടത്തുമ്പോള്‍ താരങ്ങള്‍ക്കുള്ള മുറിയില്‍ തന്നെയാകും പരിശീലകരടക്കമുള്ളവരുടെയും താമസം. നിരന്തരം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയ ടീമിലെന്ന പോലെ സംസ്ഥാന ടീമുകളിലുംഇത്തരം ചൂഷണങ്ങള്‍ പതിവായിരുന്നു. മാനസിക പീഡനങ്ങളും ഒപ്പം പല വിട്ടുവീഴ്ചകള്‍ക്കും അധികാരികള്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും സോന പറയുന്നു.
1998ലെ ഏഷ്യാ കപ്പിനിടെ കാല്‍മുട്ടിനും പുറത്തുമേറ്റ പരുക്കിനെ തുടര്‍ന്നു കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് സോന ചൗധരി.
താരത്തിന്റെ ആരോപണത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്നു കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."