ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ സ്വതന്ത്ര തലവന്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) സ്വതന്ത്ര ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ തലപ്പത്ത് എത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചല്ല ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതാദ്യമായാണ് ഒരു രാജ്യത്തെയും പ്രതിനിധീകരിക്കാത്ത ചെയര്‍മാനെ ഐ.സി.സിക്കു ലഭിക്കുന്നത്.
ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവച്ചിരുന്നു. ഐ.സി.സിയുടെ പുതിയ നിയമമനുസരിച്ച് ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് ഐ.സി.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്കു രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും നിയമമുണ്ട്. ഇതിന്റെ ഭാഗമായാണ് ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
ഐ.സി.സി നിയമമനുസരിച്ച് സമിതിയിലെ ഓരോ പ്രതിനിധിക്കും ഒരംഗത്തെ നിര്‍ദേശിക്കാം. എന്നാല്‍ മറ്റൊരാളും മത്സരിക്കാന്‍ രംഗത്തില്ലാത്തതിനെ തുടര്‍ന്നാണ് മെയ് 23നു നിശ്ചയിച്ച തെരഞ്ഞെടുപ്പിന്റെ സമയം വരെ കാത്തു നില്‍ക്കാതെ ശശാങ്ക് മനോഹറെ ഏകകണ്‌ഠേന തിരഞ്ഞെടുത്തത്. അഭിഭാഷകനായ ശശാങ്ക് മനോഹര്‍ 2008 മുതല്‍ 2011 വരെ ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. പിന്നീട് ബി.സി.സി.ഐ പ്രസിഡന്റായിരിക്കെ മരിച്ച ജഗ്‌മോഹന്‍ ഡാല്‍മിയക്ക് പകരം അദ്ദേഹം താത്കാലിക പ്രസിഡന്റായി. 2015 ഒക്ടോബറില്‍ അദ്ദേഹം ബി.സി.സി.ഐയുടെ തലവനായി വീണ്ടും അധികാരത്തിലെത്തി.
ചെയര്‍മാന്‍ സ്ഥാനം തനിക്കു ലഭിച്ച അംഗീകാരമാണ്. തന്റെ കഴിവിലും പ്രവര്‍ത്തിയിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ച മറ്റംഗങ്ങളോടു നന്ദി പറയുന്നതായി ശശാങ്ക് മനോഹര്‍ പറഞ്ഞു.
ഡി.ആര്‍.എസ് (അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം) എതിര്‍ക്കുന്ന ഇന്ത്യയെ അനുനയിപ്പിക്കുകയാണു ശശാങ്ക് മനോഹര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഐ.സി.സിയില്‍ സ്ഥിരാംഗത്വമുള്ള ടീമുകളില്‍ ഇന്ത്യ മാത്രമാണ് ഡി.ആര്‍.എസ് എതിര്‍ക്കുന്നത്. ഈ വിഷയത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശശാങ്ക് എന്തു തീരുമാനമെടുക്കമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."