കോട്ടകളുടെ നാട്ടില്‍ കാണാനേറെയുണ്ട്
കോട്ടകളുടെ നാടാണ് കാസര്‍കോട്. ചെറുതും വലുതുമായ പുരാതന സംസ്‌കൃതിയുടെ ഉദാത്ത മാതൃകകളുമായ നിരവധി കോട്ടകളുള്ള നാടാണ് കാസര്‍കോട്. എന്നാല്‍ കോട്ടകള്‍ കൊണ്ടു മാത്രമല്ല, കാസര്‍കോടിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശ്രദ്ധേയമാവുന്നത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് രണ്ടു ദിവസം കൊണ്ടു കടലും കായലും കരയും മലയോരവും കണ്ടു മടങ്ങാനുള്ള അത്യപൂര്‍വ സൗകര്യം കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ്. അറബിക്കടലിന്റെ അഴകിന്‍ ചാരുതയും അതിനോടു ചേര്‍ന്നു കിടക്കുന്ന ബേക്കല്‍, ചന്ദ്രഗിരി കോട്ടകളും കവ്വായി കായലടക്കമുള്ള കായലുകളുടെ വശ്യഭംഗിയും ആസ്വദിച്ച് കരകയറുന്നവര്‍ക്കു കാണാന്‍ റാണിപുരവും വീരമലകുന്നും കാഞ്ഞങ്ങാട് കോട്ടയും മലയോര-വന കാഴ്ചകള്‍ ആവോളം പകര്‍ന്നു നല്‍കുന്നു.
കോട്ടകളുടെ നെടും കാഴ്ചകളാണ് ബേക്കല്‍ കോട്ട കാട്ടിത്തരുന്നത്. കായലിന്റെ സൗന്ദര്യം നുകരാനും ഹൗസ്‌ബോട്ടുകളില്‍ തങ്ങാനും വലിയപറമ്പ് കായലുണ്ട്. പ്രകൃതിയെ അറിയാനും ട്രക്കിങിനും റാണിപുരം - കോട്ടഞ്ചേരി ഹില്‍സ്റ്റേഷനുകളും ധാരാളം. ആത്മീയ യാത്രകള്‍ക്കായി ബേളപള്ളി-അനന്തപുരം ക്ഷേത്രവും മാലിക്ദിനാര്‍ പള്ളിയും സഞ്ചാരികളെ വിളിക്കുകയാണ്. സപ്തഭാഷാ സംഗമ ഭൂമിയിലെത്തുന്നവര്‍ സഞ്ചരിക്കേണ്ട വഴികളിലൂടെയാണ് ഇന്നു ' വടക്കന്‍ കാറ്റ് ' വീശുന്നത്.
കവ്വായി കായല്‍ മുതല്‍ ഹൊസങ്കടി ജൈന ക്ഷേത്രം വരെ
ബേക്കല്‍ കോട്ട
കാസര്‍കോട്ടെത്തുന്ന ഏതൊരു സഞ്ചാരിക്കും ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനാവാതെ മടങ്ങാനാവില്ല. 35 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കോട്ടയും തൊട്ടുമുന്നിലെ അറബിക്കടലും ഇവിടെയെത്തുന്നവരുടെ മനം കവരുന്നു. 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു. 1763ല്‍ ഹൈദരലി കോട്ട കീഴടക്കി. ഹൈദരലിക്കു ശേഷം ടിപ്പു സുല്‍ത്താന്‍ ബേക്കല്‍ കോട്ടയെ പ്രധാന സൈനിക താവളമാക്കി. 1792ല്‍ കോട്ടയും സമീപപ്രദേശങ്ങളും ബ്രിട്ടീഷുകാര്‍ കൈയടക്കി.
കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്‌ലിം പള്ളിയും പ്രവേശ കവാടത്തില്‍ തന്നെ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. കേന്ദ്ര ആര്‍ക്കിയോളജി ഡിപാര്‍ട്ടുമെന്റാണ് ബേക്കല്‍ കോട്ട സംരക്ഷിക്കുന്നത്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് സന്ദര്‍ശന സമയം.
കാപ്പില്‍ ബീച്ച്
ബേക്കല്‍ കോട്ടയില്‍ നിന്നും കേവലം ഏഴു കിലോമീറ്റര്‍ മാത്രം അകലെയാണ് കാപ്പില്‍ ബീച്ച്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് കാപ്പില്‍ ബീച്ചിലേക്ക് വരാം. അധികം ജനത്തിരക്കില്ലാതെ കാണപ്പെടുന്ന ശാന്ത സുന്ദരമായ ബീച്ചില്‍ ആഴം കുറഞ്ഞ കടലാണ്. ബീച്ചിന്റെയും അറബിക്കടലിന്റെയും മനോഹര കാഴ്ച്ച കാണാന്‍ സമീപമുള്ള കോടിക്കുന്ന് കയറിയാല്‍ മതി.
വീരമലക്കുന്ന്
കാസര്‍കോട് നഗരത്തില്‍ നിന്നും 58 കിലോമീറ്റര്‍ അകലെയുള്ള ചെറുവത്തൂരിലാണ് വീരമല. വിശാലമായി കുന്നില്‍ ഒരു സായാഹ്നം ചെലവിടുന്നത് ആനന്ദകരമായിരിക്കും. വീരമല കയറിയാല്‍ കരിയങ്ങോട് പുഴ കാണാം. 18-ാം നൂറ്റാണ്ടില്‍ പണിത ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ കുന്നിലുണ്ട്. ദേശീയപാത 17ലെ ചെറുവത്തൂരിലേക്ക് നീലേശ്വരത്തു നിന്നും 12 കിലോമീറ്ററാണ് ദൂരം. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീരമലക്കുന്നിലേക്ക് രണ്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം.
റാണിപുരം മലനിരകള്‍
കാസര്‍കോട്ടെ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് റാണിപുരം. മാടത്തുമല എന്നാണ് പഴയ പേര്. മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ മലമ്പ്രദേശമായ റാണിപുരം സമുദ്രനിരപ്പില്‍നിന്നും 750 മീറ്റര്‍ (2,460 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. റാണിപുരത്തെ മാനിമല കാസര്‍കോട്ടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. ട്രക്കിങിന് മാനിമലയേക്കാള്‍ മികച്ച സ്ഥലം ജില്ലയില്‍ ഇല്ല. ട്രെക്കിങിന് പ്രധാനമായും രണ്ട് പാതകള്‍ വനത്തിലൂടെയുണ്ട്, മിക്കപ്പോഴും ആനയിറങ്ങുന്ന പാതകളാണിത്. റാണിപുരത്തു നിന്നും മാനിമലയിലേക്കുള്ള ട്രക്കിങ് ഏകദേശം ഒന്നര മണിക്കൂര്‍ നീളും. ഈ പാതകളിലെ പ്രകൃതി സൗന്ദര്യം അനുഭവിച്ചറിയേണ്ടതാണ്.
പക്ഷിനിരീക്ഷകര്‍ ധാരാളമായി റാണിപുരത്ത് എത്താറുണ്ട്. 200ല്‍ അധികം ഗണത്തില്‍പെട്ട പക്ഷികള്‍ റാണിപുരം മലകളിലുണ്ട്. രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയ ഉരഗങ്ങളും ഇവിടെയുണ്ട്. താഴ്‌വരകളുടെയും പുല്‍മേടുകളുടെയും മലമുകളില്‍ നിന്നുള്ള കാഴ്ച സുന്ദരമാണ്. റാണിപുരത്ത് ട്രക്കിങിന് ആഗ്രഹിക്കുന്നുവെങ്കില്‍ ഒക്ടോബര്‍-മാര്‍ച്ച് മാസമാണ് ഏറ്റവും അനുയോജ്യം. പശ്ചിമഘട്ട മലനിരകളിലൊന്നായ റാണിപുരം ഹില്‍സ് പനത്തടി റിസര്‍വ് ഫോറസ്റ്റിന്റെ ഭാഗമാണ്. കര്‍ണാടകത്തിലെ തലക്കാവേരി വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന റാണിപുരം മലയില്‍ നിന്നുള്ള കുടക് മലകളുടെ കാഴ്ച മനോഹരമാണ്.
ഹോസ്ദുര്‍ഗ് താലൂക്കിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡില്‍ പനത്തടിയില്‍ നിന്നും 10 കി.മീ ആണ് റാണിപുരത്തേക്ക് ദൂരം. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്ക് ബസ്, ജീപ്പ് സര്‍വിസുകള്‍ ലഭ്യമാണ്.
കോട്ടഞ്ചേരി മലനിരകള്‍
കാസര്‍കോട് ജില്ലയിലെ കൊന്നക്കാടിനു സമീപമുള്ള പശ്ചിമഘട്ട മലനിരകളാണ് കോട്ടഞ്ചേരി ഹില്‍സ് എന്നറിയപ്പെടുന്നത്. കാഞ്ഞങ്ങാടു നിന്നും 30 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള മലയോര പട്ടണമാണ് കൊന്നക്കാട്. കോട്ടഞ്ചേരിമല, കൂമ്പന്‍മല, പന്ന്യാര്‍മല, കാന്തന്‍പാറ തുടങ്ങിയവയാണ് കോട്ടഞ്ചേരിയിലെ ആകര്‍ഷണങ്ങള്‍. സാഹസിക ട്രക്കിങിന് ജില്ലയിലെ അനുയോജ്യമായ സ്ഥലമാണിവ. കൂമ്പന്‍മലയില്‍ നിന്നും കുടക് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം. മരങ്ങള്‍ തീരെ കുറഞ്ഞ പുല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് പന്ന്യാര്‍ മല. കൊന്നാക്കാട്ടു നിന്നും എട്ടു കിലോമീറ്റര്‍ ദൂരം മല കയറേണ്ടതുണ്ട്. ട്രക്കിങിന് ഗാര്‍ഡ് കൂടെയില്ലെങ്കില്‍ യാത്ര ദുഷ്‌കരമാകും. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മാലോം പട്ടണത്തില്‍ നിന്നും കൊന്നക്കാട്ടേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ.
കാഴ്ചകള്‍ പിന്നെയും ബാക്കി
കാഞ്ഞങ്ങാട് കോട്ട എന്നും അറിയപ്പെടുന്ന ഹോസ്ദുര്‍ഗ് കോട്ട, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള നീലേശ്വരം കൊട്ടാരം, കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മായിപ്പാടി കൊട്ടാരം, ചെമ്പ് പാളികളുടെ മേല്‍ക്കൂരയും കൊത്തളങ്ങളും ഉള്‍പ്പെട്ട മികച്ച വാസ്തുവിദ്യയുമായി സ്ഥിതിചെയ്യുന്ന മധുവാഹിനിപ്പുഴയുടെ തീരത്തെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ചുവര്‍ചിത്രങ്ങളും തടിയില്‍ തീര്‍ത്ത ശില്‍പങ്ങളും നിറഞ്ഞ പ്രാചീനമായ മഡിയന്‍ കുലോം ക്ഷേത്രം, കരയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കടല്‍പ്പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാണ്ഡ്യന്‍ കല്ല്. വിനോദസഞ്ചാര രംഗത്ത് കുതിച്ചുച്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയിലെ കാഴ്ച്ചകള്‍ ഇനിയും അനവധിയാണ്.
ബേക്കല്‍ പാര്‍ക്ക്
ബേക്കല്‍ കോട്ടയുടെ തെക്കു വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. 10 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പാര്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപേലെ ആസ്വദിക്കാനും വിശ്രമിക്കാനും ദിവസം മുഴുവന്‍ ചെലവിടാനും പര്യാപ്തമാണ്. പാര്‍ക്കില്‍ കുതിര സവാരിക്കുള്ള സൗകര്യമുണ്ട്. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
നിത്യാനന്ദാശ്രമം
നിത്യാനന്ദ സ്വാമി സ്ഥാപിച്ച നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്. ഒരു പാറ തുരന്നുണ്ടാക്കിയ 43 ഗുഹകളാണ് പ്രശസ്ത ധ്യാനകേന്ദ്രം കൂടിയായ ഈ ആശ്രമത്തിന്റെ പ്രത്യേകത. നേരത്തെ വനപ്രദേശമായിരുന്ന ഇവിടെ 1923-1927 വര്‍ഷങ്ങളിലാണ് നിത്യാനന്ദ സ്വാമിയും ശിഷ്യരും 43 ഗുഹകള്‍ നിര്‍മിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം പാറയുടെ മുകളില്‍ ആശ്രമം നിര്‍മിച്ചു. പാറക്കുള്ളിലെ 43 ഗുഹകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തണുപ്പ് കാലത്ത് ഗുഹകള്‍ക്കുള്ളില്‍ ഇളം ചൂടും, ചൂടു കാലത്ത് ഗുഹകളില്‍ തണുപ്പും അനുഭവപ്പെടുന്നു. ഗുഹകളില്‍ ഇരുന്ന് ഭക്തര്‍ക്ക് ധ്യാനിക്കാം. മിക്ക ഗുഹകളിലും കനത്ത ഇരുട്ടാണ്. 2006ല്‍ ഗുഹകള്‍ അറ്റകുറ്റപ്പണി നടത്തുകയുണ്ടായി.
ആശ്രമം സന്ദര്‍ശിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ദിവസവും അന്നദാനമുണ്ട്. നിത്യാനന്ദ സ്വാമികളുടെ പഞ്ചലോഹത്തില്‍ തീര്‍ത്ത പ്രതിമ ഇവിടെയുണ്ട്. വര്‍ഷം തോറും നടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്താറ്. കാസര്‍കോട് നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ ആണ് കാഞ്ഞങ്ങാട്ടേക്കുള്ള ദൂരം.
വലിയപറമ്പ് കായല്‍
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായലാണിത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം വരെ ഈ കായല്‍ വ്യാപിച്ചു കിടക്കുന്നു. ഉത്തര കേരളത്തിലെ വേമ്പനാട് എന്നും അറിയപ്പെടുന്ന വലിയപറമ്പ് കായല്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. ചെറിയ ദ്വീപ് സമൂഹങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്. ദ്വീപുകളില്‍ ഏറ്റവും വലുതാണ് വലിയപറമ്പ്. നാലു നദികളാണ് വലിയപറമ്പ് കായലില്‍ ചേരുന്നത്. കവ്വായിക്കായലിലെത്തിയാല്‍ ദൂരെ നാവിക ഏഴിമല അക്കാദമി കാണാം. കായലിലെ സവാരിക്കായി ഹൗസ് ബോട്ടുകളും ചെറിയ ബോട്ടുകളും തോണികളും ലഭ്യമാണ്. ദിവസം മുഴുവനും തങ്ങാവുന്ന വിവിധ പാക്കേജുകള്‍ ഹൗസ്‌ബോട്ടുകള്‍ നല്‍കുന്നുണ്ട്. കായലിലെ സായാഹ്ന യാത്ര മറക്കാനാവാത്ത അനുഭവമാണ്. ചെറു തുരുത്തുകളും കായലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
കാസര്‍കോട് ഭാഗത്തു നിന്നും വരുന്നവര്‍ കാലിക്കടവിലോ തൃക്കരിപ്പൂരിലോ ഇറങ്ങി ആയിട്ടി ബോട്ട് ജെട്ടിയിലെത്തിയാല്‍ വലിയപറമ്പിലേക്കുള്ള യാത്രാബോട്ട് കിട്ടും. കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത കൊറ്റി ബോട്ട് ജെട്ടിയിലെത്തിയാല്‍ വലിയപറമ്പിലേക്ക് യാത്രാബോട്ട് കിട്ടും.
അഴിത്തല പുലിമുട്ട്
നീലേശ്വരം അഴിത്തല പുലിമുട്ട് ജില്ലയിലെ ടൂറിസം പദ്ധതിയുടെ സുപ്രധാന കേന്ദ്രമായി മാറുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ അഗ്രോ-അക്വാ ടൂറിസം പദ്ധതിയാണ് ഇവിടെ ഒരുങ്ങുന്നത്. റോഡ് ലൈറ്റിങ്, ജങ്കാര്‍ സര്‍വിസ്, ആര്‍ട്ടിഫിഷ്യല്‍ പോണ്ട്, ഗാര്‍ഡന്‍ ഹാച്ചറി, അസ്തമയം കാണാനുള്ള സൗകര്യം എന്നിവ അഴിത്തല ടൂറിസം വില്ലേജിലുണ്ടാകും. തീര്‍ഥാടന ടൂറിസത്തിനും പേരുകേട്ടതാണ് നീലേശ്വരം. കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്, തൈക്കടപ്പുറം നടുവില്‍ പള്ളി, നീലേശ്വരം തളിയില്‍ ക്ഷേത്രം, മന്നന്‍ പുറത്ത് കാവ്, നല്ല ഇടയന്‍ തീര്‍ഥാടന കേന്ദ്രം, ചായ്യോത്ത് അല്‍ഫോന്‍സാമ്മ തീര്‍ഥാടന കേന്ദ്രം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടത്. നീലേശ്വരത്തു നിന്നും അഴിത്തല പുലിമുട്ടിലേക്ക് നാലു കിലോമീറ്റര്‍ ദുരമുണ്ട്. സ്വകാര്യ ബസുകളുടെ സര്‍വിസുണ്ട്. കോട്ടപ്പുറം-തൈക്കടപ്പുറം ഹൗസ് ബോട്ടു സര്‍വിസുണ്ട്.
ചന്ദ്രഗിരിക്കോട്ട
ബേക്കല്‍ കോട്ടയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രഗിരിക്കോട്ട. 17-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ചന്ദ്രഗിരിക്കോട്ടക്ക് ഏഴു ഏക്കറോളം വിസ്തൃതിയുണ്ട്. കോട്ടയുടെ പലഭാഗങ്ങളും ഇപ്പോള്‍ തകര്‍ന്നിട്ടുണ്ട്. കോട്ടയുടെ മുകളില്‍ നിന്നുള്ള ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും കാഴ്ച മനോഹരമാണ്. ജില്ലയിലെ ഏറ്റവും നീളമുള്ള നദിയാണ് ചന്ദ്രഗിരിപ്പുഴ. പുഴയില്‍ ബോട്ടിങിന് സൗകര്യമുണ്ട്. കാസര്‍കോട് ടൗണില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രമേയുള്ളൂ ചന്ദ്രഗിരിക്കോട്ടയിലേക്ക്.
പൊസഡിഗുംപെ
മനോഹരമായ കുന്നിന്‍പുറമാണ് പൊസഡിഗുംപെ. സമുദ്രനിരപ്പില്‍ നിന്നും 488 മീറ്ററോളം (1600 അടി) ഉയരത്തിലാണ് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ കുന്നിന്‍പുറം. ഇവിടെനിന്നും നോക്കിയാല്‍ കര്‍ണാടകത്തിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ കുദ്രെമുഖും മംഗലാപുരത്തിനടുത്ത് അറബിക്കടലും കാണാം. കര്‍ണാടകയോട് അടുത്തുകിടക്കുന്ന ഈ കുന്നിന്‍പുറം പൈവളിഗെ പഞ്ചായത്തിലെ ധര്‍മ്മത്തട്കയിലാണ്. കാസര്‍കോട് നിന്നും സീതാംഗോളി-പുത്തിഗെ റൂട്ടിലൂടെ 34 കി.മീ. ആണ് പൊസഡിഗുംപെയിലേക്കുള്ള ദൂരം.
ജൈനക്ഷേത്രം
12-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ജൈനക്ഷേത്രം മഞ്ചേശ്വരം ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഹൊസങ്കടിയിലാണ്. വലിയ മതിലിനകത്തെ ക്ഷേത്രത്തിന് നാലു വശത്തും പ്രവേശ കവാടമുണ്ട്. ഏതാനും ജൈനമതസ്ഥര്‍ ഈ പ്രദേശത്ത് താമസിക്കുന്നു. കാസര്‍കോട് ടൗണില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് മഞ്ചേശ്വരം. ഹൊസങ്കടിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
അനന്തപുരം തടാക ക്ഷേത്രം
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം ക്ഷേത്രം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രവും തടാകവും രണ്ടര ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സംരക്ഷിക്കുന്നതിനായി തടാകത്തില്‍ ഒരു മുതലയുണ്ടെന്നാണ് വിശ്വാസം. മുതലക്ക് എല്ലാ ദിവസവും നിവേദ്യ ഊട്ടുണ്ട്. ജാതിഭേദമില്ലാതെ നിരവധി സഞ്ചാരികള്‍ അനന്തപുരം ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നു. കാസര്‍കോട് നിന്നും ഉളിയത്തടുക്ക വഴി 10 കിലോമീറ്ററാണ് അനന്തപുരം ക്ഷേത്രത്തിലേക്കുള്ള ദൂരം. കുമ്പള ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരവും.
മാലിക് ദീനാര്‍ പള്ളി
ഇസ്‌ലാമിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ മാലിക് ദീനാറും 22 അനുയായികളും ആദ്യമായി നിര്‍മിച്ച പള്ളികളിലൊന്നാണിത്. മാലിക് ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന തളങ്കര മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി സ്ഥാപിതമായിട്ട് 1412 വര്‍ഷം കഴിഞ്ഞു. ചരിത്രപ്രാധാന്യമുള്ള മസ്ജിദ് സന്ദര്‍ശിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് എത്തുന്നത്. കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് മസ്ജിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."