ബഹുസ്വരതകളെ ഹിന്ദുത്വ ദേശീയതയിലേക്കു ചുരുക്കുന്നു: മുഖ്യമന്ത്രി
തൃശൂര്‍: സാംസ്‌കാരിക ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തി ബഹുസ്വരതകളെ ഹിന്ദുത്വ ദേശീയതയിലേക്ക് - ചുരുക്കാനുളള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അക്കാദമി ഓഡിറ്റോറിയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷ ഒരു സമൂഹത്തിന്റെ സംസ്‌കാരമാണ് എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഉപ സംസ്‌കൃതികളെയും ഉപദേശീയതകളെയും മുഴുവന്‍ ഉള്‍ക്കൊള്ളത്തക്കരീതിയില്‍ ഇന്ത്യയുടെ ബഹുസ്വരത പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ട് ഭാഷാ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കാനാണ് അന്നത്തെ ദേശീയ നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍ അറുപതു കൊല്ലങ്ങള്‍ക്കുശേഷം ഇന്ത്യന്‍ സംസ്‌കാരത്തിലെ ഉപസംസ്‌കൃതികളുടെ ബഹുസ്വരത എവിടെ എത്തിനില്‍ക്കുന്നു എന്ന കാര്യം പറയേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ മുഴുവന്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആ ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് ഗോവിന്ദ് ബന്‍സാരെ, കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍ തുടങ്ങിയ എഴുത്തുകാര്‍ വധിക്കപ്പെട്ടതില്‍ കാണുന്നത്.
സര്‍വ്വാദരണീയനായിരുന്ന യു. ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്കു പോകാനുള്ള ടിക്കററ് മരണക്കിടക്കയില്‍ എത്തിച്ചു കൊടുത്ത് അസഹിഷ്ണുതയുടെ ശക്തികള്‍ സാംസ്‌കാരിക വൈവിധ്യത്തെ ധ്വംസിച്ച് മതാടിസ്ഥാനത്തിലുളള എക ശിലാരൂപമായ ഒരു മതാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇത്തരമൊരു കാലത്ത് എഴുത്തുകാരന്റെ എഴുതാനുളള സ്വാതന്ത്യം സംരക്ഷിക്കാനുള്ള പോരാട്ടം അക്കാദമി ഏറ്റെടുക്കേണ്ടതുണ്ട്.
ഇത്തരമൊരു ദേശീയ പശ്ചാത്തലത്തിലാണ് നമ്മുടെ സാഹിത്യ അക്കാദമി അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിന് പ്രത്യേക പ്രാധാന്യമുള്ളത്. ഇന്ത്യന്‍ സാംസ്‌കാരിക ബഹുസ്വരതയെ നിലനിര്‍ത്താനും അതോടൊപ്പം തന്നെ മലയാളത്തിന്റെ ഭാഷാസാഹിതീയ സംസ്‌കാരങ്ങളെ ഈ വൈവിധ്യങ്ങള്‍ക്ക് നടുവിലും ഉയര്‍ത്തിപിടിക്കാനും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മപരിപാടികളിലൂടെ അക്കാദമിക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."