ഇന്ധനവില വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം
തൃശൂര്‍: ഇന്ധനവില വര്‍ധിപ്പിച്ചതില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. അടിക്കടിയുണ്ടാകുന്ന വിലവര്‍ധന താങ്ങാനാവാത്തതാണെന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഡീസല്‍വില വര്‍ധന പിന്‍വലിക്കണമെന്ന് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടു.
ഡീസലിന്റെ വില വര്‍ധിപ്പിച്ചത് ബസ് സര്‍വിസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഡീസല്‍ ചാര്‍ജ് വര്‍ധനക്കു ആനുപാതികമായി ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം, ഇന്‍ഷുറന്‍സ്, സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവക്കും അറ്റകുറ്റപ്പണികള്‍ക്കും കഴിഞ്ഞ രണ്ടര വര്‍ഷംകൊണ്ട് വന്ന വര്‍ധനക്കു പുറമേ ബസിന്റെ ചേയ്‌സിനു ഏഴു ലക്ഷം രൂപയുടെയും ബസ് ബോഡി നിര്‍മാണത്തിനു മൂന്നു ലക്ഷം രൂപയുടെയും വര്‍ധനയാണുണ്ടായത്. പ്രവര്‍ത്തന ചെലവിനു ആനുപാതികമായി വിദ്യാര്‍ഥികളുടെയടക്കം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ ബസ് സര്‍വിസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ് പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പെട്രോള്‍ ലിറ്ററിനു ഒരു രൂപ 34 പൈസയും ഡീസലിനു രണ്ടു രൂപ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിനു കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഡീസല്‍ വിലയില്‍ കഴിഞ്ഞ മൂന്നു തവണ നേരിയ ഇളവ് വരുത്തിയശേഷം ഇപ്പോള്‍ വര്‍ധിപ്പിക്കുകയാണു ചെയ്തത്.
ഇന്ധനവിലവര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്കും കാരണമാകുമെന്ന് കച്ചവടക്കാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."