നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടോ? ഇനി വെബ്‌സൈറ്റിലൂടെ അറിയാം
കോഴിക്കോട്: നഗരത്തില്‍ എവിടെയെങ്കിലും ട്രാഫിക് ബ്ലോക്കോ ഗതാഗതനിയന്ത്രണമോ ഉണ്ടെങ്കില്‍ വെബ്‌സൈറ്റിലൂടെ അറിയാം. സിറ്റി ട്രാഫിക് പൊലിസിന്റെ ആഭിമുഖ്യത്തിലാണ് ട്രാഫിക് ജാമുകളെക്കുറിച്ചും മറ്റും പൊതുജനങ്ങളെ അറിയിക്കാന്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കം. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരുപരിധി വരെ രക്ഷനേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പലപ്പോഴും നഗരത്തില്‍ ട്രാഫിക് ബ്ലോക്കുള്ളതറിയാതെ യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയിലാകാറുണ്ട്. നിലവില്‍ നഗരത്തിലെവിടെയെങ്കിലും പൊതുസമ്മേളനങ്ങളോ, വി.വി.ഐ.പി സന്ദര്‍ശനങ്ങളോ ഉണ്ടാകുമ്പോള്‍ നേരത്തെ ഗതാഗതനിയന്ത്രണം പത്രങ്ങളിലൂടെ അറിയിക്കാറാണ് പതിവ്. എന്നാല്‍ പലപ്പോഴും ഇത് എല്ലാവരിലുമെത്താറില്ല. പ്രതിഷേധ പ്രകടനങ്ങളും മറ്റും നടക്കുമ്പോള്‍ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. ഇനി നഗരത്തില്‍ എന്തെങ്കിലും പ്രത്യേക പരിപാടികള്‍ നടക്കുമ്പോള്‍ വെബ്‌സൈറ്റില്‍ നോക്കിയാല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നും ഇതിലൂടെ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ നേരത്തെയുള്ള ക്രമീകരണങ്ങള്‍ മാത്രമായിരിക്കും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. പിന്നീട് അപ്പപ്പോഴുള്ള ട്രാഫിക് ബ്ലോക്കുകള്‍ കൂടി അപ്‌ലോഡ് ചെയ്യും.
അടുത്തഘട്ടത്തില്‍ ജനങ്ങളുടെ പരാതികള്‍ വെബ്‌സൈറ്റിലൂടെ കേള്‍ക്കാനും അതിനു പരിഹാരമുണ്ടാക്കാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പാര്‍ക്കിങ് പ്രശ്‌നങ്ങളും അതോടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."