സഊദി- ഇറാന്‍ നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ തുര്‍ക്കി ശ്രമം; എട്ടു വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കണമന്ന് സഊദി
റിയാദ്: നയതന്ത്രബന്ധം പാടെ ഇല്ലാതാവുകയും വിവിധ വിഷയങ്ങളില്‍ പരസ്പരം കൊമ്പ് കോര്‍ക്കുകയും ചെയ്യുന്ന പ്രധാന അറബ് രാജ്യമായ സഊദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയിലാക്കുന്നതിന് തുര്‍ക്കി ശ്രമം തുടങ്ങി. ഇരുരാജ്യങ്ങളും ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമം നടത്തുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവലുത്ത് ജുവുസോ ഗ്ലു വ്യക്തമാക്കി.
എന്നാല്‍, മധ്യസ്ഥ ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ഇറാനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ എട്ടു വ്യവസ്ഥകള്‍ തെഹ്‌റാന്‍ ഭരണകൂടം അംഗീകരിക്കണമെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു. സഊദിയുടെ ആവശ്യം ഇറാന് നല്ല ബോധ്യമുണ്ടാകുമെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.
സഊദിയുടെയും മറ്റു സഖ്യരാഷ്ട്രങ്ങളിലെയും ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ വിട്ടു നില്‍ക്കുക, ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ഇറാന്‍ വിട്ടു നില്‍ക്കുക, ഈ രാജ്യങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തരുത്, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിരക്ഷ നല്‍കുകയും എംബസി സുരക്ഷിതത്വവും ഉറപ്പുവരുത്തുക, ലോകത്താകമുളള ശിയാക്കളുടെ രക്ഷാധികാരം തങ്ങള്‍ക്കാണെന്ന ധാരണ ഉപേക്ഷിക്കണം, സഊദിയടക്കമുള്ള രാജ്യങ്ങളിലെ ശിയാക്കള്‍ അവിടുത്തെ തനെ പൗരന്മാരാണ്, ഇവരുടെ കാര്യങ്ങളില്‍ ഇറാന്‍ ഇടപെടരുത് എന്നീ ആവശ്യങ്ങളാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപനത്തിനായി സഊദി അറേബ്യ മുന്നോട്ടു വെക്കുന്നത്.
വ്യവസ്ഥകള്‍ പാലിക്കാന്‍ ഇറാന്‍ ഒരുക്കമായാല്‍ മികച്ച അയല്‍ ബന്ധം സ്ഥാപിക്കാന്‍ സഊദി ഒരുക്കമാണെന്നും സഊദി വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. സിറിയയില്‍ പ്രശ്‌ന പരിഹാരത്തിനായി തുര്‍ക്കി നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഉദ്യേശ ശുദ്ധിയില്‍ സഊദിക്ക് വിശ്വാസമാണ്. സഊദി നിലപാട് തന്നെയാണ് തുര്‍ക്കി തുടരുന്നത്. തുര്‍ക്കിയും റഷ്യയും സിറിയന്‍ പ്രശ്‌നത്തില്‍ ഉടലെടുത്ത പ്രശ്‌നത്തിനു പരിഹാരമായിട്ടുണ്ടെന്നും ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."