ഡീസല്‍ ലഭിച്ചില്ല; ബത്തേരി, കല്‍പ്പറ്റ ഡിപ്പോകളില്‍ നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ റദ്ദാക്കി
കല്‍പ്പറ്റ സുല്‍ത്താന്‍ ബത്തേരി: യഥാസമയം ഡീസല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ബത്തേരി ഡിപ്പോ, കല്‍പ്പറ്റ സബ് ഡിപ്പോ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വിസുകളാണ് റദ്ദാക്കിയത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിക്കേണ്ടിയിരുന്ന 29 സര്‍വിസുകളാണ് ബത്തേരിയില്‍ മുടങ്ങിയത്. ദിനംപ്രതി രാവിലെ 70ഓളം സര്‍വിസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 46ഓളം സര്‍വിസുകള്‍ മാത്രമാണ് ഇന്നലെ രാവിലെ നടത്തിയത്. ലോറി ചുരത്തില്‍ കേടായതിനെത്തുടര്‍ന്നാണ് ഡീസല്‍ എത്തിക്കാന്‍ സാധിക്കാതിരുന്നതെന്ന് ബത്തേരി ഡിപ്പോ അധികൃതര്‍ പറഞ്ഞു. പിന്നീട് താമരശ്ശേരിയില്‍ നിന്നും ഡീസല്‍ എത്തിച്ച് ഉച്ചയോടെയാണ് സര്‍വിസുകള്‍ തുടങ്ങിയത്. ദീര്‍ഘദൂര സര്‍വിസുകളൊന്നും മുടങ്ങിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതിദിനം അന്‍പതോളം സര്‍വിസുകളാണ് കല്‍പ്പറ്റ് സബ് ഡിപ്പോ നടത്തുന്നത്. ഡീസല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ 18 സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. കര്‍ണാടകയില്‍ നിന്നാണ് കല്‍പ്പറ്റ ഡിപ്പോയിലേക്ക് ഡീസല്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഡീസല്‍ നല്കിയ ഇനത്തില്‍ പമ്പ് ഉടമകള്‍ക്ക് വന്‍തുക കുടിശ്ശിക ആയതോടെ പമ്പ് ഉടമകള്‍ ഡീസല്‍ വിതരണം നിര്‍ത്തുകയായിരുന്നു. മറ്റു ബസുകളിലെ ഡീസല്‍ ഉപയോഗിച്ചാണ് ഇന്നലെ സര്‍വിസുകള്‍ നടത്തിയത്. ആറു ലക്ഷത്തോളം രൂപയാണ് കല്‍പ്പറ്റ് ഡിപ്പോയിലെ പ്രതിദിന വരുമാനം. സര്‍വീസുകള്‍ മുടങ്ങിയതോടെ ഇതും ഗണ്യമായി കുറഞ്ഞു. കൂടാതെ ഇന്നലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ സര്‍വിസുകള്‍ റദ്ദ് ചെയ്തതോടെ 11 മണിയോടെ മടങ്ങുകയായിരുന്നു. ഉച്ചയോടെ എറണാകുളത്ത് നിന്ന് ഡീസല്‍ എത്തിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാര്‍ മടങ്ങിയതോടെ സര്‍വീസുകള്‍ പൂര്‍ണമായി നടത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഉച്ചക്ക് ശേഷം സര്‍വീസ് സാധാരണ നിലയിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ടക്ടര്‍മാരുടെ ഒഴിവ് നികത്താതും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള സംവിധാനം നിലച്ചതും സര്‍വിസുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."