പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തടസപ്പെടാന്‍ സാധ്യത
നെടുമ്പാശ്ശേരി: പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത കരാറുകാര്‍ക്ക് കഴിഞ്ഞ നാല് മാസത്തോളമായി സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മാണം മുടങ്ങാന്‍ സാധ്യതയേറി. കോട്ടപ്പുറം കായലില്‍ നിന്നും പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി പെരിയാറിനു കുറുകെ കരുമാല്ലൂര്‍-കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിരമ്മാണം പുരോഗമിക്കുന്നത്. ഓരുവെള്ളം കയറുന്നത് തടയുന്നതിനായി ഓരോ വര്‍ഷവും താല്‍ക്കാലികമായി നിര്‍മ്മിച്ചുവന്നിരുന്ന മണല്‍ ബണ്ടിന് പകരമായാണ് സ്ഥിരം സംവിധാനം എന്ന നിലയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം മഴയുടെ ലഭ്യത കുറവായതിനെ തുടര്‍ന്ന് പെരിയാറിലേക്ക് ഓരുവെള്ളം കയറി തുടങ്ങി. തടയണക്കിപ്പുറം ഏകദേശം രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ കോവാട് ഭാഗം വരെ ഉപ്പ് വെള്ളം എത്തിയതായാണ് റിപ്പോര്‍ട്ട്. ഉപ്പ് വെള്ളം കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തുന്നതോടെ ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ആലുവ ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തെയും ഇത് ഗുരുതരമായി ബാധിക്കും. വ്യവസായിക ആവശ്യത്തിനും പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ പല കമ്പനികളും താര്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയവയ്‌ക്കേണ്ടി വരും. നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മ്മാണം തടസ്സപ്പെടുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നത്.
നിര്‍മാണ കമ്പനിയിലെ പല ജോലിക്കാര്‍ക്കും കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭ്യമായിട്ടില്ല. 2015 ഏപ്രില്‍ 19ന് ആരംഭിച്ച നിര്‍മാണം അതിവേഗമാണ് പുരോഗമിച്ചത്. 2017 ജൂലൈയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അടുത്ത ഡിസംബറിന് മുന്‍പ് റെഗുലേറ്ററിന്റെ നിര്‍മാണമെങ്കിലും പൂര്‍ത്തിയാക്കാനായാല്‍ താല്‍കാലിക മണല്‍ ബണ്ട് ഒഴിവാക്കാമെന്ന ഇറിഗേഷന്‍ അധികൃതരുടെ അഭ്യര്‍ഥനയനുസരിച്ചാണ് നിര്‍മാണം വേഗത്തിലാക്കിയത്. പെരിയാറിലേക്ക് ഓരുവെള്ളം കയറിതുടങ്ങിയതിനാല്‍ റെഗുലേറ്റര്‍ നിര്‍മാണം വൈകുന്നത് ജില്ലയിലെ കാര്‍ഷിക, വ്യാവസായിക, കുടിവെള്ള മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിക്ക് വഴിതുറക്കും.
ഇത് തിരിച്ചറിയാവുന്ന അധികൃതര്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി .100 കോടി രൂപ ചിലവിലാണ് റെഗുലേറ്റര്‍ കം ബ്രിഡജിന്റെ നിര്‍മ്മാണം. ഓരോ മാസത്തെയും ബില്‍ തുക ഒരു മാസത്തിനകം തന്നെ അനുവദിച്ചു നല്‍കിയാണ് നിര്‍മാണം വേഗത്തിലാക്കിയിരുന്നത്. കഴിഞ്ഞ നാല് മാസത്തോളമായി 25 കോടിയോളം രൂപയാണ് മാറികിട്ടാനുള്ളത്. മുന്‍ സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച പദ്ധതി നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് നമ്പര്‍ 16 പ്രകാരം ഇറിഗേഷന്‍ വകുപ്പുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിര്‍മാണ ചിലവില്‍ 68 കോടി രൂപ നബാര്‍ഡ് വായ്പയും ബാക്കി 32 കോടി രൂപ പൊതുമരാമത്ത് വകുപ്പുമാണ് നല്‍കേണ്ടത്.
പൊതുമരാമത്ത് വകുപ്പ് നല്‍കേണ്ട തുകയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ബില്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്ന് മാത്രമാണ് ഇറിഗേഷന്‍ അധികൃതരുടെ വിശദീകരണം. എല്ലാ വര്‍ഷവും 70 ലക്ഷത്തോളം രൂപ ചെലവാക്കി താല്‍കാലിക മണല്‍ ബണ്ട് കെട്ടിയാണ് ഉപ്പുവെള്ളത്തെ തടഞ്ഞിരുന്നത്. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ കര്‍ഷകരുടെയും നാട്ടുകാരുടേയും പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് വാഹന ഗതാഗത സൗകര്യത്തോടെ സ്ഥിരം ബണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാലത്തിന്റെ തൂണുകള്‍ക്കിടയില്‍ 24 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്.
ഇതില്‍ ആറെണ്ണം സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ളത് രണ്ടാഴ്ച്ചക്കകം സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. ഒരു മാസത്തിനകം റെഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിക്കല്‍കൂുടി 70 ലക്ഷം രൂപ ചിലവില്‍ താല്‍ക്കാലിക മണല്‍ ബണ്ട് നിര്‍മിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാരന്‍ രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട്.
പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുന്നുകര, മാഞ്ഞാലി ഭാഗത്ത് നിന്നുള്ളവര്‍ക്ക് വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍ റോഡിലേക്ക് എത്തുന്നതിനും ആലങ്ങാട് ഭാഗത്ത് നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, അങ്കമാലി, മാള എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.ഇത്കൂടി കണക്കിലെടുത്താണ് തടയണക്കൊപ്പം പാലം കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."