സാമൂഹ്യവിരുദ്ധരുടെ ശല്യം തടയാന്‍ മുസ്ലിം ലീഗ് രംഗത്ത്
താമരശ്ശേരി: കൂടത്തായിയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വര്‍ധിച്ച സാഹചര്യത്തില്‍ ഇതു ചെറുക്കുന്നതിനായി ബഹുജന പങ്കാളിത്തത്തോടെ വിവിധ കര്‍മ്മ പരിപാടികളുമായി മുസ്ലിം ലീഗ് രംഗത്ത്. വൈകുന്നേര സമയങ്ങളിലും രാത്രി കാലങ്ങളിലും കൂടത്തായി പരിസരങ്ങളില്‍ കഞ്ചാവും മദ്യവും മയക്കുമരുന്നുകളും വ്യാപകമായി വില്‍ക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സാമൂഹ്യ വിരുദ്ധര്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്യുന്നതായും മോഷണങ്ങള്‍ പെരുകുന്നതായും പരാതിയുണ്ട്.
ഒന്നാം ഘട്ടമായി 18ന് വൈകുന്നേരം 6.30ന് കൂടത്തായി അങ്ങാടിയില്‍ നിശാ ധര്‍ണ നടത്തും. ധര്‍ണ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കേരള മദ്യ നിരോധന സമിതി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ പങ്കെടുക്കും.
തുടര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. കൂടത്തായിയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളില്‍ പൊലിസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് കത്തു നല്കി.
യോഗത്തില്‍ വി.കെ ഇമ്പിച്ചിമോയി അധ്യക്ഷനായി. അഷ്റഫ് കൂടത്തായി, സി.കെ. ആലിക്കുട്ടി, പി.പി കുഞ്ഞിമുഹമ്മദ്, എ.കെ ഹംസ, റഫീക്ക് കാക്കോഞ്ഞി, ടി.കെ അബ്ദുല്‍ ഖാദര്‍ ജീലാനി, എ.കെ മജീദ്, പി.ടി ആലിക്കുട്ടി ഹാജി, ഒ.പി മുഹമ്മദ് ഹാജി, ഷാഫി പി.ടി, വി.കെ മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."