തിരുനക്കര ശിവന്റെ അന്‍പതാം പിറന്നാള്‍ അവിസ്മരണീയമാക്കി അക്ഷരനഗരി
കോട്ടയം: അക്ഷരനഗരിക്ക് ഗജസൗന്ദര്യകാഴ്ച്ചയുടെ പൊന്‍കണിയൊരുക്കിയ ഗജവീരന്‍ തിരുനക്കര ശിവന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിച്ചു.ആനപ്രേമികളെയും നാട്ടുകാരെയും ആവേശത്തിലാക്കിയ ഞായറാഴ്ച്ചയായിരുന്നു ഇന്നലെ.തങ്ങളുടെ പ്രിയ ഗജവീരന്റെ അന്‍പതാം പിറന്നാളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ആനന്ദത്തിലായിരുന്നു ആനപ്രേമികള്‍. നിലത്തുഴയുന്ന തുമ്പിക്കൈയുടെ ഉടമയായ ശാന്ത സ്വരൂപന്‍ ഗജശ്രേഷ്ഠന്റെ പിറന്നാള്‍ ദിനത്തില്‍ ഗജരാജപട്ടവും സമ്മാനിച്ചു.
ദേവസ്വം ബോര്‍ഡിന്റെയും തിരുനക്കര ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ ചടങ്ങിലാണു ശിവനെ ആദരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ എട്ടിനു താഴമണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. തിരുനക്കര ശിവനെ കൂടാതെ പന്മന ശരവണന്‍, ഹരിപ്പാട് സ്‌കന്ദന്‍, ആദിനാട് സുധീഷ്, ചെറുവള്ളി കുസുമം എന്നീ ആനകളും പങ്കെടുത്തു. തുടര്‍ന്നു ശിവനെ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് ആനയിച്ചു. ഇതിനിടയില്‍ അക്ഷരനഗരിയുടെ അഭിമാനമായി മാറിയ ശിവന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നവരുടെ കാഴ്ച്ചയായിരുന്നു തിരുനക്കരയില്‍.
കുസൃതിക്കുറമ്പനൊപ്പം നിന്നു ചിത്രമെടുക്കാന്‍ ആനപ്രേമികള്‍ തിരക്കുകൂട്ടിയപ്പോള്‍ വി.വി.ഐ.പി പരിഗണനയായിരുന്നു തിരുനക്കരയുടെ സ്വന്തം ശിവന് ലഭിച്ചത്. തിരുനക്കര ശിവന്റെ പിറന്നാള്‍ ആഘോഷവും നാട്ടാന പരിപാല നിയമ ശില്‍പ്പശാലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ആനകളെ പരിപാലിക്കുന്നതില്‍ അവബോധം ഇനിയും വേണമെന്നു മന്ത്രി പറഞ്ഞു.മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഗജകേസരികള്‍. ക്ഷേത്രങ്ങളിലും മറ്റ് ആരാധനലായങ്ങളിലും എത്തുന്ന ആനകളൊഴിച്ചാല്‍ ഏറെ പീഡിപ്പിക്കപ്പെടുന്ന മൃഗമാണ് ആന. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. ചടങ്ങില്‍ 33 ആനകളെ കുറിച്ച് പുറത്തിറക്കിയ പുസ്തകം മന്ത്രി കലക്ടര്‍ സി.എ. ലതയ്ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ശിവനു ഗജരാജപട്ടം സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മാരായ എം.പി. ഗോവിന്ദന്‍ നായര്‍, ടി. രാമന്‍ ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഓഫീസര്‍ ഡോ. ശശീന്ദ്രദേവ്, വെറ്റനറി ഓഫീസര്‍മാരായ ഡോ. ടി രാജീവ്, ഡോ. കെ ഉണ്ണികൃഷ്ണന്‍, ക്ഷേത്രാപദേശക സമിതി ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു 5000 പേര്‍ക്കായി പിറന്നാള്‍ സദ്യയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."