ഇതാണ് യഥാര്‍ഥ സൊമാലിയ
'സൊമാലിയന്‍ ജനത മൂന്നാംലോകത്തെ പട്ടിണിപ്പാവങ്ങളാണ്. പട്ടിണിമാറ്റാന്‍ അന്നംകൊടുക്കേണ്ടിടത്ത് ആ രാജ്യത്തേയ്ക്കു സമ്പന്നരാജ്യങ്ങള്‍ കയറ്റിയയച്ചത് തോക്കുകളും മറ്റ് ആയുധങ്ങളുമായിരുന്നു. പട്ടിണിമൂലം സോമാലിയക്കാര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍ ആ മണ്ണിലൂടെ തോക്കുമായി വിദേശസൈനികര്‍ റോന്തുചുറ്റുകയായിരുന്നു.'
അമേരിക്കന്‍ ഗ്രന്ഥകാരിയും എഴുത്തുകാരിയുമായി ബാര്‍ബറ എഹ്‌റെന്റിച്ചിന്റെ ഈ വരികള്‍ മറക്കാനാകില്ല. സൊമാലിയയിലെ പട്ടിണിയെക്കുറിച്ചും വറുതിയെക്കുറിച്ചും ദുരിതത്തെക്കുറിച്ചും എഴുതാത്തവര്‍ കുറവാണ്. എന്നാല്‍, ആ എഴുത്തുകള്‍ക്കൊന്നും ആ നാട്ടിലെ ദുരിതത്തിന്റെ ആയിരത്തിലൊന്ന് മറ്റുള്ളവരുടെ മനസ്സില്‍ അനുഭവമാക്കി മാറ്റാനായിട്ടില്ല. പട്ടിണിയും വറുതിയും ഇത്രയും ഭീകരമായി അനുഭവിക്കുന്ന ഒരു രാജ്യം ലോകത്തെങ്ങുമില്ല.
ഒട്ടിയവയറും അസ്ഥികൂടം തെളിഞ്ഞുകാണുന്ന തരത്തില്‍ എല്ലുംതോലും രൂപവുമുള്ള ലക്ഷക്കണക്കിനു മനുഷ്യക്കോലങ്ങള്‍. സൊമാലിയയെന്ന വാക്കുകേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ തെളിയുന്ന ചിത്രമതാണ്. പോഷകാഹാരമെന്നത് അവരുടെ ജീവിതനിഘണ്ടുവിലില്ല. ദിവസത്തില്‍ ഒരു നേരമെങ്കിലും അരവയര്‍ നിറയ്ക്കുകയെന്നതുപോലും അവര്‍ക്കു സ്വപ്നമായി അവശേഷിക്കുകയാണ്. ദിവസങ്ങളോളം പട്ടിണികിടക്കേണ്ടിവന്ന കാരണത്താല്‍ മരണത്തിനു കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരുടെ നാടാണു സൊമാലിയ. കയറിക്കിടക്കാന്‍ കൂരയില്ലാതെ തെരുവിലെ വെറുംതറയില്‍ മുഷിഞ്ഞുനാറിയ കമ്പിളിക്കീറിനുള്ളില്‍ അഭയംതേടുന്ന ലക്ഷങ്ങള്‍... അങ്ങനെ നീളുന്നു സൊമാലിയയെന്ന രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥ.
തുടര്‍ച്ചയായ വരള്‍ച്ചയും ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന വെള്ളപ്പൊക്കവും ആ നാടിന്റെ ശാപമാണ്. ഒരിക്കലും സുഖകരമല്ലാത്ത കാലാവസ്ഥ. ആഫ്രിക്കയുടെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നതുകൊണ്ട് അവിടുത്തെ മണ്ണു കൃഷിയോഗ്യമല്ല.
വളരെക്കുറഞ്ഞ പ്രദേശത്തുമാത്രമാണു കൃഷി നടക്കുന്നത്. സാക്ഷരതയെന്നതു സൊമാലിയയില്‍ നല്ലൊരു ശതമാനത്തിനും അത്ഭുതമുളവാക്കുന്ന വാക്കാണ്. ആസൂത്രണം ലവലേശമില്ലാത്ത അധികാരികള്‍ എല്ലാ ദുരിതങ്ങളെയും ശതഗുണീഭവിപ്പിക്കുന്നു. രാഷ്ട്രിയഭിന്നതകള്‍ എക്കാലത്തും പൊതുജീവിതത്തില്‍ അസ്വസ്ഥത നിലനിര്‍ത്തുന്നു. കടല്‍ക്കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ് ഈ നാട്ടിലെ തീരക്കടലെന്നതിനാല്‍ അന്യനാടുകളില്‍നിന്നു സഹായവുമായി കപ്പലുകള്‍ വഴിതെറ്റിപ്പോലും ഇതുവഴിയെത്തുന്നില്ല. സൊമാലിയയെ രക്ഷിക്കാനുള്ള സന്മനസ്സ് ലോകരാജ്യങ്ങളിലൊന്നിനുപോലുമില്ല.
സൊമാലിയ വിശപ്പിന്റെ പര്യായമാണ്. ലക്ഷക്കണക്കിനു സൊമാലിയക്കാര്‍ ഭീഷണമായ വരള്‍ച്ചയിലും വിശപ്പിലുംപെട്ട് വീടുവിട്ടു പലായനം ചെയ്തുകൊണ്ടേയിരിക്കുന്നു. എത്തിച്ചേരുന്ന കരകള്‍ അവര്‍ക്ക് പലപ്പോഴും അഭയസ്ഥാനമാകുന്നതുമില്ല. സൊമാലിയക്കാര്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നത് അന്നത്തിന്റെ രൂപത്തിലാണ്. കലാപവും ഭക്ഷ്യസാധനവിലക്കയറ്റവും വരള്‍ച്ചയും പുറംലോകത്തിന്റെ നിസംഗതയും ചേരുമ്പോള്‍ നരകം സൊമാലിയയിലേയ്ക്കിറങ്ങി വരുന്നു.
കന്നുകാലിവളര്‍ത്തലാണ് സൊമാലിയക്കാരുടെ പ്രധാനവരുമാനം. ആഭ്യന്തര ഉല്‍പ്പാദനവരുമാനം 575 കോടി ഡോളര്‍ മാത്രം. വളര്‍ച്ചാനിരക്ക് 2.6ശതമാനം. രാജ്യത്തെ 43ശതമാനം പേര്‍ക്കും ഒരു ദിവസം കൂലിയായി ലഭിക്കുന്നത് 60രൂപയില്‍ത്താഴെ. ആയൂര്‍ദൈര്‍ഘ്യം 50 വയസ്. 80ശതമാനംപേരും അന്തിയുറങ്ങാന്‍ ഇടമില്ലാതെ അലഞ്ഞുതിരിയുന്നു. മാനവവികസനസൂചിക 0.289. ആയിരത്തില്‍ നുറുകുട്ടികള്‍ പോഷകരാഹിത്യംമൂലം ജനിച്ചയുടന്‍ മരിച്ചുപോകുന്ന നാടാണ്. ഒരു നേരമെങ്കിലും ആഹാരം കഴിക്കാന്‍ കഴിയാത്തവര്‍ 77 ശതമാനത്തിലധികം.
പോഷകാഹാരക്കുറവുമൂലം കുട്ടികള്‍ എല്ലും തോലുമായി പേക്കോലങ്ങളാണ്. പൊതുസമ്പദ് വ്യവസ്ഥയോ സ്വന്തം നാണയമോപോലും ഇല്ലാതിരുന്ന സൊമാലിയ 2013 വരെ മറ്റു ലോകരാഷ്ട്രങ്ങളുമായി ഒരുവിധത്തിലും സഹകരിക്കാന്‍ തയാറല്ലായിരുന്നു. അതതുപ്രദേശത്തെ സൈനികമേധാവികളായിരുന്നു അവരവരുടെ മതവിശ്വാസമനുസരിച്ചു ഭരണംനടത്തിയിരുന്നത്. തങ്ങളുടെ വരുതിക്കു നില്‍ക്കാത്ത ജനങ്ങളെ അവര്‍ അടിച്ചമര്‍ത്തുകയും ചെയ്തു. 2013ല്‍ താല്‍ക്കാലിക ഭരണകൂടം അധികാരത്തില്‍ വന്നെങ്കിലും ഇന്നും രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണ്. അരാജകത്വം കൊടികുത്തിവാഴുന്ന സൊമാലിയയില്‍ തെരഞ്ഞെടുപ്പുപോലും നടക്കുന്നില്ല.
കൊള്ളക്കാരുടെ സ്വന്തംരാജ്യം
ലോകത്തിലെ ഏറ്റവും പാവപ്പെട്ടതും വര്‍ഗീയലഹള മൂലം ഏറ്റവുംകൂടുതലാളുകള്‍ കൊല്ലപ്പെടുന്നതുമായ രാജ്യമാണു സൊമാലിയ. ഇതുകൂടാതെ, സൊമാലിയയ്ക്കുമാത്രം അവകാശപ്പെടാന്‍ ഒരു റെക്കോര്‍ഡ് കൂടെയുണ്ട്. ലോകത്തെ കപ്പലല്‍ജീവനക്കാരെയും യാത്രക്കാരെയും വിറപ്പിച്ചുകൊണ്ടിരിക്കുന്ന കടല്‍കൊള്ളക്കാരുടെ സ്വന്തംരാജ്യമാണത്. ഇന്ത്യന്‍ മഹാസമുദ്രമാണു പ്രധാനമായും ഇവരുടെ വിഹാരകേന്ദ്രം.
1969ല്‍ മുഹമ്മദ് ഫാറെയുടെ സര്‍ക്കാരിനെ താഴെയിറക്കിയതു മുതലാണ് അരാജകത്വവും കടല്‍ക്കൊള്ളയും വ്യാപകമായത്. ഐക്യരാഷ്ട്രസംഘടനകള്‍ തങ്ങളുടെ കഴിവിനനുസരിച്ചു പ്രവര്‍ത്തിച്ചിട്ടുപോലും അവിടെ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. അമേരിക്ക തോക്കേന്തിയ സൈനികരെ അയച്ചുവെങ്കിലും നാട്ടുകാര്‍ നിരവധി സൈനികരുടെ ജീവനെടുത്തതോടെ അമേരിക്കയും തോല്‍വി സമ്മതിച്ചു തിരിച്ചുപോയി.
സോമാലിയയെ രക്ഷിക്കാന്‍ അയല്‍രാജ്യമായ കെനിയ പത്തുവര്‍ഷം പരിശ്രമിച്ചു. അവര്‍ക്കും തോല്‍വി സമ്മതിക്കേണ്ടിവന്നു. സൊമാലിയയിലെ പ്രാദേശികനേതാക്കള്‍ സമ്മതിക്കാത്തതുകൊണ്ടാണു കെനിയ പിന്‍വാങ്ങിയതെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ സൊമാലിയയെന്ന രാജ്യത്തെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എഴുതി തള്ളി.
ദരിദ്രരാഷ്ട്രം
കിഴക്കേ ആഫ്രിക്കയില്‍ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭൂഭാഗത്തു സ്ഥിതിചെയ്യുന്ന രാജ്യമാണു സൊമാലിയ. ശിലായുഗത്തില്‍ത്തന്നെ രൂപംകൊണ്ട സോമാലിയയെന്ന രാഷ്ട്രം ഇസ്‌ലാമികമതപ്രചാരണത്തില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. ഖുറൈശിഗോത്രത്തില്‍നിന്നു രക്ഷതേടി അന്നു സൊമാലിയയിലെത്തിയ മുസ്‌ലിംകള്‍ക്കു രക്ഷാകേന്ദ്രമായിരുന്നു അന്ന് ഈ നാട്. ഇസ്‌ലാമികചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയസംഭവമായിരുന്നു അത്. 1150 മുതല്‍ 1250 വരെ ഉള്ള കാലഘട്ടം സോമാലിയയില്‍ അഭിവൃദ്ധിയുടെയും സമ്പന്നതയുടെയും കാലമായിരുന്നെന്നു പറയപ്പെടുന്നു.
പത്തൊമ്പതാംനൂറ്റാണ്ടില്‍ യൂറോപ്യന്‍ ശക്തികള്‍ ആഫ്രിക്കയുടെ ഐക്യത്തെ വിഭജിക്കാന്‍ വന്നെത്തി. ഈ സംഭവം അന്നത്തെ ദെര്‍വിഷ് നേതാവായിരുന്ന മുഹമ്മദ് അബ്ദുള്ള ഹസനെ പ്രകോപിപ്പിച്ചു. അദ്ദേഹം സോമലിയയെ സംരക്ഷിക്കാന്‍ ബ്രിട്ടീഷ് ശക്തികളുമായി യുദ്ധംപ്രഖ്യാപിച്ചു. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കെതിരേ നടത്തിയ, സോമാലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടുനിന്ന യുദ്ധമായിരുന്നു അത്.
ഏറെ യുദ്ധങ്ങള്‍ക്കൊടുവില്‍ ദെര്‍വിഷ് ബ്രിട്ടീഷ് ശക്തിക്കുമുന്നില്‍ കീഴടങ്ങി. എന്നാല്‍ ,പിന്നീടു കാണുന്നത് ഇറ്റാലിയന്‍ ശക്തികള്‍ സോമാലിയയെ ലക്ഷ്യമിടുന്നതാണ്. അങ്ങനെ സൊമാലിയ ബ്രിട്ടീഷ് സോമാലിയ എന്നും ഇറ്റാലിയന്‍ സോമാലിയ എന്നും രണ്ടായി വിഭജിക്കപ്പെട്ടു. രണ്ടാംലോകമഹായുദ്ധത്തിന് ഒടുവില്‍ ബ്രിട്ടന്‍ ഈ രണ്ടു പ്രവിശ്യകളുടെയും അധികാരമേറ്റെടുത്തു. പിന്നീട് സ്വാതന്ത്ര്യം നേടിയ ആ രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്നു.
1960ല്‍ സോമാലിയ സ്വാതന്ത്ര്യം നേടിയതോടെ ബ്രിട്ടീഷ് ഇറ്റാലിയന്‍ ശക്തികള്‍ രാജ്യം വിട്ടു. പക്ഷേ, ഒന്നും ബാക്കിവയ്ക്കാതെയായിരുന്നു അവരുടെ കുടിയൊഴിയല്‍. ഇത്രയേറെ രാഷ്ട്രങ്ങളും സര്‍ക്കാരും പരിശ്രമിച്ചിട്ടും എന്തേ സൊമാലിയയ്ക്കു വിശക്കുന്നുവെന്നത് ഉത്തരംകിട്ടാചോദ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു.
85,000 ത്തിലധികംപേര്‍ കൊടുംപട്ടിണിയില്‍
സോമാലിയയില്‍ 85,000 ത്തിലധികം ആളുകള്‍ കൊടുംപട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. യു.എന്‍ പ്രത്യേകസമിതി നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. 2011ല്‍ സോമാലിയയില്‍ കൊടുംദാരിദ്ര്യം അനുഭവപ്പെട്ടിരുന്നു. അതിനുശേഷം യു.എന്നിന്റെയും ചില മനുഷ്യാവകാശസംഘടനകളുടെയും ഇടപെടലിനെത്തുടര്‍ന്നു സ്ഥിതിഗതികളില്‍ മാറ്റംവന്നെങ്കിലും ഭക്ഷണ ലഭ്യതക്കുറവു പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പട്ടിണിയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ മരിച്ചുവീഴുന്ന സോമാലിയയുടെ ദൈന്യതയാര്‍ന്ന ചിത്രം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സൊമാലിയ മനുഷ്യരാശിയുടെ നാണക്കേടാണ്.
ആഫ്രിക്കന്‍ രാജ്യം, തലസ്ഥാനം മെഗദിഷു
മൊഗദിഷു ആണ് സോമാലിയയുടെ തലസ്ഥാനം. ബെനാദിരിന്റെ തീരത്തുള്ള ഈ സ്ഥലം ദശാബ്ദങ്ങളായി ഒരു പ്രസിദ്ധമായ തുറമുഖമാണ്. മൊഗദിഷുവെന്ന പേരുവന്നത് മഖ്ആദ്ഉ ഷാ വാക്കില്‍ നിന്നാണ്, അര്‍ഥം ഷായുടെ ഇരിപ്പിടം. ഇസ്‌ലാമിക രാഷ്ട്രമായ സോമാലിയയില്‍ ഒരു ചെറിയ വിഭാഗം ക്രിസ്ത്യാനികളും ഉണ്ട്. ആകെ ജനസംഖ്യ 1.2 കോടി. ഇതില്‍ പത്തുലക്ഷം പേര്‍ക്ക് അടിയന്തിര ഭക്ഷ്യസഹായം ആവശ്യമാണ്.
2015ലെ യു.എന്‍ കണക്കുപ്രകാരം ഇവിടെത്തെ പത്തുലക്ഷം പേര്‍ അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്നു. ലോകത്ത് ഏറ്റവുംകൂടുതല്‍ പോഷകഹാരക്കുറവുള്ള രാജ്യമാണു സൊമാലിയ. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ എട്ടിലൊരാള്‍ കടുത്തപോഷകഹാരക്കുറവു നേരിടുന്നു. പലരും അകാലമരണമടയുന്നു. ഈവര്‍ഷം ഡിസംബറാകുന്നതോടെ രാജ്യത്തെ 17 ശതമാനം ആളുകള്‍കൂടി കൊടും ദാരിദ്ര്യത്തിലേയ്ക്കു തള്ളപ്പെടും. സൊമാലിയും അറബിക്കുമാണ് സോമാലിയയുടെ രാഷ്ട്ര ഭാഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."