ബാഴ്സയ്ക്കും ചെല്‍സിക്കും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ചെല്‍സി, ആഴ്സണല്‍, ടീമുകള്‍ക്ക് ജയം. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി. ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്മാരായ ലെയ്സ്റ്റെര്‍ സിറ്റിയെയാണ് പരാജയപ്പെടുത്തിയത്. ഡീഗോ കോസ്റ്റ, ഏദന്‍ ഹസാര്‍ദ്, വിക്ടര്‍ മോസസ് എന്നിവര്‍ ചെല്‍സിക്കായി സ്കോര്‍ ചെയ്തു. തുടരെയുള്ള ആക്രമണത്തിലൂടെ ലെയ്സ്റ്റെറിനെ ഞെട്ടിച്ച ചെല്‍സി ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്നു. ഏഴാം മിനുട്ടില്‍ കോസ്റ്റയും 33ാം മിനുട്ടില്‍ ഹസാര്ദുമാണ് സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ മോസസ് കൂടി സ്കോര്‍ ചെയ്തതോടെ വമ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു ചെല്‍സി.
സ്വാന്‍സി സിറ്റിയോട് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ആഴ്സണല്‍ ജയം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഗണ്ണേഴ്സിനായി തിയോ വാല്‍ക്കോട്ട് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ മെസുറ്റ് ഒസിലപ് സ്വന്തമാക്കി.
ഗില്‍ഫി സിഗൂഡ്സന്, ബോര്‍ജ എന്നിവരാണ് സ്വാന്സിയുടെ സ്കോറര്‍മാര്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ 1-1ന് എവര്‍ട്ടനാണ് സമനിലയില്‍ തളച്ചത്. സിറ്റിക്കായ നോളിറ്റോയും എവര്‍ട്ടനായി ലുകാകുവും ഗോള്‍ നേടി. മറ്റു മത്സരങ്ങളില്‍ ബേണ്‍മൗത്ത് ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെയും സ്റ്റോക് സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് സണ്ടര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ്ബ്രോം 1-1ന് ടോട്ടനത്തെ സമനിലയില്‍ കുരുക്കി.
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വമ്പന്മാരായ ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളിന് ഡീപോര്‍ട്ടീവോ ലാ കൊരുണയെ പരാജയപ്പെടുത്തി. പരുക്ക് ഭേദമായി ലയണല്‍ മെസ്സി തിരിച്ചെത്തിയ മത്സരത്തില്‍ റഫീന ഇരട്ട ഗോള്‍ നേടി. ശേഷിച്ച ഗോള്‍ സുവാരസും മെസ്സിയും സ്വന്തമാക്കി.
മറ്റു മത്സരങ്ങളില്‍ സെവിയ്യ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ലെഗാനസിനെ പരാജയപ്പെടുത്തിയപ്പോള്‍ എസ്പാന്യോള്-ലാസ് പാല്‍മാസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും സമനില. ബയേണിനെ 2-2ന് ഐന്ത്രാഷ് ഫ്രാങ്ക്ഫര്‍ട്ടും ബൊറൂസിയയെ 1-1ന് ഹെര്ത്തയുമാണ് സമനിലയില്‍ കുരുക്കിയത്.
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് റോമ പരാജയപ്പെടുത്തി. ഡിസീക്കോ റോമയ്ക്കായി ഇരട്ട ഗോള്‍ നേടി. ശേഷിച്ച ഗോള്‍ മുഹമ്മദ് സലായുടെ വകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."