ബിഹാര്‍ വെടിവയ്പ് കേസ്: കൊലപാതകിയുടെ പിതാവ് കോടീശ്വരന്‍; സൈക്കിള്‍ മോഷണത്തില്‍ തുടക്കം
പട്‌ന: തന്റെ എസ്.യു.വിയെ മറികടന്നതിന് ആദിത്യ സച്‌ദേവയെന്ന കൗമാരക്കാരനെ നിര്‍ദാക്ഷിണ്യം വെടിവച്ചുകൊന്ന റോക്കിയാദവിന്റെ പിതാവ് ബിന്ദേശ്വരി പ്രസാദ് യാദവെന്ന ബിന്ദിക്ക് അധോലോക ബന്ധവും ശക്തമായ രാഷ്ട്രീയ പിടിപാടുമുണ്ടെന്ന് നാട്ടുകാര്‍. 1980കളില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിമാറിയ ഗുണ്ടയായിരുന്നു ഇയാള്‍. ഗയയില്‍ സൈക്കിള്‍ മോഷണക്കേസില്‍ അറസ്റ്റിലായിട്ടുള്ള ക്രിമിനലായിരുന്നു ഇയാള്‍.
ബിഹാറില്‍ നിലനിന്നുപോരുന്ന കാട്ടുനീതിയുടെയും അക്രമവാഴ്ചയുടെയും ഉത്തമോദാഹരണമാണിയാള്‍.
1990കളില്‍ മറ്റൊരു ഗുണ്ട ബച്ചുവുമായി ചേര്‍ന്ന് മൂന്നുവര്‍ഷത്തോളം ഗയയെ കിടുകിടെ വിറപ്പിച്ചു. ബിന്ദിയ, ബച്ചു എന്ന കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നിരവധി പേരെ വകവരുത്തി വസ്തുവകകള്‍ സ്വന്തമാക്കി. സര്‍ക്കാരായി ലാലുപ്രസാദ് യാദവിന്റെ വാഴ്ചക്കാലമായതിനാല്‍ പരാതിക്കും നിര്‍വാഹമുണ്ടായിരുന്നില്ല. അക്രമം തഴച്ചുവളര്‍ന്ന കാലത്ത് സുരേന്ദ്രയാദവ്, രാജേന്ദ്രയാദവ്, മഹേശ്വര്‍യാദവ്, ബിന്ദി, ബച്ചു എന്നിവര്‍ അധോലോകം രൂപീകരിക്കുകയായിരുന്നു. ലാലുവിന്റെ കൈപ്പിടിക്കും അകലെ അവര്‍ വളര്‍ന്നതോടെ നിലയ്ക്കു നിര്‍ത്താന്‍ ശക്തമായ നടപടികളുമായി നിഷ്പക്ഷരും കരുത്തരുമായ ജില്ലാ മജിസ്‌ട്രേറ്റിനെയു എസ്.പിയെയും ഗയയില്‍ നിയമിച്ചു. അതോടെ ബിന്ദിയുടെയും ബച്ചുവിന്റെയും അക്രമം അവസാനിച്ചു.
ഇതോടെയാണ് രാഷ്ട്രീയമില്ലെങ്കില്‍ അക്രമം വാഴില്ലെന്ന തിരിച്ചറിവുണ്ടായത്. തുടര്‍ന്ന് ലാലുപ്രസാദിന്റെ ആര്‍.ജെ.ഡിയില്‍ ചേര്‍ന്ന് അക്രമിയില്‍ നിന്നു രാഷ്ട്രീയക്കാരനിലേക്ക് വളര്‍ന്നു. 2005ല്‍ ടിക്കറ്റു കിട്ടാഞ്ഞതിനെ തുടര്‍ന്ന് സ്വതന്ത്രനായി ആര്‍.ജെ.ഡിക്കെതിരേ നിയമസഭയിലേക്ക് മത്സരിച്ചു തോറ്റു. 2010ല്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായപ്പോള്‍ ഇയാള്‍ക്കെതിരേ 18 ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. അന്നും തോറ്റതോടെ നിതീഷ്‌കുമാറിനൊപ്പമായി. പ്രതിഛായ വേണ്ടിയിരുന്ന നിതീഷ് ഇയാളെ അറസ്റ്റ് ചെയ്യാനുത്തരവിട്ടു. എ.കെ 47 തോക്ക്, സെല്‍ഫ് ലോഡിങ് റൈഫിള്‍, 4000 വെടിയുണ്ട എന്നിവ പിടിച്ചു. മാവോയിസ്റ്റ് ബന്ധമുള്ള ഇയാള്‍ നക്‌സല്‍ മേഖലകളില്‍ സര്‍ക്കാര്‍ വികസന പദ്ധതികള്‍ ഏറ്റെടുത്തു. അതോടെ പണക്കാരനായി. കൊലപാതകമുള്‍പ്പെടെ 11 കേസുകളാണിയാള്‍ക്കെതിരേ നിലവിലുള്ളത്.
ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയത്തില്‍ വഴിമുട്ടിച്ചതോടെയാണ് ഭാര്യ മനോരമാ ദേവിയെ എം.എല്‍.സി ആക്കിയത്. ഭാര്യയുടെ പേരില്‍ കാര്യങ്ങളെല്ലാം നടത്തുന്നത് ഇയാളായിരുന്നു.
ഇന്ന് ഗയ, ബുദ്ധ്ഗയ, ഡല്‍ഹി എന്നിവിടങ്ങളിലായി ബിസിനസ് മാളുകള്‍, ഹോട്ടലുകള്‍ 15 പെട്രോള്‍ പമ്പുകള്‍ എന്നിവ ഇയാള്‍ക്കുണ്ട്. റോഡ് നിര്‍മാണം, കണ്‍സ്ട്രക്ഷന്‍, മദ്യം തുടങ്ങിയ ബിസിനസുകളുമുണ്ട്.
മകന്‍ ഒന്നരക്കോടിയുടെ വണ്ടിയില്‍ യാത്ര ചെയ്ത് പത്തുലക്ഷത്തിന്റെ തോക്കുപയോഗിച്ച് വധിച്ചെങ്കില്‍ ഈ ക്രിമിനലിന്റെ സന്ദേശം ആണ് അതിനു വഴികാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."