മൂന്നും ചൊല്ലി അകറ്റപ്പെടേണ്ട മുസ്‌ലിം ബുദ്ധിജീവികള്‍
വിവാഹമോചനത്തിന്റെ മതവും യുക്തിയും 2
മതത്തില്‍ സൂക്ഷ്മത ഒരു പുണ്യ ഗുണമാണ് . വിവാഹവും ദാമ്പത്യവും തോന്നിയത് പോലെ നടത്തി ജീവിച്ച് , പിന്നീട് വിവാഹമോചനത്തിന്റെ കാര്യത്തില്‍ മാത്രം ഇസ്‌ലാമിനെ വലിച്ച് കൊണ്ടുവരുന്നത് കൊണ്ടാണ് ചില അവ്യക്തതകള്‍ ബാക്കിയാകുന്നത് എന്ന് ചില ഹരിതപ്പെണ്‍കുട്ടികള്‍ അറിഞ്ഞേപറ്റൂ.
വിവാഹമോചനം, ബഹുഭാര്യത്വം, പര്‍ദ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരക്കാര്‍ മുസ്‌ലിം നിയമത്തിനെതിരേ തിരിയുന്നതിനെ ജനാധിപത്യപരമായി ന്യായീകരിക്കാം. മുസ്‌ലിം വ്യക്തിനിയമം മൗലികാവകാശമാണെന്നതുപോലെ ഭേദഗതിക്കുള്ള സാധ്യതയാരായാല്‍ ഭരണഘടന അനുവദിക്കുന്ന മാര്‍ഗരേഖയുമാണ്. രണ്ടുപക്ഷത്തിനും നിയമപരമായി മുന്നോട്ടു പോകാനുള്ള വിശാലത നിയമവഴികള്‍ക്കുണ്ട്. പക്ഷെ, ഇവ്വിഷയങ്ങളില്‍ ഇതരപ്രത്യയ ശാസ്ത്രങ്ങള്‍ എന്തുപറയുന്നുവെന്ന ചര്‍ച്ച ഇവിടെ നടക്കുന്നില്ല. ഇസ്‌ലാം ഒരു സക്രിയമതമാണെന്നതാണ് ഇതിന്റെ ഒരു കാരണം. പക്ഷെ സെക്യുലര്‍ ആക്ടിവിസ്റ്റുകള്‍ അത് അംഗീകരിക്കുന്നത് അല്ലല്ലോ.
ബ്രാഹ്മണ സവര്‍ണത്തിന്റെ ബൈബിളായ മനുസ്മൃതി 9-81പറയുന്നയ് ഇങ്ങനെയാണ്;
വന്ധ്യാഷ്ടമേധി വേദ്യാബ്ദേ ദേശമേതുമൃതപ്രജാ
ഏകാദശേ സ്ത്രീജനീ സത്യസ്ത്വപ്രിയ വാദിനീ (മനുസ്മൃതി 9:81).
(മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവല്‍സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയെ മനുസ്മൃതി അവതരിപ്പിക്കുന്നത് ഇതിനേക്കാള്‍ മാരകമായാണ്.
കാമം തുക്ഷ പയേ ദ്ദേഹം പുഷ്പ മൂല ഫലൈഃ ശുഭൈഃ
ന തു നാമാഭി ഗൃഹ്ണീ യാത്പത്യൌ പ്രേത പരസ്യതു
ആസീതാ മരണാല്‍ ക്ഷാന്താ നിയതാ ബ്രഹ്മചാരിണീ
യോ ധര്‍മ്മ ഏകപത്‌നീ നാം കാംക്ഷന്തീ തമനുത്തമം (5:157, 158).
ഭര്‍ത്താവ് മരണപ്പെട്ട ശേഷം കിഴങ്ങ്, ഫലം, മുതലായ ആഹാരങ്ങള്‍ മാത്രം കഴിച്ച് ദേഹത്തെ ശോഷിപ്പിക്കണം അവള്‍. കാമാര്‍ത്തിയോടെ മറ്റൊരു പുരുഷന്റെ പേര് ഉച്ചരിക്കരുത്. ഭര്‍ത്താവ് മരിച്ചാല്‍ മധുപാനം വെടിഞ്ഞ് ധ്യാനനിരതയായി പതിവ്രതയായി ഇരിക്കേണ്ടതാവുന്നു അവള്‍ )
പുരാതനകൃതികളെ അടിസ്ഥാനപ്പെടുത്തി ഇന്ന് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന വാദം ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ശരിയല്ല. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ ഏകസിവില്‍ കോഡിന് വേണ്ടി കോടതിയില്‍ സത്യവാങ്മൂലവും നിയമകമ്മിഷന്റെ ചോദ്യാവലികളും തയാറാക്കിയ കേന്ദ്രഭരണകൂടം ദേശീയത, ദേശീയപ്രതീകങ്ങള്‍, ദേശീയആഘോഷങ്ങള്‍ തുടങ്ങിയവയെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ മനുസ്മൃതിയെ ഉദ്ധരിക്കുന്നവരും ഉച്ചരിക്കുന്നവരുമാണ്. ഇയ്യിടെ മുംബൈയില്‍ സമാപിച്ച കേന്ദ്രശാസ്ത്രപരിഷത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രബന്ധാവതരണങ്ങളില്‍ വേദങ്ങളിലെ പരാമര്‍ഷങ്ങള്‍ സൂചിപ്പിച്ചു ഐതിഹ്യങ്ങളെ പോലും ശാസ്ത്രീയമാക്കാന്‍ ശ്രമം നടന്നിരുന്നത് വലിയ വിവാദമായിരുന്നു. സംഘ്പരിവാറിനെ എതിര്‍ക്കുന്ന ബുദ്ധിജീവികളും മുസ്‌ലിം വിമര്‍ശനത്തിന്റെ കാര്യത്തില്‍ മുക്കൂട്ട് മുന്നണിയുണ്ടാക്കുന്ന ചിത്രമാണ് ഒടുവില്‍ കണ്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രമെന്നപേരില്‍ കടന്നുവന്ന കമ്മ്യൂണിസം ഇതേക്കുറിച്ച് പറയുന്നതും ഒട്ടും വിഭിന്നമല്ല. മാര്‍കിസ്റ്റ് ആചാര്യന്മാര്‍ തന്നെ സംസാരിക്കട്ടെ. 'ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല ; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.' (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍ , മൂന്നാം വാള്യം; പുറം-319). ഇ.എം.എസ് ചിന്താവാരികയില്‍ എഴുതിയതും ഇതേപ്രകാരം. പരസ്പര ഇണക്കം നഷ്ടപ്പെട്ടാല്‍ നിരുപാധികം വിവാഹമോചനവും പുനര്‍ വിവാഹവും ആകാം എന്നും ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാനുള്ള വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു (ചിന്ത-നവംബര്‍-25-1983). കമ്മ്യൂണിസ്റ്റ് താത്വിക വിശദീകരണങ്ങളിലെല്ലാം സ്ത്രീ ഉപഭോഗവസ്തുവാണ്. ഇതേ ഇ.എം.എസും പരിവാരങ്ങളും മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണമെന്നതില്‍ അന്ധമായ സഖ്യവുമായിരുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പേരുകളേ മാറുന്നുള്ളൂ; വേരുകള്‍ക്ക് മാറ്റമേയില്ല.
ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനം നടക്കുന്നത് മുസ്‌ലിം രാഷ്ട്രങ്ങളിലാണ്. കേരളത്തില്‍ കുറവ് മലപ്പുറത്തും കൊല്ലം ജില്ലയിലുമാണ്. കുടുംബ കോടതിയില്‍ പരാതി കുറവും അവിടെ തന്നെ. പക്ഷെ ചിത്രീകരണങ്ങള്‍ നേരെ മറിച്ചാണ്. അതേ സമയം പരിഷ്‌കൃത രാജ്യങ്ങളിലും സമൂഹങ്ങളിലും ഇവ രണ്ടും അനിയന്ത്രിതമാണ്. ഹോളിവുഡ്, ബോളിവുഡ് ലോകങ്ങളില്‍ വിവാഹം പോലൊരു ചടങ്ങാണ് വിവാഹമോചനവും . മലയാള താരജോഡികള്‍ വേര്‍പിരിഞ്ഞവാര്‍ത്തകള്‍ മാസത്തിലൊന്നുവീതം കേള്‍ക്കേണ്ടി വരുന്നു.
നിയമം മുഖേന നിരോധിച്ചിട്ടും ഉത്തരേന്ത്യന്‍ ഗോത്രസമൂഹങ്ങളില്‍ ജാതിയുടെ പേരിലുള്ള വിവാഹമോചനങ്ങളും ഗാര്‍ഹികപീഡനങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സവര്‍ണ-അവര്‍ണ തരം തിരിവ് കാരണത്താല്‍ രാജ്യത്ത് ലക്ഷക്കണക്കിന് കീഴാള യുവതികള്‍ സുമംഗലികളാവാനാവാതെ കണ്ണീരും കിനാവുമണിഞ്ഞ് നില്‍ക്കുന്നു.
വിദ്യാഭ്യാസവും മറ്റ് യോഗ്യതകളുമൊക്കെയുണ്ടെങ്കിലും പിറന്ന നാളിന്റെയും നക്ഷത്രത്തിന്റെയും ഭാഗ്യദോഷം ആരോപിക്കപ്പെട്ട് ആഗ്രഹിക്കുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനാകാതെ അടിച്ചമര്‍ത്തപ്പെടുന്നവരുമുണ്ട് ധാരാളം. ആ ജീവനാന്തപാതിവൃത്യം ആവശ്യമായ ദേവദാസി സമ്പ്രദായം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണെന്ന് പറയാനാവുമോ. ക്രിസ്തീയ സഹോദരിമാരിലെ സ്വേഷ്ടപ്രകാരം നിത്യകന്യകത്വം തിരഞ്ഞെടുത്ത് കര്‍ത്താവിന്റെ മണവാട്ടിത്വം സ്വീകരിക്കുന്നതിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് സെക്യുലര്‍ നിരൂപകര്‍ക്ക് ഒന്നും പറയാനുണ്ടാവാറില്ല. മുസ്‌ലിം പര്‍ധയ്‌ക്കെതിരേ കുതിരകയറുന്നവര്‍ കന്യാസ്ത്രീകളുടെ പര്‍ധയ്‌ക്കെതിരേ മിണ്ടാറുമില്ല. അതണിയുന്ന ഇരു വിഭാഗത്തിനും പ്രശ്‌നങ്ങളില്ല. പക്ഷെ, പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ഒരു വിഭാഗത്തിന്റെ ചുമലില്‍ കെട്ടിവച്ചാലേ ചിലര്‍ക്ക് ഉറക്കം വരികയുള്ളൂ എന്നതാണിപ്പോള്‍ കാര്യം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."