പകരം മന്ത്രിയെ ചൊല്ലി ഊഹാപോഹങ്ങള്‍ തുടരുന്നു
സി.കെ ശശീന്ദ്രനെ പരിഗണിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: ഇ.പി ജയരാജന്‍ രാജിവച്ച ഒഴിവിലേക്കു പുതിയ മന്ത്രിയെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു. സുരേഷ്‌കുറുപ്പ്, എം.സ്വരാജ്, എസ്. ശര്‍മ, രാജു എബ്രഹാം, എം.എം മണി എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ഇതില്‍ മുന്‍നിരയില്‍ സുരേഷ്‌കുറുപ്പിന്റെ പേരാണുള്ളത്. എം.സ്വരാജ്, എം.എം മണി എന്നിവരെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഇതിനകം എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. എം.സ്വരാജിന്റേയും എം.എം മണിയുടേയും വിവാദപരമായ പ്രസംഗങ്ങള്‍ അവര്‍ക്കു തിരിച്ചടിയാവും.
പൊതുവേ സ്വീകാര്യനായ സുരേഷ്‌കുറുപ്പിനെ കൊണ്ടുവരുന്നതില്‍ ഭൂരിപക്ഷത്തിനും സമ്മതമാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാല്‍ ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണിയാണ് മന്ത്രി സ്ഥാനത്തിന് അര്‍ഹന്‍. എന്നാല്‍ വിവാദങ്ങളാണ് അദ്ദേഹത്തിന് വിനയാകുന്നത്. വി.എസ് പക്ഷക്കാരനെന്ന നിലയിലാണു എസ്.ശര്‍മയുടെ സാധ്യത ഇല്ലാതാകുന്നത്. സുരേഷ് കുറുപ്പിനെ സാംസ്‌കാരിക മന്ത്രിയാക്കി എ.കെ ബാലനെ വ്യവസായവകുപ്പ് ഏല്‍പ്പിക്കാനും സാധ്യത തെളിയുന്നുണ്ട്.
ഇതേസമയം സി.കെ ശശീന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. മാതൃകാ കമ്മ്യൂണിസ്റ്റായി ലളിതജീവിതം പിന്‍തുടരുന്ന ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന് സി.പി.എം അണികളില്‍നിന്നാണ് അഭ്യര്‍ഥന. വയനാട്ടിലെ ആദിവാസികളുടേയും സാധാരണക്കാരുടേയും പ്രിയങ്കരനായ ശശീന്ദ്രന്‍ മന്ത്രിയായാല്‍ പാര്‍ട്ടിയുടെ ഇമേജ് വര്‍ധിക്കുമെന്ന് സി.പി.എം അണികളില്‍ ചിലര്‍ വിശ്വസിക്കുന്നു.
മന്ത്രിസ്ഥാനത്തെചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ തുടരവെ ജയരാജന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരുമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ചില നേതാക്കള്‍ രഹസ്യമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സ്വജനപക്ഷപാതം പകല്‍പോലെ വ്യക്തമായ സാഹചര്യത്തില്‍ ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും തിരികെ മന്ത്രിസഭാ പ്രവേശനം അസാധ്യമാവും.
ഇതിനിടെ ജയരാജനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നു സംസ്ഥാന കമ്മറ്റിയിലേക്ക് തരംതാഴ്ത്തുമെന്ന പ്രചാരണവും ശക്തമാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ ശക്തമായ നപടി സ്വീകരിക്കുന്ന പാര്‍ട്ടി ജയരാജനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന നിലപാടിലാണു കേന്ദ്ര നേതാക്കള്‍. എന്നാല്‍ നടപടി ശാസനയില്‍ ഒതുങ്ങാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."