ഈ കുട്ടികളോടു കാണിക്കാം അല്പം കാരുണ്യം
പാനൂര്‍: പാത്തിപ്പാലത്തെ അങ്കണവാടി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. പത്തുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെട്ടിടം നാശോന്മുഖമായി അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തിലേറെയായി പഞ്ചായത്ത് ഹാളിലെ സ്റ്റേജിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സംഘടനകളും പഞ്ചായത്തും ഹാളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്റ്റേജിന്റെ അങ്കണവാടിയുടെ ഭാഗം കര്ട്ടന് കൊണ്ട് മറക്കാറാണ് പതിവ്. പ്രധാന പരിപാടികളാണെങ്കില്‍ വേറെ വഴിയില്ലാതെ അങ്കണവാടി കുട്ടികളും സദസിന്റെ ഭാഗമാകും.
സ്ഥലം ലഭ്യമായാല്‍ അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ പ്രയാസമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വിമല പറയുന്നു. കെട്ടിടം നിര്‍മിക്കാന്‍ മൂന്ന് സെന്റ് സ്ഥലം മതിയാകും.
എന്നാല്‍ ടൗണിനോടു ചേര്‍ന്നുള്ള അങ്കണവാടിയായതിനാല് ഭീമമായ തുക ഇതിനാവശ്യമാണ്. പഴശ്ശി പ്രൊജക്ടിന്റെ ഭാഗമായുള്ള സ്ഥലം വിട്ടുകിട്ടിയാല്‍ ഇപ്പോഴത്തെ അവസ്ഥക്ക് പരിഹാരമാകും. സര്‍ക്കാര്‍തലത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ഫണ്ട് നീക്കിവയ്ക്കുമ്പോഴും സ്വന്തമായി കെട്ടിടം എന്ന ആഗ്രഹം ഇവര്‍ക്ക് സ്വപ്നമായി മാത്രം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."