സംഘര്‍ഷ കാരണം കശ്മിര്‍; ചര്‍ച്ചയ്‌ക്കൊരുക്കം: പാകിസ്താന്‍
ബകു (അസര്‍ബൈജാന്‍): ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം കശ്മിരാണെന്നും വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും പാകിസ്താന്‍.
പാക് പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഇന്നലെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. കശ്മിര്‍ പ്രശ്‌നം ഗൗരവത്തിലെടുക്കാന്‍ ഇന്ത്യ തയാറാണെങ്കില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു പാകിസ്താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് അസ്വാരസ്യം തുടരുന്നതിനിടെയാണ് നവാസ് ഷരീഫിന്റെ പ്രസ്താവന. അസര്‍ബൈജാനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഒട്ടേറെ തവണ പാകിസ്താന്‍ തയാറായതാണെന്നും സമയം നല്‍കിയതാണെന്നും പറഞ്ഞ അദ്ദേഹം, എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ലെന്നും കുറ്റപ്പെടുത്തി. മേഖലയിലെ സംഘര്‍ഷത്തിനു പ്രധാന കാരണം കശ്മിരാണെന്നും ആ വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇന്ത്യ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉറിയില്‍ നടന്ന ഭീകരാക്രമണത്തിലെ പങ്ക് നിഷേധിക്കാതിരുന്ന അദ്ദേഹം, ആക്രമണം നടന്ന് ആറു മണിക്കൂറിനകം വിഷയത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചതെന്ന് വിമര്‍ശിച്ചു.
തെളിവുകളില്ലാതെയായിരുന്നു ഈ കുറ്റപ്പെടുത്തല്‍. അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തെ കുറിച്ചോ മേഖലയില്‍ പാകിസ്താന്‍ സൈന്യം ഇപ്പോഴും നടത്തുന്ന ആക്രമണങ്ങളെ കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."